അങ്കാറ: നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 200ലധികം ആളുകളെ അറസ്റ്റ് ചെയ്ത് തുര്‍ക്കി സര്‍ക്കാര്‍. നിരോധിത സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.
282 പേരെ കസ്റ്റഡിയിലെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. ഇടതുപക്ഷക്കാരായ രാഷ്ട്രീയ നേതാക്കളെയും എല്‍.ജി.ബി.ടി.ക്യു മാധ്യമപ്രവര്‍ത്തകരെയും കുര്‍ദിഷ് അനുകൂലികളെയുമാണ് ടര്‍ക്കിഷ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ഗായകനും മുന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായ പിനാര്‍ ഐഡിന്‍ലാര്‍, റെവല്യൂഷണറി സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സഹ ചെയര്‍മാന്‍ സെനോള്‍ കാരകാസ്, മനുഷ്യാവകാശ അഭിഭാഷകന്‍ നൂര്‍കാന്‍ കയ, എല്‍.ജി.ബി.ടി.ക്യു അവകാശ പ്രവര്‍ത്തകനായ യില്‍ഡിസ് ടാര്‍ തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവിവരില്‍ ഉള്‍പ്പെടുന്നു.
ലേബര്‍ പാര്‍ട്ടി, പീപ്പിള്‍സ് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്നീ ഇടത് പാര്‍ട്ടി നേതാക്കളും തുര്‍ക്കി സര്‍ക്കാരിന്റെ കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി രാജ്യത്തുടനീളം കുര്‍ദിഷ് ഓപ്പറേഷന്‍ നടക്കുകയാണ്. ഭീകരതയില്ലാത്ത തുര്‍ക്കിയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ എക്സില്‍ പറഞ്ഞു. രാജ്യത്തെ സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓപ്പറേഷനെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തി, ധനസഹായം കൈമാറി, റിക്രൂട്ട്‌മെന്റുകള്‍ക്ക് നേതൃത്വം നല്‍കി, കുര്‍ദിഷ് പരിപാടികളില്‍ പങ്കാളികളായി എന്നീ കുറ്റങ്ങളാണ് കസ്റ്റഡിലുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഓപ്പറേഷന് പിന്നാലെ തുര്‍ക്കി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി രൂക്ഷമായ പ്രതിഷേധം ഉയരുന്നുണ്ട്. തുര്‍ക്കി എല്‍.ജി.ബി.ടി.ക്യു സൗഹൃദപരമായ രാജ്യമല്ലെന്ന് അവകാശപ്രവര്‍ത്തകനായ ടാര്‍ പ്രതികരിച്ചു.
സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണത്തിന്റെ പേരില്‍ തടവിലായ മാധ്യമപ്രവര്‍ത്തകരായ എക്രൂമെന്റ് അക്‌ഡെനിസ്, എലിഫ് അക്കുള്‍ എന്നിവരും അറസ്റ്റിനെ അപലപിച്ചു. മാധ്യമപ്രവര്‍ത്തകരെ മോശമായി കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മോശമായ രാജ്യമാണ് തുര്‍ക്കിയെന്ന് രാജ്യത്തെ സ്വതന്ത്ര മാധ്യമ സംഘടനകളും പ്രതികരിച്ചു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയും പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനും മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതായി തുര്‍ക്കിയില്‍ ആരോപണമുണ്ട്.
1974ല്‍ അബ്ദുല്ല ഒസലന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയാണ് പി.കെ.കെ. റെവല്യൂഷണറി സോഷ്യലിസവും കുര്‍ദിഷ് ദേശീയതയുമായിരുന്നു പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം.
കുര്‍ദ് ഭൂരിപക്ഷ ഭൂപ്രദേശത്തില്‍ ഒരു സ്വതന്ത്ര മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് രാജ്യം സ്ഥാപിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. യു.എസ്, യൂറോപ്യന്‍ യുണിയന്‍, നാറ്റോ എന്നിവര്‍ പി.കെ.കെയെ ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Turkey: Mass detention snares leftist, pro-Kurdish and LBGTQ journalists