സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലക്ക് കഴിഞ്ഞു.
മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമായ വാഴൈയിലും നിഖില പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വാഴൈ എന്ന സിനിമ കരിയറില്‍ ഉണ്ടാക്കിയ ഇംപാക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. സിനിമയിലെത്തി 15 വര്‍ഷമായെങ്കിലും വാഴൈ പോലൊരു സിനിമ താന്‍ ചെയ്തിട്ടില്ലെന്ന് നിഖില പറഞ്ഞു.
ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാരി സെല്‍വരാജിന്റെ പാറ്റേണ്‍ എങ്ങനെയാണെന്ന് അറിയില്ലായിരുന്നെന്നും ഒരുപാട് കാര്യങ്ങള്‍ ആ സെറ്റില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍ രണ്ട് കുട്ടികളാണെന്നും അവര്‍ക്ക് മുമ്പ് സിനിമ ചെയ്ത് എക്‌സ്പീരിയന്‍സില്ലായിരുന്നെന്നും നിഖില വിമല്‍ പറഞ്ഞു.
ഷോട്ട് ഡിവിഷന്‍ പോലുള്ള കാര്യങ്ങള്‍ അവര്‍ക്ക് അറിയില്ലായിരുന്നെന്നും ഏതെങ്കിലും ഒരു ഷോട്ട് എടുക്കണമെങ്കില്‍ എല്ലാം ആദ്യം തൊട്ട് ചെയ്യേണ്ട അവസ്ഥയായിരുന്നെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഓരോ സീന്‍ ചെയ്ത് കഴിയുമ്പോഴും എക്‌സ്‌ഹോസ്റ്റഡാകുന്ന അവസ്ഥയായിരുന്നെന്നും പുതിയൊരു അനുഭവമായിരുന്നു ആ ചിത്രമെന്നും നിഖില വിമല്‍ പറഞ്ഞു. ചിത്രത്തിന് കിട്ടിയ സ്വീകാര്യത തനിക്ക് സന്തോഷം തന്നെന്നും നിഖില പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നിഖില വിമല്‍.
‘സിനിമയിലെത്തിയിട്ട് ഏതാണ്ട് 15 വര്‍ഷമായി. പക്ഷേ, വാഴൈ പോലൊരു സിനിമ ഇത്രയും കാലത്തിനിടക്ക് ചെയ്തിട്ടില്ല. എല്ലാം കൊണ്ടും വ്യത്യസ്തമായ അനുഭവമായിരുന്നു ആ സിനിമയുടെ സെറ്റ്. മാരി സെല്‍വരാജ് എന്ന ഡയറക്ടറെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാറ്റേണ്‍ എങ്ങനെയാണെന്ന് യാതൊരു ഐഡിയയുമില്ലായിരുന്നു. ആ പടത്തില്‍ മെയിന്‍ റോള്‍ ചെയ്തത് രണ്ട് കുട്ടികളായിരുന്നു.
അവര്‍ക്കാണെങ്കില്‍ ഷോട്ട് ഡിവിഷന്‍ എന്താണെന്നൊന്നും അറിയില്ലായിരുന്നു. അതുകൊണ്ട് അവരുടെ ക്ലോസപ്പ് ഷോട്ട് ഏതെങ്കിലും എടുക്കണമെങ്കില്‍ ആ സീന്‍ മുഴുവന്‍ ആദ്യം മുതലേ എടുക്കണമായിരുന്നു. ഓരോ സീന്‍ ചെയ്ത് കഴിയുമ്പോഴേക്കും എക്‌സ്‌ഹോസ്റ്റഡാകും. സിനിമക്ക് നല്ല സ്വീകാര്യത കിട്ടിയതും എന്റെ ക്യാരക്ടറിനെപ്പറ്റി ആളുകള്‍ സംസാരിച്ചതും കണ്ടപ്പോള്‍ സന്തോഷം തോന്നി,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal saying she never did a movie like Vaazhai in her career