Kerala News
താജ്മഹലും ചെങ്കോട്ടയുമൊക്കെ ആരാണ് നിര്‍മിച്ചതെന്ന് ചോദിച്ചാല്‍ ബി.ജെ.പി എന്ത് മറുപടി പറയും? മുഗള്‍ ചരിത്രം തേച്ചുമായ്ക്കാനാവില്ലെന്ന് ഫാറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 09, 03:17 am
Sunday, 9th April 2023, 8:47 am

ന്യൂദല്‍ഹി: എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യം പരാമര്‍ശിക്കപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള.

മുഗള്‍ ചരിത്രം തേച്ചുമായ്ക്കാനാവില്ലെന്നും ഷാജഹാന്‍, ഔറംഗസേബ്, അക്ബര്‍, ബാബര്‍, ഹുമയൂണ്‍, ജഹാംഗീര്‍ എന്നിവരെ എങ്ങനെ മറക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘800 വര്‍ഷം മുഗളന്മാരാണ് ഭരിച്ചത്. ഹിന്ദുവും മുസ്‌ലിമും സിഖുകാരും ക്രിസ്ത്യാനിയും ഈ കാലഘട്ടത്തില്‍ ഒരു ഭീഷണിയും നേരിട്ടിട്ടില്ല. താജ്മഹല്‍ കാണിക്കുമ്പോള്‍, ആരാണ് ഇത് നിര്‍മിച്ചതെന്ന് ചോദിച്ചാല്‍ അവര്‍(ബി.ജെ.പി) എന്ത് പറയും? ചെങ്കോട്ടയെ അവര്‍ എങ്ങനെ മറയ്ക്കും. ഹുമയൂണിന്റെ ശവകുടീരം അന്താരാഷ്ട്ര പ്രശസ്തമാണ്. അത് മറയ്ക്കാനാകുമോ.

ബി.ജെ.പി സ്വന്തം കാലില്‍ കോടാലി കൊണ്ട് അടിക്കുകയാണ്. എത്ര ശ്രമിച്ചാലും ചിത്രം മാറില്ല. ചരിത്രം എന്നും നിലനില്‍ക്കും,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘സഖ്യം മാത്രമാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്, ഒറ്റക്ക് ആര്‍ക്കും പോരാടാനാവില്ല. അതുകൊണ്ട് ദേശീയ തലത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ഒന്നിക്കാനുള്ള വഴികള്‍ തേടണമെന്നാണ് എനിക്ക് പറയാനുള്ളത്,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.