കാവിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന യോഗി
National Politics
കാവിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന യോഗി
നേഹ ദീക്ഷിത്
Thursday, 24th February 2022, 7:15 pm
ബി.ജെ.പിക്ക് ഭരണം ലഭിച്ച1998 പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 26കാരനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗം, പേര് അജയ് സിങ് ഭിഷ്ട് എന്ന യോഗി ആദിത്യനാഥ്. 1998 മുതല്‍ 2017 വരെ അഞ്ച് തവണ തുടര്‍ച്ചയായി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്ന് എം.പിയായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സജീവ മതനേതാവ് ഇത്തരമൊരു ഉന്നത സ്ഥാനത്തേക്ക് എത്തിപ്പെടുന്നത്. എങ്ങനെവേണം ഒരു സമഗ്രാധിപത്യ ഹിന്ദുരാഷ്ട്രം എന്നതുസംബന്ധിച്ച ഒരു ചട്ടക്കൂടിനും അതിനിടയില്‍ യോഗി രൂപം നല്‍കി. സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ പാര്‍ലമെന്റംഗവുമായ സുഭാഷിണി അലിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, 'മൂല്യങ്ങളെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തയില്ലാത്ത, അധികാരം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയമോഹികള്‍ക്ക് ആദിത്യനാഥിന്റെ രാഷ്ട്രീയ സഞ്ചാരപഥം ഒരു മാതൃകാ പാഠപുസ്തകമാണ്. തരിമ്പ് വികസനം നല്‍കാതെ വര്‍ഗീയവിഷം മാത്രം വിളമ്പി അനുയായികളെയും ജനക്കൂട്ടത്തെയും ഒപ്പം നിര്‍ത്താനാകുമെന്ന് അയാള്‍ തെളിയിച്ചിരിക്കുന്നു'.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ഇറങ്ങിത്തിരിച്ചവരെന്ന് കരുതപ്പെടുന്ന വലതുപക്ഷ ഹിന്ദുത്വ ദേശീയവാദ സംഘമായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആദ്യമായി രാജ്യാധികാരം ലഭിക്കുന്നത് 1998ലാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത് പകരം ക്ഷേത്രം നിര്‍മിക്കാനായി സംഘടിത പ്രസ്ഥാനം രൂപവല്‍കരിച്ച് ഒരു പതിറ്റാണ്ട് കൊണ്ടാണ് ആ പാര്‍ട്ടിക്ക് വലിയ കരുത്ത് കൈവന്നത്.

രാജ്യമൊട്ടാകെ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമായ ഈ മുന്നേറ്റത്തിന്റെ ഫലമായി ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ദശലക്ഷക്കണക്കിനാളുകള്‍ക്ക് പരിക്കുകളേല്‍ക്കേണ്ടി വന്നു. എല്ലാത്തിലുമുപരിയായി മതേതര ഇന്ത്യന്‍ റിപബ്ലിക്കിന്റെ ഭാവി ഹിന്ദു മേല്‍കോയ്മാവാദ, വര്‍ഗീയ രാഷ്ട്രീയത്തിന് അനുഗുണമായി രൂപപ്പെടുത്തുകയും ചെയ്തു.

ബി.ജെ.പിക്ക് ഭരണം ലഭിച്ച 1998 പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 26കാരനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗം, പേര് യോഗി ആദിത്യനാഥ്.

19 വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ രാമജന്മഭൂമി തര്‍ക്കം നടക്കുന്ന യു.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ യു.പിക്ക് ദാരിദ്ര്യത്തില്‍ മൂന്നാം സ്ഥാനമാണ്. ഏറ്റവുമധികം അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയക്കുന്ന യു.പിയില്‍ നേട്ടമുണ്ടാക്കുന്നവര്‍ കേന്ദ്രഭരണവും നിയന്ത്രിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

ഉത്തര്‍പ്രദേശിനെ വിഭജിച്ച് രൂപവല്‍കരിച്ച ഉത്തരാഖണ്ഡ് സംസ്ഥാനത്തിലാണ് അജയ് സിങ് ഭിഷ്ട് എന്ന യോഗി ആദിത്യനാഥിന്റെ ജനനം. 22ാം വയസില്‍ ഗണിതശാസ്ത്ര ബിരുദം നേടിയ ശേഷം അജയ് ഗോരഖ് നാഥ് മഠത്തില്‍ ചേര്‍ന്നു. 11ാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധനാണ് ഗോരഖ് നാഥ്. ജില്ലയുടെ പേരും അദ്ദേഹത്തില്‍ നിന്നുണ്ടായതാണ്. വിഗ്രഹാരാധനയില്‍ വിശ്വസിക്കാത്ത, ഏകദൈവത്വം പ്രഘോഷിക്കുന്ന നാഥ് അധ്യപനങ്ങള്‍ നാനാ ജാതി മതസ്ഥരെ ആകര്‍ഷിച്ചു പോന്നു.

ഇപ്പോഴും ഹിന്ദു വര്‍ണാശ്രമ വ്യവസ്ഥയില്‍ നിന്ന് ഭിന്നമായി മഠത്തില്‍ അബ്രാഹ്മണ പൂജാരിയാണുള്ളത്. വിശാലമായ ക്ഷേത്ര വളപ്പില്‍ മഠത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ഗോശാല എന്നിവയെല്ലാം പ്രവര്‍ത്തിച്ചു പോരുന്നു. മഠത്തില്‍ ചേര്‍ന്ന അജയ്, സന്യാസം സ്വീകരിച്ചു. തല മുണ്ഡനം ചെയ്തു, കാഷായ വസ്ത്രമണിഞ്ഞു. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ആത്മീയ ഗുരുവും മഠാധിപതിയുമായ മഹര്‍ഷി അവൈദ്യനാഥിന്റെ പേര് ചേര്‍ത്തു.

മഠത്തിന്റെ ആദ്യകാല പാരമ്പര്യത്തില്‍ നിന്ന് വിഭിന്നമായി ഇക്കഴിഞ്ഞ കാലങ്ങളില്‍ വന്ന മഠാധിപതിമാര്‍ ഗോരഖ്പൂരിനെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു. ഹിന്ദുത്വമെന്നത് ബി.ജെ.പിയുടെ പിതൃസംഘടനയായ, അഡോള്‍ഫ് ഹിറ്റ്‌ലറെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന ആര്‍.എസ്.എസ് പിന്‍പറ്റുന്ന ആദര്‍ശമാണ്. വിഗ്രഹാരാധന ഇല്ലാതിരുന്ന മഠത്തിലിപ്പോള്‍ നിരവധി ഹിന്ദു ദേവന്മാരെ പൂജിക്കുന്നു. മേധാവിമാര്‍ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

നാലുതവണ ഗോരഖ്പൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദിത്യനാഥ് രാമജന്മഭൂമി പ്രസ്ഥാനത്തിലെ ഒരു മുഖ്യകഥാപാത്രമാണ്. മുന്‍ഗാമിയായ ദിഗ്വിജയാനന്ദ് ഗാന്ധി, കൊലപാതകത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട ഹിന്ദു മഹാസഭ അംഗമായിരുന്നു.

1948 ജനുവരി 27ന് ഗാന്ധിജിയെ കൊല്ലാന്‍ പൊതുവേദിയില്‍ വെച്ച് ഹിന്ദുക്കളോട് ആഹ്വാനം ചെയ്തതിന് ഒമ്പതുമാസം ജയിലില്‍ കിടന്നു. ഗാന്ധി ഹത്യയുടെ രണ്ടാം വര്‍ഷം സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ ഇയാളുടെ കുപ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്- തങ്ങള്‍ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ മുസ്‌ലിങ്ങളുടെ വോട്ടവകാശം അഞ്ചുപത്ത് കൊല്ലത്തേക്ക് എടുത്ത് കളയും, എന്ന്. അവര്‍ ദേശീയവാദികളാണോ എന്ന് ഭരണകൂടത്തിന് ഉറപ്പുവരുത്താന്‍ വേണ്ടിയാണത്രേ അത്.

മഠത്തിന്റെ ഭാഗമായ കാലത്തുതന്നെ ആദിത്യനാഥ് കിഴക്കന്‍ യു.പി സംഘടിത കുറ്റകൃത്യങ്ങളില്‍ അമര്‍ന്നതായി ഗോരഖ്പൂരില്‍ നിന്നുള്ള എഴുത്തുകാരന്‍ ഒമൈര്‍ അഹ്മദ് ഓര്‍മിക്കുന്നു. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ഹബ്ബായിരുന്ന ഈ നഗരത്തില്‍ വന്‍തുകക്കുള്ള റെയില്‍വേ കരാറുകള്‍ സംഘടിപ്പിച്ചെടുക്കുന്നതിന് വേണ്ടി ഇടക്കിടെ ഗുണ്ടാ പോരാട്ടങ്ങളുമുണ്ടാവാറുണ്ട്.

