Kerala News
ഗവര്‍ണര്‍ക്ക് അതൃപ്തി; യു.ജി.സി കരടിനെതിരായ കണ്‍വെന്‍ഷന്‍ സര്‍ക്കുലര്‍ തിരുത്തി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 19, 04:31 pm
Wednesday, 19th February 2025, 10:01 pm

തിരുവനന്തപുരം: യു.ജി.സി കരടിനെതിരായ കണ്‍വെഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അതൃപ്തി അറിയിച്ചതോടെയാണ് സര്‍ക്കാരിന്റെ തീരുമാനം. യു.ജി.സി കരടിന് ‘എതിരായ’ കണ്‍വെന്‍ഷന്‍ എന്നതിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

‘യു.ജി.സി കരട് റെഗുലേഷന്‍; ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വന്‍ഷന്‍’ എന്നായിരുന്നു സര്‍ക്കുലറില്‍ ആദ്യം പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് യു.ജി.സി റെഗുലേഷന്‍-ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്. സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം യു.ജി.സി കരട് നയത്തിനെതിരായ കണ്‍വെന്‍ഷനില്‍ കണ്ണൂര്‍ സര്‍വകലാശാല വി.സി പ്രൊഫ. ഡോ. കെ.കെ. സാജു പങ്കെടുക്കില്ല. പ്രതിഷേധ പരിപാടിയായതിനാല്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് സര്‍വകലാശാലയുടെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. താത്പര്യമുള്ളവര്‍ക്ക് അവധിയെടുത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്നാണ് അറിയിപ്പ്.

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2025 ജനുവരി ആറിലെ യു.ജി.സി കരട് റെഗുലേഷനുകള്‍ സംബന്ധിച്ച ദേശീയ കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.

ചീഫ് സെക്രട്ടറി ഉള്‍പ്പടെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജന്‍സികളുടെ മേധാവികളും വിവിധ സര്‍വകലാശാല നേതൃത്വങ്ങളും അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും അനധ്യാപക ജീവനക്കാരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

അമിതാധികാര കേന്ദ്രീകരണ സമീപനത്തോടുകൂടിയ കേന്ദ്ര സര്‍ക്കാരിന്റെയും യു.ജി.സിയുടെ ഇടപെടലിനെ പ്രതിരോധിക്കുന്ന ദേശീയാടിസ്ഥാനത്തിലുള്ള പ്രതികരണവേദി എന്ന നിലയിലാണ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുന്നതെന്ന് ആര്‍. ബിന്ദു അറിയിച്ചിരുന്നു.

ഫെഡറല്‍ തത്വങ്ങള്‍, സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശങ്ങള്‍ എന്നിവയ്ക്ക് തിരിച്ചടിയാകുന്ന ഉള്ളടക്കങ്ങളാണ് യു.ജി.സി കരട് നയത്തിലുള്ളതെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

യു.ജി.സിയുടെ കരട് നയത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്.

Content Highlight: Governor displeased; Government amends convention circular against UGC draft