ന്യൂദല്‍ഹി: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ലോക്‌സഭയില്‍ ദേശീയ പൗരത്വ ബില്‍ പാസായി. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്.
നേരത്തെ വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു. പി.കെ കുഞ്ഞാലികുട്ടി, എ.എം. ആരിഫ്, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആസദുദ്ദീന്‍ ഒവൈസി എന്നിവര്‍ നിര്‍ദ്ദേശിച്ച് ഭേദഗതികളാണ് വോട്ടിനിട്ടു തള്ളിയത്.
നേരത്തെ അസദുദീന്‍ ഒവൈസി ലോക്‌സഭയില്‍ പൗരത്വബില്‍ കീറിയെറിഞ്ഞിരുന്നു. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ഒവൈസി ആരോപിച്ചു 293 പേരാണ് ബില്‍ അവതരണത്തെ അനുകൂലിച്ചത്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്‌ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ.
പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് കലാപത്തിന് ശ്രമിക്കുകയാണ്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരിലുള്ള കള്ള പ്രചാരണം വിജയിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.
കോണ്‍ഗ്രസ് വിചിത്രമായ പാര്‍ട്ടിയാണ്. കേരളത്തില്‍ മുസ്ലീം ലീഗുമായാണ് സഖ്യമെന്നും മഹാരാഷ്ട്രയില്‍ ശിവസേനയുമായാണെന്നും പറഞ്ഞ ഷാ കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചെന്നും ഷാ പറഞ്ഞു.
പൗരത്വ ബില്ലിന്മേല്‍ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് പാര്‍ലമെന്റില്‍ നടന്നത്. ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞിരുന്നു.
ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ എന്നിങ്ങനെ ആറ് സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍.
കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ അസാധുവാകുകയായിരുന്നു.