തൊഴിലില്ലായ്മയും കുറഞ്ഞ സാമൂഹിക-സാമ്പത്തിക സൂചകങ്ങളുമാണ് ഈ പ്രദേശത്തിന്റെ ക്രിമിനല്‍വല്‍കരണത്തിന് നിമിത്തമായത്. കിഴക്കിന്റെ ഷികാഗോ എന്നാണ് വിളിപ്പേര്. സ്ലൈസ് ഓഫ് സിസിലി എന്നുമുണ്ട് വിശേഷണം. ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ പോരാട്ടം ‘വര്‍ചസ്വാ കി ലഡായി’ എന്നാണ് അറിയപ്പെടുന്നത്; അതായത് പരമാധികാരത്തിനായുള്ള പോരാട്ടം.

അക്കാലത്ത് പൊലീസ് വെടിവെച്ച് കൊന്ന ഗുണ്ടാനായകരില്‍ അധികംപേരും ബ്രാഹ്മണരോ മറ്റ് പിന്നാക്ക ജാതി (ഒ.ബി.സി)കളില്‍ നിന്നുള്ളവരോ ആയിരുന്നു.

ആദിത്യനാഥ് തന്റെ മേല്‍ജാതി ഠാക്കൂര്‍ സ്വത്വം ഉയര്‍ത്തിപ്പിടിച്ചു. തന്റെ മുന്‍ഗാമികളില്‍ നിന്ന് ഭിന്നമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും യുവാക്കളിലുള്ള നിരാശ മുതലെടുത്ത് ഉയരുകയും ചെയ്യുകയായിരുന്നു,” ഒമര്‍ കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹവും പരമാധികാരത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി.

ആദിത്യനാഥ് മഠത്തില്‍ ചേര്‍ന്ന് അഞ്ചു വര്‍ഷമായപ്പോഴേക്ക് അവൈദ്യനാഥ് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു, ആദിത്യനാഥിനെ തന്റെ പിന്‍ഗാമിയും 1998ലെ പൊതു തെരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായി പ്രഖ്യാപിച്ചു. രണ്ടായിരത്തിലേറെ മുസ്‌ലിങ്ങളുടെ ജീവനെടുത്ത 2002ലെ ഗുജറാത്ത് വംശഹത്യ നടന്ന് രണ്ടുമാസം കഴിഞ്ഞ വേളയില്‍ ആദിത്യനാഥ് എം.പിയുടെ നേതൃത്വത്തില്‍ ഹിന്ദു യുവവാഹിനി (എച്ച്.വൈ.വി) എന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സായുധ ഹിന്ദുത്വ സംഘടന ഉടലെടുത്തു.

സംഘടനാ അംഗങ്ങളില്‍ ബഹുഭൂരിഭാഗവും ജോലിയും കൂലിയുമില്ലാതെ നടക്കുന്ന ഹിന്ദു യുവാക്കളായിരുന്നു. അവര്‍ ഒരു സ്വതന്ത്ര തീവ്രഹിന്ദു സമ്മര്‍ദ ഗ്രൂപ്പ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബി.ജെ.പിക്കെതിരെ പോലും ഇടക്ക് സ്ഥാനാര്‍ഥികളെ ഇറക്കിയിരുന്നു അവര്‍.

ഗോ സംരക്ഷണം, ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ എന്ന പേരില്‍ നടത്തുന്ന ഘര്‍വാപ്സി, ലൗ ജിഹാദിനെ ചെറുക്കല്‍ എന്നിവയായിരുന്നു ഇവരുടെ മുഖ്യ അജണ്ടകള്‍. ഇവ നടപ്പാക്കുന്നതിനായി പശുവിനെ അറുത്തുവെന്നാരോപിച്ച് അവര്‍  മുസ്‌ലിങ്ങള്‍ക്ക് മേല്‍ കടന്നുകയറ്റം നടത്തി, ഹിന്ദു-മുസ്‌ലിം ദമ്പതികളെ വേര്‍പെടുത്തി, ഹിന്ദുക്കളെ മതംമാറ്റുന്നുവെന്ന് പ്രചരിപ്പിച്ച് ക്രിസ്ത്യന്‍ പള്ളികളില്‍ കയറി ഭീകരത അഴിച്ചുവിട്ടു.

1998 മുതല്‍ 2017 വരെ അഞ്ച് തവണ തുടര്‍ച്ചയായി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്ന് എം.പിയായി. എങ്ങനെവേണം ഒരു സമഗ്രാധിപത്യ ഹിന്ദുരാഷ്ട്രം എന്നതുസംബന്ധിച്ച ഒരു ചട്ടക്കൂടിനും അതിനിടയില്‍ രൂപം നല്‍കി. ബഹുസ്വര സംസ്‌കാരത്തോട് തരിമ്പ് സഹിഷ്ണുതയുമില്ലാത്ത, പൗരാവകാശങ്ങളെ തീര്‍ത്തും ലംഘിക്കുന്ന, രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്ന ഒരിടം.

ഈ കാലയളവില്‍ ഗോരഖ്പൂര്‍ നിരവധിയായ വര്‍ഗീയ ലഹളകള്‍ക്ക് വേദിയായി. ഗോരഖ്പൂരിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ഹൈന്ദവ ക്ഷേത്രങ്ങള്‍ നിര്‍മിച്ചു, ഹനുമാന്‍ പൂജ എല്ലാ ആഴ്ചയും നടന്നു. ഉര്‍ദുവിലുള്ള സ്ഥലനാമങ്ങള്‍ ഹിന്ദിയിലാക്കി. മിയാ ബസാര്‍ മായാ ബസാറും ഉര്‍ദു ബസാര്‍ ഹിന്ദി ബസാറും അലി നഗര്‍ ആര്യ നഗറുമാക്കി മാറ്റി. 2005ല്‍ ഇറ്റാവയില്‍ 1800 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പരിപാടിക്കും നേതൃത്വം നല്‍കി.

മഠം ഒരു സമാന്തര അധികാര വ്യവസ്ഥയായി മാറി. ഭരണകൂടത്തില്‍ നിന്നും ബാഹ്യമായുമുള്ള എന്ത് പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആളുകള്‍ക്ക് സഹായം നല്‍കാന്‍ തുടങ്ങി. ഹിന്ദു യുവവാഹിനി ജനങ്ങള്‍ക്കിടയില്‍ സജീവമാവുകയും ജനങ്ങളെ പരസ്പരം പോരടിപ്പിച്ച് നിലയുറപ്പിക്കുകയും ചെയ്തതോടെ അവസാനമില്ലാത്ത ഭീകരതയിലേക്കും അതിക്രമങ്ങളിലേക്കും അത് നീങ്ങി.

2017 മാര്‍ച്ചില്‍ മുഖ്യമന്ത്രി പദമേല്‍ക്കുമ്പോള്‍ ആദിത്യനാഥിനെതിരെ വിദ്വേഷഭാഷണം, കൊലപാതകശ്രമം, വര്‍ഗീയ അതിക്രമത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയുള്‍പ്പെടെ 15 ഗുരുതര ക്രിമിനല്‍ കേസുകളുണ്ടായിരുന്നു. അധികാരമേറിയ ശേഷം തനിക്കെതിരായ കേസുകളെല്ലാം അയാള്‍ സ്വയമേവ എഴുതിത്തള്ളി.

അമിത ബലപ്രയോഗത്തിന് ശിക്ഷിക്കപ്പെടുകയല്ല, അതിന്റെ പേരില്‍ അദ്ദേഹം പ്രകീര്‍ത്തിക്കപ്പെടുകയാണുണ്ടായത്. പൊതുജനാരോഗ്യം, സമ്പദ്‌വ്യവസ്ഥ, വികസനം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം മതസ്വത്വത്തിന് മേല്‍കോയ്മ കൈവന്നു. ആദിത്യനാഥിനെ ചുറ്റിപ്പറ്റി അത്തരമൊരു കള്‍ട്ട് തന്നെ രൂപപ്പെട്ടിരിക്കുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സജീവ മതനേതാവ് ഇത്തരമൊരു ഉന്നത സ്ഥാനത്തേക്ക് എത്തിപ്പെടുന്നത്. അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ്, സംസ്ഥാന സെക്രട്ടറിയേറ്റ്, പൊതു കെട്ടിടങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, ബസുകള്‍, റോഡ് ഡിവൈഡറുകള്‍, ടോള്‍ പ്ലാസകള്‍ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളിലെ കര്‍ട്ടനുകള്‍, ടവലുകള്‍, സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ബാഗുകള്‍ എന്നിവക്ക് വരെ കാവി നിറമായി മാറി. എന്തിനേറെ, മുസ്‌ലിം തീര്‍ഥാടകര്‍ക്ക് മക്കയിലേക്കും മദീനയിലേക്കും തീര്‍ഥയാത്ര പോകുവാന്‍ സൗകര്യമൊരുക്കുന്ന സംസ്ഥാന ഹജ് ഹൗസ് പോലും.

കാവി നിറത്തിന് ഹിന്ദുമതത്തില്‍ വിശുദ്ധ പരിവേഷമുണ്ട്. യു.പിയിലെ പൊതു ഇടങ്ങളും സര്‍ക്കാര്‍ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം കാവിമയമാക്കുക വഴി ഭരണകൂടവും മതവും തമ്മിലെ വ്യത്യാസം നേര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നുകൂടെ പറഞ്ഞുവെക്കുന്നുണ്ട്. സമ്പൂര്‍ണ ഹിന്ദുത്വം സമസ്ത മേഖലയിലും അടിച്ചേല്‍പ്പിക്കുന്നതില്‍ തല്‍പരനായ ആദിത്യനാഥ് ബഹുസ്വരതയുടെ കടുത്ത എതിരാളിയുമാണ്.

