പിണറായിയുടെ കേരളത്തില്‍ മുസ്‌ലിം പേരുള്ളവരിലേക്കെല്ലാം പൊലീസിന്റെ 'മഴു' നീളുന്നു: നജ്മ തബ്ഷീറ
Kerala News
പിണറായിയുടെ കേരളത്തില്‍ മുസ്‌ലിം പേരുള്ളവരിലേക്കെല്ലാം പൊലീസിന്റെ 'മഴു' നീളുന്നു: നജ്മ തബ്ഷീറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 4:21 pm

 

കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിം പേരുള്ളവരിലേക്കെല്ലാം പൊലീസിന്റെ ‘മഴു’ നീളുകയാണെന്ന് മുന്‍ എം.എസ്.എഫ് ഹരിതാ നേതാവ് നജ്മ തബ്ഷീറ.

പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ലീഗ് അണികളെയും പൊലീസ് വേട്ടയാടുന്നുവെന്ന് നേതൃത്വം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ നജ്മയുടെ പ്രതികരണം.

‘മുസ്‌ലിം പേരുള്ളവരിലേക്കെല്ലാം പൊലീസിന്റെ ‘മഴു’ നീളുന്നത് പിണറായി വിജയന്റെ കേരളത്തില്‍ കൂടിയാണ്. ഇതിനെയവര്‍ കാണുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും വിശ്വസിക്കുന്നുണ്ടോ, ഉണ്ടോ..!?,’ എന്നാണ് നജ്മ തബ്ഷീറ എഴുതിയത്.

പോപുലര്‍ ഫ്രണ്ടിന്റെ പേര് പറഞ്ഞ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു.

പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടുന്ന നടപടികള്‍ക്കിടെ, പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ അകാരണമായി ജപ്തി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സലാം പ്രസ്താവനയില്‍ പറഞ്ഞു.

‘ഈ നീചപ്രവര്‍ത്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
മലപ്പുറം ജില്ലയിലെ മാറാക്കര, എടരിക്കോട് പഞ്ചായത്തുകളിലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികളടക്കം ജപ്തി നടപടി നേരിടുന്നവരിലുണ്ട് എന്നത് ഗൗരവമുള്ളതാണ്. കോടതി നിര്‍ദേശപ്രകാരം പൊതു മുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും നഷ്ടം ഈടാക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ട്.

എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല.
എവിടുന്നാണ് ഇവര്‍ക്ക് ലിസ്റ്റ് കിട്ടിയതെന്നും ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വെളിപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നിയമസഭയില്‍ മുസ്‌ലിം ലീഗ് ഇക്കാര്യം അവതരിപ്പിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ പ്രതികരിക്കണം. അപരാധികള്‍ ശിക്ഷിക്കപ്പെടണം, എന്നാല്‍ അതിന്റെ പേരില്‍ ഗൂഢാലോചന നടത്തി നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണ്,’ പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.