ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് പരാജയം. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ തോല്‍വിയേറ്റുവാങ്ങിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 321 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 260 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
Clinical New Zealand down Pakistan in #ChampionsTrophy 2025 opener 👏#PAKvNZ 📝: https://t.co/E5MS83KLLA pic.twitter.com/JpcqY5664Q
— ICC (@ICC) February 19, 2025
മത്സരത്തില്‍ ടോസ് നേടിയ പാക് നായകന്‍ മുഹമ്മദ് റിസ്വാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
കെയ്ന്‍ വില്യംസണടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥം, ഓപ്പണര്‍ വില്‍ യങ് എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്.
2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടവുമായാണ് വില്‍ യങ് സെഞ്ച്വറി നേടിയത്. 113 പന്തില്‍ 12 ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 107 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിന് പുറത്തെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനായി സെഞ്ച്വറി നേടുന്ന നാലാമത് താരമായും മാറി.
വില്‍ യങ്ങിന്റെ സെഞ്ച്വറി പിറവിയെടുത്ത് അധികം കാത്തുനില്‍ക്കാതെ ടോം ലാഥവും തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 104 പന്ത് നേരിട്ട താരം പുറത്താകാതെ 118 റണ്‍സാണ് അടിച്ചെടുത്തത്. പത്ത് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ സെഞ്ച്വറി.
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായാണ് രണ്ട് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ ഒരു മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ഒരു ടൂര്‍ണമെന്റില്‍ തന്നെ രണ്ട് സെഞ്ച്വറി പിറക്കുന്നതും ഇതാദ്യമായാണ്.
ഇതിന് പുറമെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഗ്ലെന്‍ ഫിലിപ്‌സും കിവീസ് നിരയില്‍ നിര്‍ണായകമായി. 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സറുമായി 61 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് 320ലെത്തി.
പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടി. അബ്രാര്‍ അഹമ്മദാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ വളരെ പതിയെയാണ് ബാറ്റ് വീശിയത്. ആദ്യ പത്ത് ഓവറില്‍ വെറും 22 റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. ഇതിനിടെ ഓപ്പണര്‍ സൗദ് ഷക്കീലും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും പുറത്താവുകയും ചെയ്തു.
ഷക്കീല്‍ 19 പന്തില്‍ ആറ് റണ്‍സിന് മടങ്ങിയപ്പോള്‍ 14 പന്തില്‍ മൂന്ന് റണ്‍സാണ് റിസ്വാന് നേടാന്‍ സാധിച്ചത്.
നാലാം നമ്പറില്‍ ക്രീസിലെത്തിയ ഫഖര്‍ സമാന്‍ 41 പന്തില്‍ 24 റണ്‍സുമായി മടങ്ങി.
അഞ്ചാം നമ്പറിലെത്തിയ സല്‍മാന്‍ അലി ആഘയെ ഒപ്പം കൂട്ടി ബാബര്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. പതിയെയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ ആരംഭിച്ചു.
നാലാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്ത് നഥാന്‍ സ്മിത് കിവികള്‍ക്ക് ബ്രേക് ത്രൂ നല്‍കി. 28 പന്തില്‍ 42 റണ്‍സുമായാണ് ആഘാ സല്‍മാന്‍ പുറത്തായത്. പിന്നാലെയെത്തിയ തയ്യിബ് താഹിറാകട്ടെ വന്നതുപോലെ മടങ്ങി.
ഖുഷ്ദീല്‍ ഷായുടെ ചെറുത്തുനില്‍പ്പിനാണ് കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയം ശേഷം സാക്ഷ്യം വഹിച്ചത്. ടീമിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെക്കാള്‍ മികച്ച രീതിയില്‍ താരം സ്‌കോര്‍ ചെയ്തു.
Maiden ODI half-century for @KhushdilShah_!
It’s been a fighting effort from the southpaw 🏏#PAKvNZ | #ChampionsTrophy | #WeHaveWeWill pic.twitter.com/Ob5HnMbTly
— Pakistan Cricket (@TheRealPCB) February 19, 2025
ഇതിനിടെ ബാബര്‍ അസവും പുറത്തായി. 90 പന്തില്‍ 64 റണ്‍സടിച്ചാണ് മുന്‍ നായകന്‍ പുറത്തായത്.
എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ഷഹീന്‍ അഫ്രിദിയുടെ കാമിയോക്കും അധികം ആയുസുണ്ടായിരുന്നില്ല. 13 റണ്‍സുമായി സൂപ്പര്‍ പേസറും പുറത്തായി.
ടീം സ്‌കോര്‍ 229ല്‍ നില്‍ക്കവെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായ ഖുഷ്ദില്‍ ഷായുടെ വിക്കറ്റും ടീമിന് നഷ്ടമായി. 49 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സറുമായി 69 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പിന്നാലെയെത്തിയവരില്‍ ഹാരിസ് റൗഫ് ഒഴികെ മറ്റാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ പാകിസ്ഥാന്‍ 260ന് പുറത്താവുകയും 60 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.
കിവികള്‍ക്കായി വില്‍ ഒ റൂര്‍കും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മാറ്റ് ഹെന്‌റി രണ്ട് വിക്കറ്റും നേടി. മൈക്കല്‍ ബ്രേസ്വെല്ലും നഥാന്‍ സ്മിത്തുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
ഫെബ്രുവരി 23ന് ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ദുബായാണ് വേദി.
ഫെബ്രുവരി 24ന് കിവികളും തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങും. റാവല്‍പിണ്ടിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.
Content Highlight: ICC Champions Trophy: PAK vs NZ: New Zealand defeated Pakistan