Entertainment
ലൈക്കയെ രക്ഷിക്കാന്‍ ഇനി എമ്പുരാന്‍ തന്നെ വരണം, ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ വിടാമുയര്‍ച്ചിയും പരാജയം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 04:05 pm
Wednesday, 19th February 2025, 9:35 pm

സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ്. വിജയ് നായകനായ കത്തി എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് ലൈക്ക ഇന്ത്യന്‍ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴിലും ഒരുപിടി ഹിറ്റുകള്‍ ലൈക്ക പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ലൈക്കയുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറുകയാണ്.

ചന്ദ്രമുഖി 2, വേട്ടൈയന്‍, ലാല്‍ സലാം എന്നീ ചിത്രങ്ങള്‍ പരാജയമായപ്പോള്‍ ഇന്ത്യന്‍ 2 ലൈക്കക്ക് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ചിത്രമായി മാറി. അജിത് നായകനായ വിടാമുയര്‍ച്ചി ലൈക്കയുടെ പരാജയ പരമ്പരയ്ക്ക്  അന്ത്യം കുറിക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രോമിസിങ്ങായിരുന്നു.

എന്നാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചില്ല. 220 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 140 കോടി മാത്രമാണ് നേടിയത്. പൊങ്കല്‍ റിലീസായി ആദ്യം അനൗണ്‍സ് ചെയ്ത ചിത്രം പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിന്റെ റീമേക്കായെത്തിയ വിടാമുയര്‍ച്ചിക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്തത്.

അജിത് നായകനായ ചിത്രത്തില്‍ തൃഷയാണ് നായികയായെത്തിയത്. അര്‍ജുന്‍ സര്‍ജ, റെജീന കസാന്‍ഡ്ര എന്നിവര്‍ വില്ലന്‍ വേഷത്തിലെത്തിയ ചിത്രത്തിന് അനിരുദ്ധാണ് സംഗീതമൊരുക്കിയത്. പൂര്‍ണമായും അസര്‍ബൈജാനില്‍ ഒരുങ്ങിയ ചിത്രം ടെക്‌നിക്കലി മികച്ച ക്വാളിറ്റി പുലര്‍ത്തിയിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ചിത്രത്തെ വേണ്ട രീതിയില്‍ സ്വീകരിക്കാത്തത് തിരിച്ചടിയായി മാറി.

ലൈക്കയെ പരാജയത്തില്‍ നിന്ന കൈപിടിച്ചുയര്‍ത്താന്‍ ഇനി എമ്പുരാന് മാത്രമേ സാധിക്കുള്ളൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന മലയാളചിത്രം കൂടിയാണ് എമ്പുരാന്‍. തുടര്‍പരാജയങ്ങള്‍ കാരണം എമ്പുരാനില്‍ നിന്ന് ലൈക്ക പിന്മാറുന്നുവെന്ന തരത്തില്‍ ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും സംവിധായകന്‍ പൃഥ്വിരാജ് അതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു.

ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. ആദ്യ ഭാഗത്തില്‍ നിന്ന് വളരെ വലിയ കഥയാണ ചിത്രം പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്, സച്ചിന്‍ ഖേടേക്കര്‍ തുടങ്ങി വന്‍ താരനിര എമ്പുരാനില്‍ അണിനിരക്കുന്നുണ്ട്. ഐമാക്‌സ് ഫോര്‍മാറ്റിലുള്‍പ്പെടെ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vidaamuyarchi failed to retrieve budget from Box Office