മമ്മൂക്കയുടെ സിനിമ മാറി, രൂപം മാത്രമേ മാറ്റമില്ലാത്തതുള്ളൂ; ഇനി ആ പടമെടുത്താല്‍ റിസ്‌ക്കാണ്: നാദിര്‍ഷ
Entertainment
മമ്മൂക്കയുടെ സിനിമ മാറി, രൂപം മാത്രമേ മാറ്റമില്ലാത്തതുള്ളൂ; ഇനി ആ പടമെടുത്താല്‍ റിസ്‌ക്കാണ്: നാദിര്‍ഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th June 2024, 9:19 pm

നാദിര്‍ഷയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ട സിനിമയായിരുന്നു അയാം എ ഡിസ്‌കോ ഡാന്‍സര്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് പറയുകയാണ് നാദിര്‍ഷ.

സ്റ്റോര്‍ക്ക് മാജിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന് രണ്ടുവര്‍ഷം മുമ്പാണ് ഈ കഥ മമ്മൂട്ടിയോട് പറഞ്ഞതെന്നും പറയുന്നത്. ഏകദേശം അഞ്ചോ ആറോ വര്‍ഷമായത് കൊണ്ട് അതിന്റേതായ വ്യത്യാസം ആ സബ്‌ജെക്റ്റിനുണ്ടെന്നും നാദിര്‍ഷ പറഞ്ഞു.

മമ്മൂട്ടി ഇന്ന് ഒരുപാട് മാറിയെന്ന് പറയുന്ന താരം ഇക്കയുടെ രൂപത്തിന് മാത്രമേ മാറ്റമില്ലാതെയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ മറ്റൊരു തലത്തിലുള്ളതായതിനാല്‍ അതിനിടയില്‍ ഈ സിനിമ റിസ്‌ക്കാണെന്നും തമാശ നിറഞ്ഞ കഥാപാത്രവുമായി ചെന്നിട്ട് അത് ചീറ്റിപ്പോയാല്‍ പ്രശ്‌നമാണെന്നും നാദിര്‍ഷ പറയുന്നു.

‘മുമ്പ് മമ്മൂക്കയോട് ഞാന്‍ ഒരു കഥ പറഞ്ഞിരുന്നു. കട്ടപ്പന സിനിമയൊക്കെ കഴിഞ്ഞ ശേഷമായിരുന്നു ആ കഥ ചെന്ന് പറഞ്ഞത്. അയാം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന് പറഞ്ഞുള്ള സബ്‌ജെക്റ്റായിരുന്നു അത്. ചിരിക്കാനൊക്കെയുള്ള ഒരു സിനിമയായിരുന്നു. പക്ഷെ ഇപ്പോള്‍ അതില്‍ ഒരു കുഴപ്പമുണ്ട്. കൊവിഡിന് രണ്ടുവര്‍ഷം മുമ്പാണ് ഈ കഥ പറയുന്നത്.

ഇപ്പോള്‍ ഏകദേശം അഞ്ചോ ആറോ വര്‍ഷങ്ങളായി. അതിന്റേതായ വ്യത്യാസം ആ സബ്‌ജെക്റ്റിനുണ്ട്. പിന്നെ മമ്മൂക്ക മാറി. ഇക്കയുടെ രൂപത്തിന് മാത്രമേ മാറ്റമില്ലാതെയുള്ളു. മമ്മൂക്ക ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ വേറെയൊരു തലത്തിലുള്ളതാണ്. അതിനിടയില്‍ ഇത് റിസ്‌ക്കാണ്. തമാശ നിറഞ്ഞ കഥാപാത്രവുമായി ചെന്നിട്ട് അത് ചീറ്റിപ്പോയാല്‍ പ്രശ്‌നമാണ്.

മമ്മൂക്ക ഒന്നും ചെയ്യില്ല. പക്ഷെ ഇക്കയെ സ്‌നേഹിക്കുന്ന കുറേയാളുകളുണ്ട്. മമ്മൂക്കക്ക് ആ സിനിമ കൊണ്ട് ഒന്നും പറ്റുകയുമില്ല ഇക്കയൊന്നും പറയുകയുമില്ല. മമ്മൂക്ക പഴയ ആ സ്‌നേഹം തന്നെ നമ്മളോട് കാണിക്കും. പക്ഷെ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാന്‍സ് വന്ന് നമ്മളെ തല്ലി കൊന്നുകളയും (ചിരി). എന്തിനാണ് വെറുതെ,’ നാദിര്‍ഷ പറഞ്ഞു.


Content Highlight: Nadirsha Talks About Mammootty