'മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല, ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല'; പ്രണയമല്ല, സൗഹൃദത്തിന്റെ പേരില്‍ അനാവശ്യമായി നന്ദു, കൃഷ്ണപ്രിയയുടെ ജീവിതത്തില്‍ ഇടപെട്ടിരുന്നുവെന്ന് അമ്മ
കോഴിക്കോട്: തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രണയ നൈരാശ്യമല്ലെന്ന് യുവതിയുടെ അമ്മ. കൃഷ്ണപ്രിയയും നന്ദുവും ഏറെനാളുകളായി സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ നന്ദു അമിതമായി കൃഷ്ണപ്രിയയുടെ ജീവിതത്തില്‍ ഇടപ്പെട്ടിരുന്നെന്നും അമ്മ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക സാനിയോ മനോമി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘മുടി അഴിച്ചിടാന്‍ സമ്മതിക്കാറില്ല, ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല, ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ. ഇങ്ങനെ പലകാര്യങ്ങളിലും ഇയാള്‍ കൃഷ്ണപ്രിയക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു,’ അമ്മ പറയുന്നു.
അമിതമായി ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെ കൃഷ്ണപ്രിയ എതിര്‍ക്കാന്‍ തുടങ്ങിയെന്നും അമ്മ പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ നന്ദു ബലമായി പിടിച്ചു വാങ്ങിയിരുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലര്‍ക്കും താന്‍ കൃഷ്ണയെ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് വോയ്‌സ് മെസേജയച്ചു.
പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. കൃഷ്ണപ്രിയയെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു.
പ്രദേശത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന നന്ദു ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതത്തിലായിരുന്നു. അതേസമയം ഇയാള്‍ കൃഷ്ണപ്രിയയെ പ്രണയ നൈരാശ്യത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയത് എന്നതരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദുകുമാര്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദുകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.
ഉടനടി ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിക്കുകയായിരുന്നു.
തീകൊളുത്തും മുന്‍പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി ആശുപത്രിയില്‍ വെച്ച് കൃഷ്ണപ്രിയ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ നന്ദുവും മരിക്കുകയായിരുന്നു.