2008ല്‍ യു.പിയിലെ സിദ്ധാര്‍ഥനഗറില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച ‘വിരാട് ഹിന്ദുചേതനാ റാലി’യില്‍ സംസാരിക്കവെ ഹിന്ദു- മുസ്‌ലിം സംസ്‌കാരങ്ങള്‍ക്ക് ഒരുവിധേനയും സഹവര്‍ത്തിത്തം സാധ്യമല്ലെന്നും ഒരു മതയുദ്ധം അനിവാര്യമാണെന്നുമാണ് യോഗി പ്രഖ്യാപിച്ചത്. ആദിത്യനാഥിന്റെ ഔദ്യോഗിക വെബ്സൈറ്റിലുള്ള ‘ഹിന്ദുക്കള്‍ അപകടത്തില്‍’, ‘ഇസ്‌ലാമിക ഭീകരതയെ കരുതിയിരിക്കുക’ തുടങ്ങി പല ലേഖനങ്ങളും ഇസ്‌ലാം ഭീതി വളര്‍ത്തുന്നവയാണ്.

രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ എഴുത്തുകാരും ശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമുള്‍പ്പെടെ രംഗത്തുവന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം അണിചേര്‍ന്നതിന്റെ പേരില്‍, സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ പാക് ഭീകരന്‍ ഹഫീസ് സെയ്ദുമായി ആദിത്യനാഥ് താരതമ്യം ചെയ്തു. ഹിന്ദു ജനത ഷാരൂഖിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്തു. ഷാരൂഖിനോട് പാകിസ്ഥാനിലേക്ക് പോകുവാനും പറഞ്ഞു.

ഉത്തര്‍പ്രദേശിന്റെ സമന്വയ ഭാവത്തിന് കനത്ത ആഘാതം വരുത്തിയ മുഖ്യമന്ത്രി ആദിത്യനാഥ് 2018 മാര്‍ച്ചില്‍, താനൊരു അഭിമാനിയായ ഹിന്ദുവാണെന്നുംമുസ്‌ലിങ്ങളുടെ ആഘോഷമായ ഈദ് കൊണ്ടാടില്ലെന്നും യു.പി അസംബ്ലിയില്‍ പരസ്യമായി പ്രഖ്യാപിച്ചു. ഗംഗാ-ജമുനാ സംസ്‌കാരം എന്ന് പുകള്‍പെറ്റ യു.പിയുടെ ബഹുസ്വരതാ ജീവിതത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നു അത്.

ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക ഘടകങ്ങളുടെ സമന്വയത്തിന് പേരുകേട്ട നാടായ യു.പിയില്‍ 2011ലെ സെന്‍സസ് പ്രകാരം 19 ശതമാനം ജനങ്ങള്‍ മുസ്‌ലിങ്ങളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതാന്തര കൊടുക്കല്‍ വാങ്ങലുകളുടെ ഫലമായി പാചകം, സാഹിത്യം, വസ്ത്രരീതികള്‍, ഉത്സവങ്ങള്‍, കഥക് പോലുള്ള കലാരൂപങ്ങള്‍ തുടങ്ങി ജീവിതരീതിയില്‍ തന്നെ ഇരു സമുദായങ്ങളുടെയും സമ്മിശ്ര പൈതൃകം പ്രതിഫലിച്ചിരുന്നു.

ഹോളി ആഘോഷവേളയില്‍ ബാരാബങ്കിയിലെ സൂഫിവിശുദ്ധന്‍ ഹാജി വാരിസ് അലി ഷായുടെ, ദേവാ ശരീഫ് എന്നറിയപ്പെടുന്ന വെള്ള നിറത്തിലെ കുടീരം ചുവപ്പും മഞ്ഞയും പിങ്കും പര്‍പ്പിളുമെല്ലാമായി നിറമേളമണിയും. 19ാം നൂറ്റാണ്ടില്‍ ജീവിച്ച വാരിസ് അലി വാര്‍സി സൂഫി ചിന്താധാരയുടെ തുടക്കക്കാരനാണ്. എല്ലാ മതങ്ങളും സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമാണെന്ന് വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അനുയായികളില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും ക്രൈസ്തവരുമെല്ലാമുണ്ട്. അവരവരുടെ മതത്തിനുള്ളില്‍ നിലകൊണ്ട് തന്നെയാണ് അവര്‍ വാരിസ് അലിയെ പിന്‍പറ്റിയിരുന്നത്. സഹിഷ്ണുതാ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗായി നൂറ്റാണ്ടിലേറെയായി എല്ലാ വര്‍ഷവും ഈ കുടീരത്തില്‍ വിപുലമായ ഹോളി ആഘോഷവും നടന്നുവരുന്നു.

2017 നവംബര്‍ 26ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ മുഖ്യമന്ത്രി ആദിത്യനാഥ് ദേവാ ശരീഫിലെ വൈദ്യുതി വിതരണത്തെ വര്‍ഗീയമായി പരാമര്‍ശിച്ച് അതും ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കി. ‘ദേവയില്‍ ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂറും വൈദ്യുതി ലഭിക്കുമ്പോള്‍ മഹാദേവന് ഇതൊന്നും കിട്ടുന്നില്ല, നമ്മളിതിന് മാറ്റം വരുത്തും’- എന്നായിരുന്നു പരാമര്‍ശം. അതേ ജില്ലയില്‍ ഒരു മണിക്കൂര്‍ വഴിദൂരം മാത്രമുള്ള ലോധേശ്വര്‍ മഹാദേവ ക്ഷേത്രവും ദേവാ ശരീഫിനെപ്പോലെ സമന്വയ സംസ്‌കാരത്തിന്റെ പ്രതീകമായിരുന്നു.

നൂറ്റാണ്ടുകളായി ക്ഷേത്രവളപ്പിന് പുറത്ത് പൂജാസാമഗ്രികളും കരകൗശല വസ്തുക്കളും പാത്രങ്ങളും കളിപ്പാട്ടങ്ങളുമെല്ലാം വില്‍ക്കുന്ന കടകള്‍ നടത്തുന്നവരില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളുമുണ്ട്. നാടിന്റെ സമ്പദ്വ്യവസ്ഥയെ തുണക്കുന്ന മുഖ്യഘടകമായ ക്ഷേത്രത്തിലെ രണ്ട് വാര്‍ഷിക പരിപാടികള്‍; മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായുള്ള ശിവരാത്രി ഉത്സവത്തിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന കന്നുകാലി മേളയിലും ഇരു മതക്കാരും ആഹ്ലാദാവേശപൂര്‍വമാണ് എത്തിക്കൊണ്ടിരുന്നത്. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ ക്ഷേത്രത്തിലെ പുരോഹിതര്‍ വലിയ പങ്കുവഹിച്ചിരുന്നു. ദേവയെയും മഹാദേവയെയും മതേതര പാരമ്പര്യങ്ങളെല്ലാം റദ്ദ് ചെയ്ത് രണ്ട് മതങ്ങളുടെ അടയാളങ്ങളാക്കി ചിത്രീകരിച്ചു കളഞ്ഞു മുഖ്യമന്ത്രി.

യോഗി ആദിത്യനാഥിനെ അതേപടി അനുകരിച്ച് ഛോട്ടാ യോഗി എന്ന പേരുനേടിയ മഹന്ത് ആദിത്യനാഥ് തിവാരി 2017ല്‍ ഗോരഖ് നാഥ മഠത്തില്‍ മുഖ്യപൂജാരിയായി നിയോഗിക്കപ്പെട്ടു. ആദിത്യനാഥിന്റെ പാത പിന്തുടരുന്ന ഇയാള്‍ ഹിന്ദു യുവവാഹിനിയുടെ പിന്തുണയോടെ ക്ഷേത്രത്തിനരികില്‍ സ്ഥിതി ചെയ്യുന്ന 200 വര്‍ഷം പഴക്കമുള്ള മസ്ജിദില്‍ ഉച്ചഭാഷണി ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താനും ക്ഷേത്രവളപ്പിനടുത്ത് കച്ചവടം നടത്തുന്ന മുസ്‌ലിങ്ങളെ ഒഴിപ്പിക്കാനുമായി പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തി. മുസ്‌ലിം കച്ചവടക്കാരെ കഠോരമായ ദേശസുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തി അറസ്റ്റ് ചെയ്തതിനെച്ചൊല്ലി നിരവധി വര്‍ഗീയ കലാപങ്ങളും ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു വര്‍ഷത്തേക്ക് അപ്പീല്‍ നല്‍കാന്‍ പോലും അവകാശമില്ലാതെ, വിചാരണ കൂടാതെ തടവില്‍ വെക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതാണ് എന്‍.എസ്.എ.

