World News
ഇന്ത്യയേയോ പാകിസ്ഥാനെയോ അനുകൂലിക്കുന്നില്ല; ബംഗ്ലാദേശില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് ഹസീനയെ താഴെയിറക്കിയ വിദ്യാര്‍ത്ഥി സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 08:54 am
Saturday, 1st March 2025, 2:24 pm

ധാക്ക: കഴിഞ്ഞ വര്‍ഷം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കാനുള്ള പ്രക്ഷോഭത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍.സി.പി) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരില്‍ നിന്ന് അടുത്തിടെ രാജിവച്ച നഹിദ് ഇസ്‌ലാം ആണ് നേതാവ്. പുതിയ ബംഗ്ലാദേശ് സ്ഥാപിക്കുമെന്നാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന വാഗ്ദാനം.

ബംഗ്ലാദേശിലെ മൊത്തം ജനസംഖ്യയുടെ ഭൂരിഭാഗവും യുവജനങ്ങളായതിനാല്‍, എന്‍.സി.പി ഇവരെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.
ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ബി.ബി.എസ്) പ്രകാരം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 57 ശതമാനത്തോളം 29 വയസിന് താഴെയുള്ളവരാണ്. അവരില്‍ത്തന്നെ 15 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍. ഈ പ്രായത്തിലുള്ളവരുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തിലധികമാണ്.

തലസ്ഥാനമായ ധാക്കയിലെ പാര്‍ലമെന്റ് മന്ദിരത്തിന് തെക്ക് ഭാഗത്തായി മണിക് മിയ അവന്യൂവില്‍ ആയിരക്കണക്കിന് യുവാക്കളാണ് പാര്‍ട്ടി രൂപീകരണത്തിനായി ഒത്തുകൂടിയത്. അവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. എന്‍.സി.പി ഒരു ലിബറല്‍ പാര്‍ട്ടിയായിരിക്കുമെന്നാണ് നേതാക്കളുടെ വിശദീകരണം.

‘ഞങ്ങള്‍ക്ക് ഐക്യവും സമത്വവും വേണം. ഞങ്ങള്‍ ഇന്ത്യ അനുകൂലികളോ പാകിസ്ഥാന്‍ അനുകൂലികളോ അല്ല, ബംഗ്ലാദേശി ജനതയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ ബംഗ്ലാദേശ് നിര്‍മിക്കും,’ നേതാവ് നഹിദ് ഇസ്‌ലാം പറഞ്ഞു, ‘

‘ഭാവി ബംഗ്ലാദേശിനെക്കുറിച്ചുള്ള ഒരു സ്വപ്നം ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. വിഭജനത്തിലൂടെ ബംഗ്ലാദേശിനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചന ഞങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഫാസിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ സ്ഥാപനങ്ങളെ നശിപ്പിച്ചു,’ ഇസ്‌ലാം കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ശേഷം 2024 ഓഗസ്റ്റില്‍ നഹിദ് ഇസ്‌ലാമിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിഷേധത്തിനിടെ 1,400 പേര്‍ വരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതോടെ 76കാരിയായ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് രൂപീകരിച്ചു.

ദിവസങ്ങള്‍ക്കകം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്‌.

ജനങ്ങള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പരസ്പരം ചെളിവാരിയെറിയുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ബംഗ്ലാദേശിന്റെ പരമാധികാരം അപകടത്തിലാകുമെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ആര്‍മി ചീഫ് ജനറല്‍, വക്കര്‍-ഉസ്-സമാന്‍ പറഞ്ഞിരുന്നു.

Content Highlight: Neither favors India nor Pakistan; The youth organization which overthrew Hasina formed a new party in Bangladesh