മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്‍.ഡി.എ ഒരു പാര്‍ട്ടിയുടെയും കുത്തകയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. എന്‍.ഡി.എയില്‍ ഇപ്പോഴുള്ളത് പേയിങ് ഗസ്റ്റുകളാണെന്നും ഇന്ത്യാ ടുഡേ ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ റാവത്ത് ആരോപിച്ചു.
ശിവസേനയെ പരോക്ഷമായി ലക്ഷ്യമിട്ട് എന്‍.ഡി.എ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗമാണ് റാവത്തിനെ ചൊടിപ്പിച്ചത്. ‘മുന്നണിയിലെ സഖ്യകക്ഷികള്‍ക്കു വ്യത്യസ്തമായ ആശയങ്ങളുണ്ടായിരിക്കാം. പക്ഷേ അവരെല്ലാം ഒറ്റക്കുടുംബമാണ്.
ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ആരും അസ്വസ്ഥരാകരുത്.’- എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
ബി.ജെ.പി ദേശവിരുദ്ധ പാര്‍ട്ടിയായ പി.ഡി.പിയെ എന്‍.ഡി.എയിലേക്കു കൊണ്ടുവന്നവരാണെന്ന് ഇതിനു മറുപടിയായി റാവത്ത് പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന്‍ എന്നിവര്‍ മോദിക്കെതിരെ സംസാരിച്ചിട്ടുള്ളവരാണ്.
എന്നാല്‍ അവരൊക്കെ ഇപ്പോഴും എന്‍.ഡി.എയിലുണ്ട്. പഴയ എന്‍.ഡി.എയേക്കാളും ഇന്നത്തെ എന്‍.ഡി.എയ്ക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്‍.ഡി.എയുടെ നിലനില്‍പ്പിനെക്കുറിച്ച് ചോദ്യമുയര്‍ന്നു വരേണ്ടതുണ്ട്. ഒരു പാര്‍ട്ടിയുടെയും കുത്തകയല്ല എന്‍.ഡി.എ.
പല പാര്‍ട്ടികള്‍ പലപ്പോഴായി ചേര്‍ന്നുണ്ടായതാണത്. പലര്‍ക്കും പല ആശയങ്ങളായിരിക്കാം. എന്തായാലും ഞങ്ങളും അതിന്റെ ഭാഗമായിരുന്നു.’- റാവത്ത് പറഞ്ഞു.
പാര്‍ലമെന്റില്‍ ഇനിമുതല്‍ സേനാ എം.പിമാര്‍ക്കു പ്രതിപക്ഷത്തായിരിക്കും സീറ്റെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുകയാണ്.
സേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചതും കോണ്‍ഗ്രസും എന്‍.സി.പിയുമായും ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതും കണക്കിലെടുത്താണ് ഇതെന്ന് ജോഷി വ്യക്തമാക്കി.
‘ശിവസേനയുടെ മന്ത്രി എന്‍.ഡി.എ സര്‍ക്കാരില്‍ നിന്നു രാജിവെച്ചു. അവര്‍ ഇന്നത്തെ എന്‍.ഡി.എ യോഗത്തില്‍ നിന്നു വിട്ടുനിന്നു. കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു.
അതുകൊണ്ട് ഇരുസഭകളിലും സീറ്റ് നല്‍കുകയെന്നതു സ്വാഭാവികമാണ്.’- ജോഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.