ദ്രൗപതി മുര്‍മു എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
national news
ദ്രൗപതി മുര്‍മു എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st June 2022, 9:59 pm

ന്യൂദല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ദ്രൗപതി മുര്‍മുവാണ് ഇക്കുറി എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. ആദ്യമായാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രതിഭാ പാട്ടീലിന് ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതയെന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിനുണ്ട്.

ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 20 പേരുടെ പേരുകള്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഇതില്‍ നിന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു.

മുന്‍ ഒഡീഷ മന്ത്രിയായും, ജാര്‍ഖണ്ഡ് ഗവര്‍ണറായും സ്ഥാനമേറ്റിട്ടുള്ള വ്യക്തിയാണ് ദ്രൗപതി മുര്‍മു. ആദിവാസി മേഖലയില്‍ നിന്നും സ്ഥാനാര്‍ത്ഥി വേണമെന്ന പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും ജെ.പി നദ്ദ വ്യക്തമാക്കി.

ബി.ജെ.പിയില്‍ നിന്നു തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ച വ്യക്തി കൂടിയാണ് മുര്‍മു. ഫിഷറീസ്, ഗതാഗതം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളും മുര്‍മു കൈകാര്യം ചെയ്തിട്ടുണ്ട്. ഒഡീഷ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് കാര്യമായ വളര്‍ച്ചയില്ലാതിരുന്ന സമയത്തും ബി.ജെ.പിയെ മുന്നില്‍ നിന്നു നയിച്ച വ്യക്തിയായിരുന്നു ദ്രൗപതി മുര്‍മു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് മുര്‍മുവിനെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മാറ്റുന്നത്.

മുന്‍പ് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും മുര്‍മുവിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് രാജ്‌നാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: NDA candidate announced, says she would be the first candidate from tribal community