”ഒരു മുസ്‌ലിം തയ്യല്‍ക്കാരന്‍ അയോധ്യയിലെ രാം ലല്ലയെ വര്‍ഷങ്ങളോളം എങ്ങനെയാണ് പരിപാലിച്ചതെന്ന് ഇവര്‍ മറന്നുപോയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഓരോ വര്‍ഷവും മഹാദേവനെ കണ്ടുവണങ്ങാന്‍ എത്തുന്ന ഭക്തജനങ്ങളെയും ഞങ്ങള്‍ എത്ര നന്നായാണ് പരിചരിച്ചത്,” ജയിലിലടക്കപ്പെട്ട റിസ്വാന്‍ എന്ന യുവാവിന്റെ ഉമ്മ ഷക്കീലയുടെ വാക്കുകള്‍.

അവരുടെ മകനെപ്പോലെ, കുടുംബത്തിന്റെ ഏക അത്താണിയായി കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നവരെ ഇത്തരത്തില്‍ അറസ്റ്റു ചെയ്ത് കൊണ്ടുപോകുന്നതോടെ രാജ്യത്തെ ഏറ്റവും താഴ്ന്ന സാമൂഹിക-സാമ്പത്തിക അവസ്ഥയില്‍ കഴിയുന്ന മുസ്‌ലിം സമുദായാംഗങ്ങള്‍ കൂടുതല്‍ ദുര്‍ബലരാകുന്നു. സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 31 ശതമാനം പേര്‍, അതായത് ഇന്ത്യന്‍ മുസ്‌ലിം ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേരുടെ ജീവിതം ദാരിദ്യരേഖക്ക് കീഴിലാണ്.

ആദിത്യനാഥ് സര്‍ക്കാര്‍ 18 മാസം അധികാരം പൂര്‍ത്തിയാക്കിയപ്പോഴേക്ക് 160 പേര്‍ക്കെതിരെയാണ് ദേശസുരക്ഷാ നിയമം ചുമത്തിയത്. ഏറെയും ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്നവരും, റിക്ഷാവലിക്കാരും, വഴിക്കച്ചവടക്കാരും, വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ള മുസ്‌ലിങ്ങള്‍. 2018 ജനുവരി മുതല്‍ 2020 ഡിസംബര്‍ വരെ ഉത്തര്‍പ്രദേശ് അധികൃതര്‍ ചുമത്തിയ 120 കേസുകളില്‍ മൂന്നിലൊന്നിലേറെയും മുസ്‌ലിങ്ങള്‍ക്കെതിരെ ഗോവധം ആരോപിച്ചുള്ളതാണ്.

ഹിന്ദുസമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ വിശുദ്ധ മൃഗമായി ഗണിക്കപ്പെടുന്ന പശു, വലതുപക്ഷ രാഷ്ട്രീയത്തെ ത്വരിതപ്പെടുത്തുന്നതിലെ ഒരു പ്രധാന ഘടകമാണ്. ഗോശാലകള്‍ സന്ദര്‍ശിച്ച് പശുക്കളെ പരിപാലിക്കുകയും പൂജിക്കുകയും ചെയ്യുന്ന ആദിത്യനാഥിന്റെ ദൃശ്യങ്ങള്‍ മടിത്തട്ട് മാധ്യമങ്ങള്‍ ഇടക്കിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മഹാമാരി കൊടുമ്പിരി കൊണ്ടുനില്‍ക്കേ ആരോഗ്യ ഉപകരണങ്ങള്‍ സഹിതം സര്‍ക്കാര്‍ പശു സഹായതാ കേന്ദ്രങ്ങള്‍ തുറക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആദിത്യനാഥ് അധികാരമേറ്റതില്‍ പിന്നെ മാംസഭക്ഷണം ഔദ്യോഗിക വിരുന്നുകളില്‍ വിളമ്പാറില്ല. ഇന്ത്യ സസ്യാഹാരികളുടെ രാഷ്ട്രമാണെന്ന പ്രചാരണം ഹിന്ദുവലതുപക്ഷം നടത്തിപ്പോരുന്നുണ്ട്. എന്നാല്‍ കണക്കുകള്‍ കാണിക്കുന്നത് രാജ്യത്തെ 20 ശതമാനം പേര്‍ മാത്രമാണ് സസ്യാഹാരികള്‍ എന്നാണ്. ഹിന്ദു ഭൂരിപക്ഷവും മുസ്‌ലിങ്ങളും, ക്രൈസ്തവരും സിഖുകാരും ബുദ്ധ മതസ്ഥരുമുള്‍പ്പെടെ 80 ശതമാനം പേര്‍ മാംസാഹാരം ഭക്ഷിക്കുന്നു. ഉപയോഗിക്കുന്ന മാംസാഹാരത്തിന്റെ 15 ശതമാനം മാട്ടിറച്ചി(ബീഫ്) ആണ്. ഈ കാര്യകാരണങ്ങളെല്ലാം മറച്ചുവെച്ച് മുസ്‌ലിങ്ങളെ ഉന്നമിട്ട് പിടികൂടാനുള്ള ഒരു മറയാക്കി ‘പശുസംരക്ഷണം’ ഹിന്ദുത്വ വാദികള്‍ ഉപയോഗപ്പെടുത്തുന്നു.

50 ലക്ഷം ഡോളര്‍ വരുന്ന, രാജ്യത്തു നിന്നുള്ള മാട്ടിറച്ചി കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നടത്തിപ്പോന്ന യു.പിയിലെ കശാപ്പ് വ്യവസായത്തെ യോഗി ഭരണകൂടം കാര്യമായി ഉന്നമിട്ടു. ഈ കച്ചവടമേഖലയില്‍ കൂടുതലും മുസ്‌ലിങ്ങളാണ്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 150 അറവുശാലകള്‍ അനധികൃതമെന്ന് പറഞ്ഞ് സര്‍ക്കാര്‍ അടച്ചുപൂട്ടി. 319 പേരെ കാലിക്കടത്തുകാര്‍ എന്നാരോപിച്ച് അറസ്റ്റിലാക്കുകയും ചെയ്തു. അറസ്റ്റ് മാത്രമല്ല, പശുവിനെ അറുത്തു എന്ന കിംവദന്തിയുടെ പുറത്ത് സംസ്ഥാനത്ത് നിരവധി മുസ്‌ലിങ്ങള്‍ ആള്‍ക്കൂട്ടക്കൊലക്കും ഇരയായി.

”പശുവുണ്ടായിരുന്നില്ല, കത്തിയോ വെട്ടുകത്തിയോ രക്തമോ ഇല്ലായിരുന്നു, മുസ്‌ലിങ്ങളാണ് എന്ന ഒറ്റ കാരണത്തിലാണ് ഞങ്ങളെ ആക്രമിച്ചത്”, 2018 ജൂണില്‍ ഹാപൂര്‍ ജില്ലയില്‍ ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘം തല്ലിച്ചതച്ച സമിഉദ്ദീന്‍ പറയുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഖാസിമിനെ അവര്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

2017ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ യു.പിയിലെ കുറ്റകൃത്യനിരക്കിനെ മുസ്‌ലിങ്ങളുമായി ബന്ധിപ്പിച്ച് സംസാരിച്ചിരുന്നു ആദിത്യനാഥ്. ക്രമസമാധാന തകര്‍ച്ചയുടെ കാരണം അവരാണെന്ന മട്ടില്‍. ക്രിമിനലുകളെ കൊന്നുകളയുമെന്നും പറഞ്ഞു.

2021 ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം ആദിത്യനാഥ് സര്‍ക്കാറിന് കീഴില്‍ യു.പി പൊലീസ് 151 പേരെ കൊലപ്പെടുത്തി. 3,196 പേര്‍ക്ക് ‘ഏറ്റുമുട്ടല്‍’ എന്നറിയപ്പെടുന്ന പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റു. അവരില്‍ ഭൂരിഭാഗം പേരും വിചാരണ നേരിടുന്നവരായിരുന്നു. 40 ശതമാനത്തിനടുത്ത് പേര്‍ മുസ്‌ലിങ്ങളും ബാക്കി പട്ടികജാതി, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുമായിരുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015ലെ പ്രിസന്‍ ഡാറ്റ പ്രകാരം മൂന്നില്‍ രണ്ടിലേറെ തടവുകാരും വിചാരണ തടവുകാരാണ്. രാജ്യത്തൊട്ടാകെയുള്ള വിചാരണ തടവുകാരില്‍ 55 ശതമാനത്തിലേറെ പേര്‍ മുസ്‌ലിങ്ങളോ ദളിതരോ ആദിവാസികളോ ആണ്.

കൊല്ലപ്പെടുന്നവര്‍ 17-45 പ്രായവിഭാഗത്തില്‍ പെടുന്നവരാണ്. അവരുടെ അധ്വാനമായിരുന്നു കുടുംബങ്ങളിലെ ഏക വരുമാനമാര്‍ഗം. നിസാര തുകയോ, ഭക്ഷണമോ അല്ലെങ്കില്‍ ചെറിയ സ്വര്‍ണാഭരണങ്ങളോ മോഷ്ടിച്ചെന്ന പെറ്റികേസുകളില്‍ ആരോപണവിധേയരായി പിടിക്കപ്പെട്ടവരാണ് മിക്കവരും. ഏറ്റമുട്ടല്‍ കൊലയുടെ എണ്ണപ്പെരുക്കവും ആദിത്യനാഥ് സര്‍ക്കാര്‍ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നേട്ടമായി എണ്ണിപ്പറയുന്നുണ്ട്. സുപ്രീംകോടതി നിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ട് പൊലീസുകാരെ പുരസ്‌കരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഇരകളുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും അവരുടെ വീടുകള്‍ അക്രമിക്കുകയും ചെയ്യുന്നു.

