അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് യോഗ്യത നേടി നമീബിയ. ആഫ്രിക്ക ക്വാളിഫയേഴ്‌സില്‍ നിന്നും ലോകകപ്പിനെത്തുന്ന രണ്ട് ടീമുകളില്‍ ഒന്നായി ഇതോടെ നമീബിയ മാറി. ടാന്‍സാനിയക്കെതിരായ 58 റണ്‍സിന്റെ വിജയത്തിന് പിന്നാലെയാണ് നമീബിയ ലോകകപ്പിന് യോഗ്യത നേടിയത്.
ചൊവ്വാഴ്ച വാണ്ടറേഴ്‌സ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നമീബിയ ഉയര്‍ത്തിയ 158 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടാന്‍സാനിയക്ക് 99 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ നിര്‍ണായകമായ വിജയവും ഒപ്പം ലോകകപ്പ് ബെര്‍ത്തും നമീബിയ ഉറപ്പിച്ചു.
മത്സരത്തില്‍ ടോസ് നേടി ടാന്‍സാനിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കം ലഭിച്ച നമീബിയ ജെ.ജെ. സ്മിത്തിന്റെയും മൈക്കല്‍ വാന്‍ ലിങ്കന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കി.
സ്മിത് 25 പന്തില്‍ നിന്നും പുറത്താകാതെ 40 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍ 30 റണ്‍സാണ് ലിങ്കന്‍ നേടിയത്. ഇതിന് പുറമെ നിക്കോ ഡേവിന്‍ (17 പന്തില്‍ 25), ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസ് (19 പന്തില്‍ 21), സേന്‍ ഗ്രീന്‍ (12 പന്തില്‍ 18) എന്നിവരുടെ ഇന്നിങ്‌സും നമീബിയക്ക് തുണയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നമീബിയ 157 റണ്‍സ് നേടി.
…AND THE COUNT DOWN TO THE ICC MEN’S T20 WORLD CUP 2024 BEGINS FOR NAMIBIA🏏🇳🇦
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടാന്‍സാനിയക്ക് തുടക്കം പിഴച്ചിരുന്നു. 20 റണ്‍സിനിടെ ആദ്യ രണ്ട് വിക്കറ്റുകളും വീണ ടാന്‍സാനിയ അമല്‍ രാജീവന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചു.
45 പന്തില്‍ പുറത്താകാതെ 41 റണ്‍സാണ് അമല്‍ രാജീവന്‍ നേടിയത്. എന്നാല്‍ അമലിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ ടാന്‍സാനിയന്‍ ഇന്നിങ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 99 റണ്‍സില്‍ അവസാനിച്ചു.
നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയം വീതം നേടി ആറ് പോയിന്റോടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ഉഗാണ്ട, കെനിയ എന്നിവര്‍ക്ക് പുറമെ നാല് മത്സരത്തില്‍ രണ്ട് ജയവുമായി നാല് പോയിന്റുള്ള സിംബാബ്‌വേക്കുമാണ് നിലവില്‍ ലോകകപ്പിന് സാധ്യതയുള്ളത്. ഈ മൂന്ന് ടീമുകളില്‍ ഒരു ടീം 2024 ലോകകപ്പിന് യോഗ്യത നേടും.
അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.
അയര്‍ലന്‍ഡും സ്‌കോര്‍ലാന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് നേപ്പാളും ഒമാനും ലോകകപ്പിന് യോഗ്യത നേടി.
ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.
ഇപ്പോള്‍ അഫ്രിക്കന്‍ ക്വാളിഫയറില്‍ നിന്നും നമീബിയയും ലോകകപ്പിന് യോഗ്യത നേടിയിരിക്കുകയാണ്. ശേഷിക്കുന്ന ഒരു ടീം ആരായിരിക്കുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍.
Content Highlight: Namibia qualified for 2024 ICC 2024 World Cup