ജാമ്യത്തിലിറങ്ങി മത്സരിക്കുന്ന സോണിയയും രാഹുലും എന്തു കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ല; മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് മോദി
ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ സിങ്ങ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട് സിഖ് വിരുദ്ധ കലാപവും, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിലിറങ്ങിയാണ് മത്സരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മോദി പ്രജ്ഞ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വത്തെ സാധൂകരിക്കുന്നത്.
‘ജാമ്യത്തില്‍ പുറത്തിറങ്ങി നടക്കുന്ന അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ഥികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതില്ലെ? എന്നാല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി ഭോപാലില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നു. ഒരു സ്ത്രീ, ഒരു സ്വാധി, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആരും ഒരു വിരലു പോലും അനക്കിയില്ല’- മോദി പറയുന്നു.
ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തെ പരസ്യമായി ന്യായീകരിച്ച രാജീവ് ഗാന്ധി പിന്നീട് പ്രധാനമന്ത്രിയായെന്നും, സിഖ് വിരുദ്ധ കലാപത്തില്‍ സുപ്രധാന പങ്കു വഹിച്ച കമല്‍നാഥ് ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയാണെന്നും മോദി പറഞ്ഞു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് നാനാവതി കമ്മീഷന്‍ കമല്‍നാഥിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ കമല്‍ നാഥിനെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
2011ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം പ്രജ്ഞ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇത് വിവാദമായതിന് പിന്നാലെ അവര്‍ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
പ്രജ്ഞ സിങ്ങ് താക്കൂറിനെ ഭോപാലില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിന്റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും, പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രജ്ഞയ്ക്ക് 2017ലാണ് ജാമ്യം ലഭിച്ചത്. തനിക്ക് സ്തനാര്‍ബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാന്‍ കഴിയില്ലെന്നും പ്രജ്ഞ സിങ്ങ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കനത്ത വെയിലിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പൂര്‍ണ ആരോഗ്യം പ്രഗ്യാ സിങ്ങിനുണ്ടെന്നും, അവര്‍ കോടതിയെ തെറ്റദ്ധരിപ്പിക്കുകയായിരുന്നെന്നും നിസാര്‍ കോടിയോട് പറഞ്ഞിരുന്നു.
2008 ല്‍ നടന്ന മലേഗാവ് സ്‌ഫോടനത്തില്‍ 6 പേരാണ് കൊല്ലപ്പെട്ടത്.