”ഇത്രമാത്രം ഭീകര ക്രിമിനലുകള്‍ നിറഞ്ഞ കുടുംബമാണ് ഞങ്ങളുടേതെങ്കില്‍ രണ്ടുനേരം ഭക്ഷണം കഴിക്കാനുള്ള വകപോലും ഞങ്ങള്‍ക്കില്ലാത്തതെന്താണ്? ഇപ്പോഴും ഞങ്ങളീ കൂരപോലുള്ള വീട്ടില്‍ പാര്‍ക്കേണ്ടി വരുമായിരുന്നോ?” 2017 ഒക്ടോബറില്‍ കൊല്ലപ്പെട്ട ഫുര്‍ഖാന്റെ വിധവ നസ്റീന്‍ ചോദിക്കുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആദിത്യനാഥ് സര്‍ക്കാറിന് 12ലേറെ നോട്ടീസുകളയച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ അനുമതിയോടെ മുന്‍കൂര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഇത്തരം കൊലപാതകങ്ങളില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രതിനിധി 2019 ജനുവരിയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അറിഞ്ഞ മട്ടുപോലും കാണിച്ചില്ല.

2016നും 2019നും ഇടയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത 2,008 കേസുകളില്‍, 43 ശതമാനം വിദ്വേഷ കൃത്യങ്ങളും യു.പിയില്‍ നിന്നായിരുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആദിവാസികളും രാജ്യത്ത് ഏറ്റവും അരക്ഷിതമായ ദേശമാവുന്നു ഉത്തര്‍പ്രദേശ്.

”എതിരഭിപ്രായത്തിന് തരിമ്പ് ഇടമനുവദിക്കാന്‍ തയ്യാറല്ല ആദിത്യനാഥ്, വിശിഷ്യാ ദളിത് സമുദായത്തില്‍ നിന്നുള്ളവയ്ക്ക്,” മീറത്തിലെ ജാതിവിരുദ്ധ കൂട്ടായ്മയായ ബ്ലൂ പാന്തേഴ്സിന്റെ പ്രസിഡന്റ് സുശീല്‍ ഗൗതം പറയുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ദളിതുകള്‍ക്ക് യു.പിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ട്. ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക പാര്‍ശ്വവല്‍കരണം, അയിത്തം, വിവേചനം എന്നിവയെല്ലാം ദളിതുകള്‍ നേരിടുന്നു.

സുശീല്‍ ഗൗതം

ജാതീയത പ്രകടിപ്പിച്ചതിന് ആദിത്യനാഥിനെതിരെ പലവുരു വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. 2017 മേയില്‍ കിഴക്കന്‍ യു.പിയിലെ ഖുശിനഗറില്‍ ദളിത് കുടുംബങ്ങള്‍ക്കൊപ്പം ഒരു പൊതുയോഗം നടത്തിയിരുന്നു ആദിത്യനാഥ്. പരിപാടിയുടെ തലേദിവസം, കുളിച്ച് വൃത്തിയായി യോഗത്തിനെത്തണമെന്ന നിര്‍ദേശത്തോടെ ആ കുടുംബങ്ങള്‍ക്ക് സോപ്പും ഷാംപുവും വിതരണം ചെയ്തു.

പട്ടികജാതി-വര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും സംവരണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍ ആദിത്യനാഥ് സംവരണ നയത്തെ എതിര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഭരണതലത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥരെല്ലാം ഠാക്കൂറുകളാണ്. കൃത്യമായ മേല്‍ജാതി മേല്‍ക്കോയ്മയാണ് സര്‍ക്കാറില്‍- സുശീല്‍ പറയുന്നു.

2017ല്‍ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞതും സഹാറന്‍പൂര്‍ ജില്ലയിലെ ഷബ്ബിര്‍പൂര്‍ ഗ്രാമത്തില്‍ ബി.ആര്‍. അംബേദ്കര്‍ പ്രതിമ സ്ഥാപിക്കാന്‍ ദളിതുകള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഠാക്കൂര്‍ സമുദായം എതിര്‍പ്പ് ഉന്നയിച്ചുവെന്ന പേരിലാണ് ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയുടെ പ്രതിമക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞതും അതേ ഗ്രാമത്തില്‍ ഠാക്കൂര്‍ സമുദായക്കാര്‍ക്ക് മഹാറാണാ പ്രതാപിനെ വാഴ്ത്തിക്കൊണ്ട് ഘോഷയാത്ര നടത്താന്‍ അനുമതി നല്‍കപ്പെട്ടു. ഇതിനിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും അക്രമിക്കൂട്ടം 55 ദളിത് വീടുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് ശേഷം അറസ്റ്റിലായത് 50 ദളിതുകളും രണ്ട് ഠാക്കൂര്‍മാരും.

അതുപോലെ 2018 ഓഗസ്റ്റില്‍ ഉല്‍ദേപൂര്‍ ഗ്രാമത്തില്‍ ഠാക്കൂറുകളുടെ അക്രമത്തില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ടതിനെതിരെ ദളിതുകള്‍ മീറത്ത് നഗരമധ്യത്തിലെ ചൗധരി ചരണ്‍സിങ് പാര്‍ക്കില്‍ നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിക്കപ്പെട്ടു. ഇതേ സ്ഥലത്താണ് കുറ്റാരോപിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഠാക്കൂറുമാര്‍ ഒരുമിച്ചു ചേര്‍ന്നത് എന്നുകൂടി അറിയുക.

ദളിതുകള്‍ പ്രതിഷേധം നടത്താനൊരുമ്പെട്ടാലുടന്‍ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെടും. മീറത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കഴിഞ്ഞ നാലര വര്‍ഷമായി 144ലാണെന്നും സുശീല്‍ ചൂണ്ടിക്കാട്ടുന്നു.

വിഭവലഭ്യതയുടെ പരിമിതി മൂലം രാജ്യത്തെ അഞ്ച് ദളിത് വിദ്യാര്‍ഥികളിലൊരാള്‍ പഠിപ്പ് ഉപേക്ഷിക്കുന്നു, എന്നാണ് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനിടയില്‍ യോഗി സര്‍ക്കാര്‍ ദളിത് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനുള്ള മാനദണ്ഡം, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നത് മാറ്റി മാര്‍ക്ക് ആക്കി മാറ്റി. 60 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ്, എന്ന വ്യവസ്ഥ വെച്ചതോടെ അത് ലഭിക്കുന്നത് വളരെ ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമായി.

അവസാനം നടത്തിയ മന്ത്രിസഭാ വികസനത്തില്‍ പോലും ദളിതുകളെ അകറ്റി നിര്‍ത്തിയ ആദിത്യനാഥും കുറച്ച് ബി.ജെ.പി നേതാക്കളും തെരഞ്ഞെടുപ്പ് അടുത്തതിന്റെ ഭാഗമായി ഈ വര്‍ഷം ജനുവരി 22ന് ഗോരഖ്പൂരിലെ ദളിത് ഭവനത്തില്‍ ഭക്ഷണം കഴിക്കാന്‍ വന്നു. ദളിതുകള്‍ക്ക് മിനറല്‍ വാട്ടര്‍ വാങ്ങാനോ ഉപയോഗിക്കാനോ ഉള്ള അവസ്ഥയില്ല എന്ന് എല്ലാവര്‍ക്കുമറിയാം, എന്നാല്‍ ആദിത്യനാഥിനടുത്ത് ബിസ്ലേരി കുപ്പിയാണ് ഉണ്ടായിരുന്നത്. അതൊന്നും മിശ്രഭോജനമായിരുന്നില്ല, ഫോട്ടോ എടുത്ത് മാധ്യമങ്ങളെ അറിയിക്കാനുള്ള ഒരു സന്ദര്‍ഭം മാത്രം. ഞങ്ങളെ സമജനങ്ങളായി കാണുന്നുവെങ്കില്‍ ഞങ്ങള്‍ പരമ്പരാഗതമായി ശുചീകരണ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന അഴുക്കുകാനയില്‍ ഞങ്ങളോടൊപ്പം ഇറങ്ങാന്‍ തയ്യാറാകുമോ- സുശീല്‍ ചോദിക്കുന്നു.

നൂറ്റാണ്ടുകളായി ദളിത് സമൂഹത്തിലെ വലിയ ഒരു വിഭാഗം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന തോട്ടിപ്പണിക്ക് 1993ല്‍ രാജ്യം നിരോധമേര്‍പ്പെടുത്തിയിട്ടും ഇപ്പോഴുമത് നിര്‍ബാധം തുടരുന്നു. സംസ്ഥാന ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ആദിവാസികളുടെ എണ്ണം. എന്നാല്‍ 80 ശതമാനം പേരും ഭൂരഹിതരാണ്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ പട്ടികവര്‍ഗക്കാരില്‍ പകുതിപേരും പാര്‍ക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളിലാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന സംസ്ഥാനത്തെ നിരവധി ആദിവാസി ഗോത്രങ്ങള്‍ കുടിയിറക്ക് ഭീഷണിയും നേരിടുന്നു.

