തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സി.പി.ഐ.എം. സംസഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവനാണ് വിഷയത്തിലെ സി.പി.ഐ.എമ്മിന്റെ നിലപാട് വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുമെന്നും, വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാടുകളോ പരാമര്‍ശങ്ങളോ ആരില്‍ നിന്നും ഉണ്ടാവരുതെന്നുമാണ് സി.പി.ഐ.എമ്മിന്റ നിലപാട് എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ സമ്മേളന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിജയരാഘവന്‍ ഈ കാര്യം പറഞ്ഞത്.
പാര്‍ട്ടിയുടെ ബ്രാഞ്ച് ഘടകം മുതലുള്ള സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 12ാം തീയ്യതി മുതലാണ് നടക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ എറണാകുളത്ത് വെച്ചിട്ടാണ് സംസ്ഥാന സമ്മേളനം എന്നും പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വെച്ചായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘താഴേത്തട്ടില്‍ കുറേ ആളുകളെ നിയമിക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോകും? ദേശീയ തലത്തില്‍ സെമി കേഡര്‍ സംവിധാനമില്ല. പിന്നെ എങ്ങനെയാണ് കേരളത്തില്‍ മാത്രം അത് നടപ്പിലാക്കുക?’ വിജയരാഘവന്‍ ചോദിച്ചു.