രാജീവ്ഗാന്ധി വധകേസ്; പ്രതി നളിനി ശ്രീഹരന്റെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി
Rajeev Gandhi Murder case
രാജീവ്ഗാന്ധി വധകേസ്; പ്രതി നളിനി ശ്രീഹരന്റെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2019, 3:28 pm

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി നളിനി ശ്രീഹരന്‍ നല്‍കിയ മദ്രാസ് ഹൈക്കോടതി തള്ളി.ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നളിനി ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ആര്‍. സുബ്ബയ്യ, സി. ശരവണന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.

മാനുഷിക പരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് നളിനി ഹരജി നല്‍കിയത്.

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21 ന് ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.

നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. അറസ്റ്റിലായത് മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി. നളിനിക്ക് ഒരുമാസത്തെ പരോള്‍ അനുവദിച്ചിട്ടുണ്ട്. മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്.

ഇരുപത്തിയേഴ് കൊല്ലത്തിനിടെ 2016 ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം നളിനി ജയിലില്‍ നിന്നു പുറത്തിറങ്ങിയിരുന്നു. പിന്നീട് ഇപ്പോഴാണ് പരോള്‍ അനുവദിച്ചത്.

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ടി.ടി.ഇയുടെ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 16പേര്‍ക്ക് ജീവന്‍ നഷ്ടമായി. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.