ന്യൂദല്‍ഹി: സിക്കിം വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പലകാര്യങ്ങളും കള്ളമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ നൂറാമത്തെ വിമാനത്താവളമാണെന്നായിരുന്നു ഉദ്ഘാടനചടങ്ങില്‍ മോദി രാജ്യത്തോടായി പറഞ്ഞത്. തന്റെ സര്‍ക്കാരിന്റെ കാലത്ത് 35 വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചുവെന്നും മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2008 ലെ യു.പി.എ സര്‍ക്കാരാണ് സിക്കിമിലെ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. വിമാനത്താവളത്തിന്റെ 83 ശതമാനം ജോലികളും 2014 ജൂലൈയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ 2016 ല്‍ നിലവില്‍ വന്ന ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വിമാനത്താവളം പ്രവര്‍ത്തനസജ്ജമായത്.
“പല പ്രതികൂലസാഹചര്യങ്ങളും കാരണം 50 മാസം പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ, തുടര്‍ച്ചയായ ഹര്‍ത്താല്‍, ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്നിവയുടെ പ്രതിഷേധം, 2011 ലെ ഭൂകമ്പം തുടങ്ങിയവ പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമായി. വിമാനത്താവളത്തിന് സ്ഥലമേറ്റെടുത്തതിനെച്ചൊല്ലിയുള്ള പ്രതിഷേധവും ഇതിന് കാരണമായി.”- സിവില്‍ ഏവിയേഷന്‍ സഹമന്ത്രി സിദ്ധേശ്വര പറഞ്ഞ വാക്കുകളാണ് ഇത്.
ഇനി പ്രധാനമന്ത്രി പക്യോംഗ് വിമാനത്താവള ഉദ്ഘാടനചടങ്ങില്‍ പറഞ്ഞത് നോക്കാം:
പക്യോംഗ് വിമാനത്താവളം, സിക്കിമിലെ ആദ്യ വിമാനത്താവളവും രാജ്യത്തെ നൂറാമത്തെ വിമാനത്താവളവുമാണ്. നമ്മുടെ വ്യോമമേഖലയിലെ ചരിത്രനിമിഷമാണ് ഇത്. സിക്കിമില്‍ ഈ നിമിഷത്തിനായി എത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്.
രാജ്യത്ത് ഇപ്പോള്‍ 100 വിമാനത്താവളമാണ് ഉള്ളത്. ഇതില്‍ 35 വിമാനങ്ങളും കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഉദ്ഘാടനം ചെയ്തതാണ്. 67 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 2014 വരെ നിര്‍മ്മിച്ചത് 65 വിമാനത്താവളങ്ങളാണ്.
അതായത്, ഒരുവര്‍ഷം ഒരു വിമാനത്താവളം എന്ന ശരാശരിയില്‍. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് പ്രകാരം ശരാശരി ഒരു വര്‍ഷം 9 വിമാനത്താവളങ്ങളാണ് നിര്‍മ്മിച്ചത്.
ഇതായിരുന്നു മോദിയുടെ അവകാശവാദങ്ങള്‍.
എന്നാല്‍ രാജ്യത്ത് വ്യോമമേഖലയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്വം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്.
സിവില്‍ ഏവിയേഷന്റെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
2017-18ലെ വാര്‍ഷിക കണക്കിനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ളത് 129 വിമാനത്താവളങ്ങളാണ്. ഇതില്‍ 23 അന്താരാഷ്ട്ര വിമാനത്താവളങ്ങളും 78 ആഭ്യന്തരവിമാനത്താവളങ്ങളും എട്ട് കസ്റ്റംസ് വിമാനത്താവളങ്ങളും 20 സിവില്‍ വിമാനത്താവളങ്ങളുമാണ്.
2018 ജൂലൈ 19 നും ആഗസ്റ്റ് 8 നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്ക് പ്രകാരം 129 വിമാനത്താവളങ്ങളില്‍ 101 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനസജ്ജവും 28 എണ്ണം പൂര്‍ണ്ണപ്രവര്‍ത്തനസജ്ജമല്ലാത്തതുമാണ്.
2014 ഡിസംബര്‍ വരെ രാജ്യത്തെ വിമാനത്താവളങ്ങുടെ എണ്ണം 125 ആണെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്. 2014 ഡിസംബര്‍ 1 വരെ ഇവയില്‍ 94 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്‌സും പ്രവര്‍ത്തനസജ്ജവും 31 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്‌സും പൂര്‍ണ്ണപ്രവര്‍ത്തനസജ്ജമല്ലാത്തതുമാണ്.
അതായത് 2014-18 കാലയളവില്‍ രാജ്യത്തെ പ്രവര്‍ത്തനസജ്ജമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചത് ഏഴെണ്ണം മാത്രമാണ്. പ്രധാനമന്ത്രി പറഞ്ഞ 35 വിമാനത്താവളങ്ങള്‍ എന്ന അവകാശവാദം ശരിയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര-ആഭ്യന്തരവിമാനത്താവളങ്ങളുടെ മാത്രം കണക്കെടുത്താല്‍ തന്നെ 100 വിമാനത്താവളങ്ങള്‍ ഇന്ത്യയിലുണ്ട്. പക്യോംഗ് വിമാനത്താവളം ഇത് പ്രകാരം 101-ാമത് വിമാനത്താവളമാണ്.
4500 അടി ഉയരമുള്ള മലമുകളില്‍ 201 ഏക്കറിലായാണ് പക്യോംഗ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1.75 കി.മി നീളമുള്ള റണ്‍വേയുടെ ഇരുവശങ്ങളും താഴ്വാരത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. നൂറ് പേരെ ഉള്‍ക്കൊള്ളാവുന്ന വിമാനത്താവളമാണ് സിക്കിമിലേത്.
WATCH THIS VIDEO: