ചെന്നൈ: സിനിമാതാരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്. ഇരുവര്‍ക്കും ഇരട്ട കുട്ടികള്‍ ഉണ്ടായി എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ഐ.സി.എം.ആര്‍ നിര്‍ദേശപ്രകാരമുള്ള മാര്‍ഗനിര്‍ദേശം പാലിച്ചുകൊണ്ടല്ല വാടക ഗര്‍ഭധാരണം നടത്തിയതെന്ന പരാതി ഉയര്‍ന്നിരുന്നു.
ബുധനാഴ്ച വൈകീട്ടാണ് വാടകഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം 2016 മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇരുവരും ഈ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പായെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഐ.സി.എം.ആര്‍ നിര്‍ദേശപ്രകാരമുള്ള മാര്‍ഗനിര്‍ദേശമെല്ലാം പാലിച്ചുകൊണ്ടാണ് വാടക ഗര്‍ഭധാരണം നടത്തിയതെന്നും ആരോഗ്യവകുപ്പ് പറയുന്നു. വാടക ഗര്‍ഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിര്‍ദേശങ്ങള്‍ എല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ താരദമ്പതികളെ തീര്‍ത്തും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞിരുന്നത്. വാടകഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്നതോടെ വിവാദങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.
content highlight: Nayanthara – Vignesh Surrogacy Controversy In vain; Report that no law has been violated