ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യംവെച്ചുള്ളത്; അദാനി വിഷയത്തിന് പാര്‍ലമെന്റില്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നു: ശരദ് പവാര്‍
Kerala News
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യംവെച്ചുള്ളത്; അദാനി വിഷയത്തിന് പാര്‍ലമെന്റില്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നു: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th April 2023, 9:13 pm

മുംബൈ: ഗൗതം അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. അദാനി വിഷയത്തിന് പാര്‍ലമെന്റില്‍ അനാവശ്യ പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

‘അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചപ്പോഴുള്ള ജെ.പി.സി അന്വേഷണം അനാവശ്യമാണ്.

രാജ്യത്തെ ഒരു പ്രധാനപ്പെട്ട വ്യവസായ ഗ്രൂപ്പിനെയാണ് ഹിന്‍ഡന്‍ബെര്‍ഗ് ലക്ഷ്യംവെച്ചത്. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അന്വേഷണം വേണം. പാര്‍ലമെന്റില്‍ ജെ.പി.സി അന്വേഷണത്തിന് ആവശ്യമുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ എനിക്കതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ്,’ ശരദ് പവാര്‍ പറഞ്ഞു.

അദാനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനിടയിലാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍.സി.പിയുടെ ദേശീയ അധ്യക്ഷന്‍ തന്നെ വിഷയത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, നേരത്തെ അദാനി വിഷയത്തിലുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിന്ന് എന്‍.സി.പി വിട്ടുനിന്നിരുന്നു.