2019 ജൂലൈ 17ന് സോന്‍ഭദ്ര ജില്ലയില്‍ നടന്ന കൂട്ടക്കൊലയില്‍ പത്തുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രബലരായ ഗുജ്ജര്‍ സമുദായക്കാരനായ ഗ്രാമമുഖ്യന്‍ യഗ്യാദത്ത് അവകാശവാദമുന്നയിച്ച ഭൂമിയില്‍ നിന്ന് കുടിയൊഴിഞ്ഞുപോകാന്‍ ഗോണ്ട് ഗോത്രസമുദായത്തിലെ ആദിവാസികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കൊല. ആദിവാസികള്‍ ഈ ഭൂമിയില്‍ ഏഴ് പതിറ്റാണ്ടായി അധ്വാനിച്ച് കൃഷി നടത്തി വരികയായിരുന്നു. ആദിത്യനാഥ് അധികാരമേറ്റതില്‍ പിന്നെ പ്രാദേശിക ഭൂമാഫിയ അവരോട് നിലം ഉഴുവുന്നത് നിര്‍ത്തി ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് മുന്‍ ഐ.പി.എസ് ഓഫീസറും ‘ആള്‍ ഇന്ത്യ പീപ്പിള്‍സ് ഫ്രണ്ട്’ പ്രസിഡന്റുമായ എസ്.ആര്‍. ദാരാപൂരി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ആദിവാസി സമൂഹങ്ങളെ ഹൈന്ദവവല്‍കരിക്കാനുള്ള പദ്ധതിയുമായി ഹിന്ദുത്വര്‍ മുന്നോട്ടുപോകവെ, പരമ്പരാഗത ആചാരവും മതവും തനത് വിശ്വാസവും പുലര്‍ത്തി വരുന്ന ആദിവാസികള്‍ അവരുടെ സ്വത്വത്തില്‍ ഉറച്ചുനില്‍ക്കുന്നത് ആദിത്യനാഥ് സര്‍ക്കാരിന് ഇഷ്ടമുള്ള കാര്യമല്ലെന്നും അതിനുള്ള ശിക്ഷയാണ് കുടിയിറക്കിലൂടെ നടപ്പാക്കുന്നതെന്നും ദാരാപുരി കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ ശാസ്ത്രങ്ങളില്‍ സ്ത്രീകളുടെ മഹത്വം വാഴ്ത്തിപ്പറയുന്നുണ്ട്. അതേസമയം അവരുടെ പ്രാധാന്യവും മാന്യതയും കുലീനതയുമെല്ലാം പരിഗണിച്ച് അവര്‍ക്ക് നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഊര്‍ജത്തെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി വിട്ടയച്ചാല്‍ അത് പ്രയോജനരഹിതവും നാശകാരിയുമാവുമെന്നത് പോലെ ശക്തിസ്വരൂപ സ്ത്രീ – ശക്തിയുടെ ആള്‍രൂപമായ സ്ത്രീക്ക് സ്വാതന്ത്ര്യമല്ല, മറിച്ച് സംരക്ഷണവും മാര്‍ഗവും നല്‍കി അര്‍ഥസമ്പുഷ്ടമായ ഒരു കര്‍ത്തവ്യമാണ് നല്‍കേണ്ടത്.

അത്തരത്തില്‍ നിയന്ത്രിതവും സംരക്ഷിതവുമായ സ്ത്രീശക്തിക്ക് മാത്രമേ മഹാന്മാരായ മനുഷ്യര്‍ക്ക് ജന്മം നല്‍കാനും അവശ്യഘട്ടത്തില്‍ പടക്കളത്തിലിറങ്ങി ദുഷ്ടശക്തികളെ നിഗ്രഹിക്കാനും കഴിയൂ. അതേസമയം, ബോധമില്ലാത്ത പടിഞ്ഞാറന്‍ സ്ത്രീസ്വാതന്ത്ര്യവാദം അവരെ കൂടുതല്‍ വിനാശകരമായ അവസ്ഥകളിലേക്ക് തള്ളിവിടുകയും സൃഷ്ടിയേയും വീടിന്റെയും കുടുംബത്തിന്റെയും സുസ്ഥിരതയെ തകിടംമറിക്കുയും ചെയ്യും, അതുവഴി രാഷ്ട്രത്തിന്റെയും മാതൃഭൂമിയുടെയും തിളക്കമാര്‍ന്ന പുനനിര്‍മാണവും തടസ്സപ്പെടും- യോഗി ആദിത്യനാഥ് എഴുതി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘മാതൃശക്തി- ഭാരതീയ ശക്തി കേ സന്ദര്‍ഭ് മേ’ എന്ന ലേഖനത്തിലെ വരികളാണിത്.

പുരുഷന്മാര്‍ സ്ത്രീകളെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും സാമൂഹിക വ്യവസ്ഥക്ക് ഭീഷണിയാവുന്ന പടിഞ്ഞാറന്‍ സ്ത്രീവാദ ചിന്തകളില്‍ നിന്ന് അവരെ കാത്തുരക്ഷിക്കുകയും വേണമെന്ന വിശ്വാസക്കാരനാണ് യോഗി. സ്ത്രീകളെക്കുറിച്ചുള്ള ആദിത്യനാഥിന്റെ ലോകവീക്ഷണം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ രൂഢമൂലമായതാണ്- അതായത് സ്ത്രീക്ക് ഒരു വ്യക്തിത്വമില്ല- മാതാവ്, മകള്‍, സഹോദരി എന്നിവ മാത്രമെന്ന സങ്കല്‍പം.

വീടിന് പുറത്ത് അവര്‍ക്ക് ചെയ്യാനൊന്നുമില്ലെന്ന നാസി കാലത്തെ ജര്‍മനിയുടെ സങ്കല്‍പത്തിന് സമാനമാണീ ചിന്തകള്‍. സ്ത്രീയുടെ പരമപ്രധാനമായ ദൗത്യം നല്ല ഭാര്യയായി, ആര്യന്‍ വംശവര്‍ധനക്ക് മുതല്‍ക്കൂട്ടേകി പിതൃഭൂമിക്ക് വേണ്ടി പൊരുതാന്‍ കരുത്തുള്ള ആണ്‍മക്കളെ വളര്‍ത്തിയെടുക്കലാണെന്നായിരുന്നല്ലോ അവര്‍ പറഞ്ഞിരുന്നത്. പാര്‍ലമെന്റില്‍  സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ലിനെയും ആദിത്യനാഥ് എതിര്‍ത്തു. കുടുംബവ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കിനെ ഇത് ബാധിക്കും എന്നായിരുന്നു യോഗിയുടെ പക്ഷം.

സജീവ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും പുരുഷന്മാരെപ്പോലെ ഇറങ്ങി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അമ്മ, മകള്‍, സഹോദരി തുടങ്ങിയ സുപ്രധാന റോളുകള്‍ വേണ്ടവിധം നിറവേറ്റാന്‍ കഴിയുന്നുണ്ടോ എന്ന് വിശകലനം ചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം എഴുതിയിരുന്നു. എന്നാല്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ സുപ്രധാനമായ ഭാഗദേയം നിര്‍ണയിക്കുന്നുവെന്നതിനാല്‍ പിന്നീട് ഈ ലേഖനം വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നിന്നിരുന്ന യു.പിയില്‍ ആദിത്യനാഥിന്റെ ഭരണകാലത്ത് ഇക്കാര്യത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തി. ജാതിമത ഭേദമന്യേ സ്ത്രീകള്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ നേരിടേണ്ടി വന്നു. അധികാരമേറ്റ് മൂന്ന് മാസം തികയുമ്പോഴേക്ക് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് 17 വയസുള്ള ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയുടെ കുടുംബം നിരന്തര ഭീഷണികളില്‍ കഴിയവെ ആരോപിതനായ എം.എല്‍.എയെ രണ്ടു വര്‍ഷക്കാലം മുഖ്യമന്ത്രി സംരക്ഷിച്ചു നിര്‍ത്തി.

പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സ്വയം തീകൊളുത്തിയിട്ടും യോഗി ഗൗനിച്ചതേയില്ല. പകരം അവളുടെ അച്ഛനെ അറസ്റ്റുചെയ്ത് കൊണ്ടുപോയി. കസ്റ്റഡിയില്‍ അദ്ദേഹത്തിന്റെ ജീവനും അവസാനിച്ചു. കുടുംബത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. അവളുടെ ചെറിയച്ഛനെ അറസ്റ്റു ചെയ്തു, ദുരൂഹ സാഹചര്യത്തില്‍ വാഹനങ്ങള്‍ വന്നിടിച്ച് രണ്ട് അമ്മായിമാര്‍ മരണപ്പെട്ടു. പീഡനമേറ്റ പെണ്‍കുട്ടിക്കും വക്കീലിനും ഈ അപകടത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപെടുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും ചെയ്ത ശേഷമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്യുകയും 2019 ഡിസംബറില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തത്.

