national news
നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതിയുടെ വീട് ബുള്‍ഡോസ് ചെയ്തു; നടപടി ഫഡ്‌നാവിസിന്റെ നിർദേശത്തിന് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Monday, 24th March 2025, 1:03 pm

മുംബൈ: ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് നഗരസഭ. വീടിന്റെ പ്ലാനിന് നഗരസഭയുടെ അനുമതിയില്ലെന്ന് കാണിച്ചാണ് നടപടി.

സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ഫഹീം ഖാന്റെ വീടാണ് നാഗ്പൂര്‍ നഗരസഭ തകര്‍ത്തത്. കലാപത്തിന് ശേഷം, മാര്‍ച്ച് 20ന് നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഫഹീം ഖാന്റെ വീട് മഹാരാഷ്ട്ര റീജിയണല്‍ ആന്‍ഡ് ടൗണ്‍ പ്ലാന്‍ ആക്ട് ലംഘിച്ച് നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.

ഫഹീം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 86.48 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന്റെ ഒരു ഭാഗമാണ് അധികൃതര്‍ പൊളിച്ചത്. കൈയേറ്റം ആരോപിച്ചാണ് വീടിന്റെ ഒരു ഭാഗം ഇടിച്ച് നിരത്തിയത്.

എന്നാല്‍ വീടിന്റെ ബാക്കിനില്‍ക്കുന്ന ഭാഗങ്ങള്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് നഗരസഭാ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് സജ്ജമാക്കിയിരുന്നത്. പക്ഷെ നടപടിക്കെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫഹീം ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് ആരോപിച്ചാണ് ഫഹീം ഖാനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനുപുറമെ നാഗ്പൂരിലെ സംഘര്‍ഷത്തിലുണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അവ വില്‍ക്കുമെന്നും ഫഡ്നാവിസ് മുന്നറിയിപ്പ് നല്‍കി.

ആരെയും വെറുതെ വിടില്ലെന്നും അക്രമത്തിനെതിരെ സര്‍ക്കാരിന് ഉറച്ച നിലപാടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഗ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 104 പേരെ തിരിച്ചറിയുകയും അതില്‍ 92 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഫഡ്നാവിസ് അറിയിച്ചു.

നാഗ്പൂരില്‍ വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്.

ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്.

Content Highlight: House of accuse arrested in Nagpur violence bulldozed; action taken after Fadnavis’s directive