Entertainment news
'കണ്ണ് വെട്ടുന്നതുപോലെ കാണിച്ചാല്‍ നന്നാകുമെന്ന് ലിജോ, കണ്ണൊന്നും വെട്ടില്ലെന്ന് മമ്മൂട്ടി'; നന്‍പകലിന്റെ ഷൂട്ടിങ് വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 29, 03:20 pm
Sunday, 29th January 2023, 8:50 pm

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ് വീഡിയോകള്‍ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി. സുന്ദരത്തെ വെളിപ്പെടുത്തുന്ന സീനാണ് വീഡിയോയില്‍ ഉള്ളത്. സീന്‍ എടുക്കുന്നതിന് വേണ്ടി കുറച്ചധികം ടേക്കുകള്‍ പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സിനിമയിലുള്ള ഒരേയൊരു ക്ലോസപ്പ് ഷോട്ടാണിത്.

വളരെ ക്ഷമയോടെ ഷോട്ട് നന്നാക്കാനായി പരിശ്രമിക്കുന്ന മമ്മൂട്ടിയെയും കാര്യങ്ങള്‍ വിവരിച്ച് കൊടുക്കുന്ന ലിജോയേയും വീഡിയോയില്‍ കാണാം. ലിജോ എങ്ങനെയാണ് മമ്മൂട്ടിക്ക് ഷോട്ട് വിവരിക്കുന്നതെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട്. ടേക്ക് ഓക്കെയാകുമ്പോഴും ഇനിയും നന്നായി മമ്മൂട്ടിയെ കൊണ്ട് ചെയ്യാന്‍ പറ്റുമെന്നുള്ളതിനാലാണ് ലിജോ വീണ്ടും അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിക്കുന്നത്.

ഇടയില്‍ ലിജോ ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ മമ്മൂട്ടി തമാശ പറയുന്നുമുണ്ട്. കണ്ണ് വെട്ടുന്നതുപോലെ കാണിച്ചാല്‍ നന്നായിരിക്കുമെന്ന് ലിജോ പറയുമ്പോള്‍ കണ്ണൊന്നും വെട്ടില്ലെന്ന് മമ്മൂട്ടി പറയുന്നുണ്ട്.

കണ്ണാടി നോക്കി മമ്മൂട്ടി കരയുന്ന ഭാഗമാണ് വീഡിയോയുടെ അവസാന ഭാഗത്തുള്ളത്. ഓക്കെയാണെന്ന് ലിജോ പറയുമ്പോള്‍ ഒരു വിധത്തില്‍ ഓക്കെയായി എന്നാണ് മമ്മൂട്ടി പറയുന്നത്.

ജനുവരി 19നാണ് ചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എല്‍.ജെ.പിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്തത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനിങ്.

content highlight: nanpakal nerathu mayakkam shooting progress video out