2020 സെപ്റ്റംബറില്‍ ലഖ്നൗവില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള ഹാത്‌റസില്‍ 19 വയസുള്ള ഒരു ദളിത് യുവതി മേല്‍ജാതിക്കാരായ നാല് യുവാക്കളാല്‍ ബലാത്സംഗത്തിനിരയായി. സംഭവം നടന്ന് 10 ദിവസത്തേക്ക് അറസ്റ്റുകളൊന്നുമുണ്ടായില്ല. അതിക്രമത്തില്‍ അവളുടെ സ്പൈനല്‍കോഡ് തകര്‍ന്ന് ഇടതുഭാഗം തളര്‍ന്നുപോയിരുന്നു. നാവ് മുറിച്ചെടുക്കപ്പെട്ടിരുന്നു. രണ്ടാഴ്ച ഈ മുറിവുകളോടും വേദനകളോടും മല്ലിട്ട് ദല്‍ഹിയിലെ ആശുപത്രിയില്‍ അവള്‍ ജീവന്‍ വെടിഞ്ഞു. കുടുംബത്തിന്റെ സമ്മതം പോലും തേടാതെ രായ്ക്ക്‌രാമാനം മൃതദേഹം സംസ്ഥാന സര്‍ക്കാര്‍ ബലാല്‍ക്കാരമായി ദഹിപ്പിച്ചു കളഞ്ഞു.

സംഭവം വ്യാപക മാധ്യമശ്രദ്ധ നേടുകയും രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങളുയരുകയും ചെയ്തു. തന്റെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളില്‍ അസ്വസ്ഥത പൂണ്ടയാളുകള്‍ ഹാത്‌റസ് സംഭവം ചൂഷണം ചെയ്യുകയാണെന്നും ജാതിക്കലാപം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആദിത്യനാഥ് പ്രതികരിച്ചു. സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചവര്‍ക്കെതിരെ സമാധാനത്തിന് ഭംഗം വരുത്തല്‍, രാജ്യദ്രോഹം, ഗൂഢാലോചന, മത വിഭാഗങ്ങള്‍ക്കിടയില്‍ വൈരം പടര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളില്‍ 19 കേസുകളാണ് ഒരാഴ്ചക്കുള്ളില്‍ ചുമത്തിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത് കഠോര നിയമമായ യു.എ.പി.എ ചുമത്തി ഒന്നര വര്‍ഷത്തോളമായി ജയിലിലടച്ചിട്ടിരിക്കുന്നു.

ഹാത്‌റസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ല എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനായി മുംബൈയില്‍ നിന്നുള്ള പി.ആര്‍ കമ്പനിയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. ‘ആദിത്യനാഥിന് സ്ത്രീകളുടെ വളര്‍ച്ചയിലോ ശാക്തീകരണത്തിലോ താല്‍പര്യമില്ല, ഹിന്ദു സ്ത്രീകള്‍ മുസ്‌ലിം പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നുണ്ടോ എന്നതില്‍ മാത്രമാണ് ശ്രദ്ധ’- സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ പാര്‍ലമെന്റംഗവുമായ സുഭാഷിണി അലി പറയുന്നു.

2009ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ആദിത്യനാഥ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ‘അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയാല്‍, നമ്മള്‍ നൂറ് മുസ്‌ലിം പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുവരണമെന്നാണ്. ഹിന്ദു സ്ത്രീകളും മുസ്‌ലിം പുരുഷന്മാരും തമ്മിലെ ബന്ധത്തെ ലൗ ജിഹാദ് എന്ന് വിളിച്ച് ശക്തമായി എതിര്‍ക്കുന്നു യോഗി. ലൗ ജിഹാദ് എന്ന ആരോപണത്തിന്മേല്‍ നിരവധി ഭരണകൂട ഏജന്‍സികള്‍ അന്വേഷണം നടത്തിയെങ്കിലും സംഘടിതമായി അത്തരമെന്തെങ്കിലും നടക്കുന്നത് സംബന്ധിച്ച് യാതൊരു തെളിവും കിട്ടിയിട്ടില്ല. വര്‍ഗീയമായ പ്രചാരണമാണിതെന്നതിന് പുറമെ ഹിന്ദു സ്ത്രീകളുടെ ബുദ്ധിയേയും ചിന്താശേഷിയേയും സ്വയംനിര്‍ണയ അവകാശത്തെയും സമ്മതത്തെയും തീരുമാനങ്ങളെയുമെല്ലാം വിലകുറച്ച് കാണുക കൂടി ചെയ്യുന്നുണ്ട് ഈ സിദ്ധാന്തക്കാര്‍.

2017ല്‍ അധികാരമേറ്റതിന് പിന്നാലെ ‘ആന്റി റോമിയോ സ്ക്വാ ഡ്’ എന്ന പേരില്‍ ഒരു സദാചാര പൊലീസിങ് ഏര്‍പ്പാടിനും ഇദ്ദേഹം തുടക്കമിട്ടിരുന്നു. സ്ത്രീകളെ പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ എന്ന പേരില്‍, പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചിരിക്കുന്ന യുവതീയുവാക്കളില്‍ നിന്ന് ബലമായി തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയെടുക്കും. ഹിന്ദു യുവതികള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കൊപ്പം ഒരുമിച്ചിരിക്കുകയാണോ എന്ന് പരിശോധിക്കാനാണിത്. 2017 മാര്‍ച്ച് 22നും 2020 നവംബര്‍ 30നുമിടയില്‍ 14,454 പേരെയാണ് ആന്റി റോമിയോ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

2020 നവംബറില്‍ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതംമാറ്റം നിരോധന ഓഡിനന്‍സ് (The Uttar Pradesh Prohibition of Unlawful Religious Conversion Ordinance) നടപ്പാക്കി. തെറ്റിദ്ധരിപ്പിച്ചോ പ്രലോഭിപ്പിച്ചോ നടത്തുന്ന മതംമാറ്റത്തെ പത്തുവര്‍ഷം വരെ തടവgശിക്ഷ ലഭിച്ചേക്കാവുന്ന, ജാമ്യം ലഭിക്കാത്ത കുറ്റമാക്കി പ്രഖ്യാപിച്ച നിയമം അറിയപ്പെടുന്നത് ‘ലൗ ജിഹാദ്’ നിയമം എന്ന പേരിലാണ്. വിവാഹ ആവശ്യത്തിന് മതം മാറുന്നതിന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്നും യു.പിയില്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. 2021 ഡിസംബറില്‍ കാണ്‍പൂരില്‍ നിന്നുള്ള മുസ്‌ലിം യുവാവിന് ഈ നിയമപ്രകാരം പത്തുവര്‍ഷം തടവും 30000 രൂപ പിഴയും വിധിച്ചു. ഈ നിയമം മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്യാനും ഹിന്ദു സ്ത്രീകളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്. സമുദായത്തിന്റെ സ്വത്താണ് സ്ത്രീകളെന്നും അവര്‍ക്ക് പങ്കാളിയെ സ്വയം തീരുമാനിക്കാന്‍ അവകാശമില്ല എന്നുമാണ് അവര്‍ പറഞ്ഞുവെക്കുന്നത്- സുഭാഷിണി അലി ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗ വേളയില്‍ നിരവധി മനുഷ്യര്‍ക്കാണ് യു.പിയില്‍ ജീവനറ്റുപോയത്. സര്‍ക്കാര്‍ പറഞ്ഞതിലും എത്രയോ അധികമായിരുന്നു മരണസംഖ്യ. ഗംഗാ നദീതീരത്ത് കാണപ്പെട്ട എണ്ണമറ്റ കൊവിഡ് ജഡങ്ങളെക്കുറിച്ച് 2021 മേയ് മാസം ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഈ പത്രത്തിന്റെ രാജ്യമൊട്ടുക്കുമുള്ള ബ്യൂറോകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

വളര്‍ന്നുവരുന്ന ഒരു ഏകാധിപതിയെപ്പോലെ വിവരങ്ങളുടെ ഒഴുക്കിനെ അയാള്‍ നിയന്ത്രിക്കുന്നു. അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ട് വിമര്‍ശനം കടന്നുവരാന്‍ സാധ്യതയുള്ള ജാലകങ്ങള്‍ അടച്ചിടുന്നു. സമൂഹമാധ്യമങ്ങളില്‍ യോഗിയേയോ സര്‍ക്കാരിനേയോ വിമര്‍ശിച്ചതിന് 200ലേറെ പേരാണ് അറസ്റ്റിലായിരിക്കുന്നത്.

ഗോരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുചികിത്സാ വിഭാഗം ലക്ചറര്‍ ആയിരുന്നു ഡോ. കഫീല്‍ ഖാന്‍. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം മൂലം 63 കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവം ദേശീയ ശ്രദ്ധയിലെത്തിയിരുന്നു. സ്വന്തം കൈയില്‍ നിന്ന് പണം ചെലവിട്ട് ഓക്സിജന്‍ വാങ്ങി പ്രശ്നപരിഹാരത്തിന് ശ്രമിച്ച ഡോ. ഖാനെ മാധ്യമങ്ങള്‍ ധീരനായകനായി വിശേഷിപ്പിച്ചു. എന്നാല്‍ ഓക്സിജന്‍ ഇല്ലാത്തത് മൂലം മരണമൊന്നുമുണ്ടായിട്ടില്ല എന്ന് വാദിച്ച സര്‍ക്കാര്‍ ദേശീയ സുരക്ഷാനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ കുറ്റങ്ങളും ചുമത്തി കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് 500 ദിവസത്തിലേറെ ജയിലിലിട്ടു, ജോലിയും കളഞ്ഞു.

