സെപ്റ്റംബര്‍ എട്ടിനാണ് 17 വയസുകാരിയായ പെണ്‍കുട്ടി സന്ദീപിനെതിരെ പരാതി നല്‍കിയത്. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സന്ദീപിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ താരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതിയും ഉത്തരവിട്ടിരുന്നു.
22 വയസുകാരനായ സന്ദീപ് നേപ്പാളിലെ ഏറ്റവും മൂല്യമേറിയ താരമാണ്. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരത്തിനെതിരെ കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ താന്‍ എത്രയും പെട്ടെന്ന് നേപ്പാളിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു താരം പറഞ്ഞത്.
എന്നാല്‍ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ രാജ്യത്തേക്ക് മടങ്ങിയെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
‘തെറ്റായ ആരോപണങ്ങളും മോശമായി ചിത്രീകരിച്ചതും എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഞാന്‍ സ്വയം ഒറ്റപ്പെടുത്തുകയാണിപ്പോള്‍. ഡോക്ടറുടെ സഹായത്തോടെ ഞാന്‍ പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുകയാണ്.
എനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്നും എന്റെ നിരപരാധിത്വം തെളിയിക്കാനും ഞാന്‍ ഉടന്‍ നേപ്പാളിലേക്ക് മടങ്ങിയെത്തും,’ സന്ദീപിന്റെ പോസ്റ്റില്‍ പറയുന്നു.
ഐ.പി.എല്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍), ബിഗ് ബാഷ് ലീഗ് (ബി.ബി.എല്‍) തുടങ്ങി ലോകത്തിലെ പ്രമുഖ ഫ്രാഞ്ചൈസി ലീഗുകളിലെല്ലാം താരം കളിച്ചിട്ടുണ്ട്.
നേപ്പാള്‍ ദേശീയ ടീമിനായി 30 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളും 41 അന്താരാഷ്ട്ര ടി-20 മത്സരങ്ങളും സന്ദീപ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ നിന്നും 69 വിക്കറ്റും ടി-20യില്‍ 85 വിക്കറ്റുമാണ് താരം കരസ്ഥമാക്കിയത്.