കീവ്: ‘നോ ഫ്‌ളൈ സോണി’നായുള്ള ഉക്രൈന്റെ അഭ്യര്‍ത്ഥന നിരസിച്ച് നാറ്റോ. റഷ്യന്‍ മിസൈലുകളില്‍ നിന്നും യുദ്ധ വിമാനങ്ങളില്‍ നിന്നും ഉക്രൈന്റെ വ്യോമമേഖലയെ സംരക്ഷിക്കാനായിരുന്നു ഉക്രൈന്‍ നാറ്റോയോട് സഹായമഭ്യര്‍ത്ഥിച്ചത്. ഉക്രൈന്‍ ആവശ്യം തള്ളിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നാറ്റോയെ പിന്തുണച്ചു.
‘നോ ഫ്‌ളൈ സോണ്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് ഉക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ നാറ്റോയുടെ വിമാനങ്ങള്‍ റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിടുക എന്നാണ്. അത് യൂറോപ്പിലേക്ക് തന്നെ പടരുന്ന ഒരു യുദ്ധത്തിലേക്ക് നയിക്കും,’ ബ്ലിങ്കന്‍ പറഞ്ഞു.
ഉക്രൈന്റെ ആവശ്യം നിരസിച്ച നാറ്റോയുടെ തീരുമാനത്തെ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അപലപിച്ചു. ‘നോ ഫ്‌ളൈ സോണ്‍ സ്ഥാപിക്കാനുള്ള അഭ്യര്‍ത്ഥന നാറ്റോ സഖ്യത്തിന്റെ നേതൃത്വം തള്ളിയതോടെ ഉക്രൈന്‍ നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും മേല്‍ റഷ്യക്ക് കൂടുതല്‍ ബോംബാക്രമണത്തിനുള്ള പച്ചക്കൊടി കാണിച്ചിരിക്കുകയാണ്,’ സെലന്‍സ്‌കി പറഞ്ഞു.
അതിനിടയില്‍ റഷ്യന്‍ സൈന്യം പോക്രോവ്‌സ്‌കില്‍ ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഉക്രൈനിയന്‍ മാധ്യമമായ കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം അഗ്നിബാധക്കിരയായ ഉക്രൈനിലെ സപ്പോരിഷ്യ ആണവ നിലയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തെ ‘ആണവ ഭീകരത’യെന്നാണ് സെലന്‍സ്‌കി വിശേഷിപ്പിച്ചത്.
റഷ്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാല്‍ ഉക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചത്. ഉക്രൈനിലെ നഗരങ്ങളില്‍ ബോംബാക്രമണങ്ങളെ പറ്റിയുള്ള വാര്‍ത്തകളേയും പുടിന്‍ തള്ളിക്കളഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.