കൊവിഡ് രണ്ടാം തരംഗകാലത്ത് ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് പറഞ്ഞ ആശുപത്രികള്‍ക്കെതിരെയെല്ലാം ദേശസുരക്ഷാ നിയമം ചുമത്താനും വസ്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടു. 2020 മേയില്‍ സംസ്ഥാനത്തെ തൊഴില്‍ സംബന്ധിയായ നിയമങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് മരവിപ്പിച്ചതായി പ്രഖ്യാപിച്ചു. നിയമനവും പിരിച്ചുവിടലും അതോടെ ഉദ്യോഗദാതാക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് ചെയ്യാമെന്നായി. സംഘടിക്കുകയും മെച്ചപ്പെട്ട തൊഴില്‍ സൗകര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നതു പോലും അസാധ്യമായി.

യു.പിയിലെ നഗരങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ടേയിരുന്നു. മുഗള്‍ സറായി, പണ്ഡിത് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ ആക്കി മാറ്റി, അലാഹാബാദിനെ പ്രയാഗ് രാജും ഫൈസാബാദിനെ അയോധ്യയുമാക്കി. സര്‍ക്കാര്‍ വരുമാനവും വിഭവങ്ങളും ക്ഷേത്രനിര്‍മാണത്തിനായി വ്യാപകമായി ചെലവിട്ട് വരുന്നുണ്ടിപ്പോള്‍.

പ്രതിശീര്‍ഷ വരുമാനകാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിശീര്‍ഷ വരുമാന പട്ടികയില്‍ 36ല്‍ 32ാം സ്ഥാനമാണ് ആദിത്യനാഥ് മുഖ്യമന്ത്രിയായിരിക്കെ യു.പിയുടേത്. മുന്‍സര്‍ക്കാറിന്റെ കാലത്ത് 6.92 ശതമാനമായിരുന്നു അഭ്യന്തര ഉല്‍പാദനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്കെങ്കില്‍ ഇപ്പോഴത് 1.95 ശതമാനമായി. സംസ്ഥാനത്തെ തൊഴിലില്ലായ്മ രണ്ടര ഇരട്ടി വര്‍ധിച്ചു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 2012നെ അപേക്ഷിച്ച് അഞ്ചിരട്ടിയായി ഉയര്‍ന്നു.

2020 മാര്‍ച്ചില്‍ പൗരത്വ സമരക്കാരെ അപമാനിച്ച് അവരുടെ വ്യക്തിസുരക്ഷ അപകടത്തിലാക്കി അവരുടെ ചിത്രങ്ങളും പേരും വിലാസവും സഹിതം ലഖ്‌നൗ നഗരത്തിലെമ്പാടും ബോര്‍ഡുകള്‍ സ്ഥാപിച്ചു. അന്ന് അറസ്റ്റിലായവര്‍ക്ക് ഭക്ഷണവും മരുന്നും കണ്ണട പോലും നിഷേധിച്ചിരുന്നുവെന്ന് മൂന്നാഴ്ച ജയിലില്‍ കഴിയേണ്ടി വന്ന എസ്.ആര്‍ ദാരാപുരി പറയുന്നു. പൗരത്വ സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി തന്നെ രംഗത്തുവരേണ്ടിവന്നു.

യു.പിയിലെ ക്രമസമാധാന തകര്‍ച്ചയെ ജംഗിള്‍ രാജ്, ബുള്ളറ്റ് രാജ് എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്രമവും കൈയേറ്റവുമെല്ലാം കൈമുതലാക്കി നടക്കുന്ന ഭരണമാണ്. മുഖ്യമന്ത്രിക്ക് ബുള്‍ഡോസര്‍ നാഥ് എന്ന വിളിപ്പേര് പോലും ലഭിച്ചിരിക്കുന്നു. അടിച്ചമര്‍ത്തലുകള്‍ നിറഞ്ഞ കഠിനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവിടെ നിയമവാഴ്ചയല്ല, വാഴുന്നവന്റെ നിയമമാണ് പ്രാബല്യത്തില്‍- ദാരാപുരി വ്യക്തമാക്കുന്നു.

എം.പി എന്ന നിലയില്‍ ഗോരഖ്പൂരിന്റെ വികസനത്തിന് ഒന്നും ചെയ്തിട്ടില്ല യോഗി. മുഖ്യമന്ത്രിയായ ശേഷം വാഗ്ദാനങ്ങളും പാലിച്ചില്ല, ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ തോല്‍വിക്ക് പോലും ഇത് കാരണമായി- ഒമര്‍ പറയുന്നു. എന്നിരിക്കിലും ബി.ജെ.പിയുടെ താരപ്രചാരകന്‍ തന്നെയാണ് യോഗി.

2016ല്‍ ഡോണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേള യോഗി ആഘോഷഭരിതമാക്കിയിരുന്നു. തനിക്ക് ഇവിടെ മാത്രമല്ല, ആഗോള രാഷ്ട്രീയത്തിലുമുണ്ട് സ്വരവും സ്വാധീനവും എന്ന് കാണിക്കാന്‍ നടത്തിയ ശ്രമമായാണ് അത് വിലയിരുത്തപ്പെട്ടത്. യോഗിയുടെ ആഗോളവീക്ഷണം അഖണ്ഡഭാരത സങ്കല്‍പമാണ്. അത് യു.പി അസംബ്ലിയിലും ഉദ്ഘോഷിക്കപ്പെട്ടിരുന്നു. നിലവിലെ ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ടിബറ്റ്, ശ്രീലങ്ക, ബര്‍മ എന്നിവ ചേര്‍ന്ന ഒരു ബ്രഹ്മാണ്ഡ ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ യത്‌നിക്കണമെന്നാണ് സംഘപരിവാറുകാര്‍ അണികളോട് ആഹ്വാനം ചെയ്യുന്നതും.

മോദിയുടെ പിന്‍ഗാമിയാവും ആദിത്യനാഥ് എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ അതിലേറെ പേര്‍ കരുതുന്നത് ഗുജറാത്തിലെ കുപ്രസിദ്ധമായ മുസ്‌ലിം വിരുദ്ധ വംശഹത്യയിലൂടെ ഹിന്ദുത്വത്തിന്റെ മുഖമായി മാറിയ മോദിയേക്കാള്‍ മിടുക്കനും കണിശക്കാരനും സമര്‍പ്പിതനുമാണ് യോഗി എന്നാണ്. അത് സംഭവിച്ചാല്‍ നമ്മുടെ ഭരണഘടന തന്നെ ഇല്ലാതാക്കി ഹിന്ദു മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കപ്പെടും. പിന്നീട് ജനാധിപത്യം എന്നൊന്ന് അവശേഷിക്കില്ല, സ്വേച്ഛാധിപത്യം മാത്രമാകും ബാക്കിയെന്ന് ദാരാപൂരി പറയുന്നു.

മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി യോഗി സര്‍ക്കാരിന് തെല്ലും സങ്കോചമില്ല. പുതിയ നയങ്ങളും നിയമങ്ങളും ശിക്ഷാരീതികളും ശക്തിയുമുപയോഗിച്ച് ശിക്ഷിച്ച് നാടു നന്നാക്കാമെന്നാണ് അവര്‍ കരുതുന്നത്. ‘മൂല്യങ്ങളെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തയില്ലാത്ത, അധികാരം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയമോഹികള്‍ക്ക് ആദിത്യനാഥിന്റെ രാഷ്ട്രീയ സഞ്ചാരപഥം ഒരു മാതൃകാപുസ്തകമാണ്. തരിമ്പ് വികസനം നല്‍കാതെ വര്‍ഗീയ വിഷം മാത്രം വിളമ്പി അനുയായികളെയും ജനക്കൂട്ടത്തെയും ഒപ്പം നിര്‍ത്താനാകുമെന്ന് അയാള്‍ തെളിയിച്ചിരിക്കുന്നു,’ സുഭാഷിണി അലി ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാപരമായ ഒരു നിയന്ത്രണങ്ങളും ഗൗനിക്കാതെ വര്‍ചസ്വ- സമ്പൂര്‍ണ പരമാധികാരം, ആസ്വദിക്കുകയാണിദ്ദേഹം.
സാമൂഹിക-സാമ്പത്തിക അടിയന്തരാവസ്ഥയിലാണ് യു.പി. അതിന് കാരണഭൂതനായയാള്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യപദത്തിലെത്തിയാല്‍ പിന്നീടുള്ള കാര്യങ്ങള്‍ അചിന്ത്യമാണ്- ഒരു മതം, ഒരു രാഷ്ട്രീയം, ഒരു ഭാഷ ഇതൊക്കെയാവും വന്നു ഭവിച്ചേക്കുക- സുശീല്‍ മുന്നറിയിപ്പ് നല്‍കുന്നു.


Content Highlight: Neha Dixit writes about the political growth of Yogi Adityanath

നേഹ ദീക്ഷിത്
മാധ്യമപ്രവര്‍ത്തക