Entertainment
എനിക്ക് വേണ്ടി കലാഭവന്‍ മണി ആ പാട്ടില്‍ നിന്ന് പിന്മാറി: നാദിര്‍ഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 16, 03:25 pm
Wednesday, 16th October 2024, 8:55 pm

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് നാദിര്‍ഷ. അഭിനയത്തിന് പുറമെ പാരഡിഗാനരചയിതാവ്, ഗായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നാദിര്‍ഷ 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2004ല്‍ റിലീസായ വെട്ടത്തിലെ ‘മക്കസായി’ എന്ന പാട്ട് എഴുതിയത് നാദിര്‍ഷയായിരുന്നു. ഗാനരചയിതാവ് എന്ന നിലയില്‍ നാദിര്‍ഷയെ പ്രശസ്തനാക്കിയ പാട്ട് കൂടിയായിരുന്നു ഇത്.

സംഗീത സംവിധായകന്‍ ബേണി ഇഗ്നേഷ്യസ് കോമ്പോയിലെ ബേണിയാണ് തന്നെ വെട്ടത്തിലേക്ക് വിളിച്ചതെന്ന് നാദിര്‍ഷ പറഞ്ഞു. പ്രിയദര്‍ശനെപ്പോലെ ലെജന്‍ഡറിയായിട്ടുള്ള സംവിധായകന്റെ സിനിമയില്‍ പാട്ടെഴുതാന്‍ പറ്റിയത് തനിക്ക് വലിയ കാര്യമായിരുന്നെന്ന് നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

താന്‍ എഴുതിക്കൊടുത്ത പാട്ടിന്റെ ആദ്യ ലൈന്‍ മാറ്റാന്‍ ബേണി പറഞ്ഞെന്നും അത് മാറ്റിയ ശേഷം അത് പ്രിയദര്‍ശനെ കേള്‍പ്പിച്ചെന്നും നാദിര്‍ഷ പറഞ്ഞു. ആ പാട്ട് എം.ജി. ശ്രീകുമാറും കലാഭവന്‍ മണിയും പാടാനിരുന്നതാണെന്നും എന്നാല്‍ താന്‍ പാടിയത് കേട്ടപ്പോള്‍ അത് തന്നോട് പാടാന്‍ പ്രിയദര്‍ശന്‍ പറഞ്ഞെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

മണിക്ക് ഇക്കാര്യത്തില്‍ വിഷമമുണ്ടോ എന്നറിയാന്‍ വിളിച്ച് ചോദിച്ചെന്നും മണിക്ക് പകരം താനാണ് പാടുന്നതെന്ന് അറിഞ്ഞപ്പോള്‍ മണി സ്‌നേഹത്തോടെ പിന്മാറിയെന്നും നാദിര്‍ഷ പറഞ്ഞു. ആ പാട്ടില്‍ മണിയുടെ പോര്‍ഷന്‍ അങ്ങനെയാണ് തന്നിലേക്ക് വന്നുചേര്‍ന്നതെന്നും പിന്നീട് അവസരങ്ങള്‍ കിട്ടാന്‍ ആ പാട്ട് സഹായമായെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു നാദിര്‍ഷ.

‘എനിക്ക് പാട്ടെഴുത്തില്‍ ഒരു ഐഡന്റിറ്റി തന്നത് വെട്ടത്തിലെ പാട്ടാണ്. ബേണി ഇഗ്നേഷ്യസിലെ ബേണി ചേട്ടനാണ് എന്നെ വിളിച്ച് ഇങ്ങനെയൊരു പരിപാടിക്ക് വിളിക്കുന്നത്. പ്രിയദര്‍ശന്‍ സാറിന്റെ പടമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ വേറൊന്നും നോക്കിയില്ല. പാട്ടെഴുതിയിട്ട് അത് കേള്‍പ്പിച്ചു.

സ്റ്റീഫന്‍ ദേവസ്സിയൊക്കെ അവിടെ ഉണ്ടായിരുന്നു. ട്യൂണോടുകൂടെ ഞാനാ പാട്ട് പാടി. ഇപ്പോള്‍ കേള്‍ക്കുന്ന പോലെയായിരുന്നില്ല ആ പാട്ട് ആദ്യം എഴുതിയത്. ‘ഫോര്‍ട്ടുകൊച്ചീല് ഐസുകട്ടക്ക് പെയിന്റടിക്കണ ചങ്ങായി’ എന്നായിരുന്നു ആദ്യത്തെ വേര്‍ഷന്‍.

ബേണി ചേട്ടന്‍ പറഞ്ഞിട്ടാണ് ഇപ്പോഴുള്ള രീതിയിലേക്ക് മാറ്റിയത്. ഞാന്‍ പാടിയത് കേട്ടപ്പോള്‍ പ്രിയന്‍ സാറിന് ഓക്കെയായി. ആ പാട്ട് ആദ്യം പാടാനിരുന്നത് എം.ജി. ശ്രീകുമാറും മണിയുമായിരുന്നു. മണിയുടെ പോര്‍ഷന്‍ എന്നോട് പാടാന്‍ പ്രിയന്‍ സാര്‍ പറഞ്ഞു. മണിക്ക് ഇതില്‍ പ്രശ്‌നമുണ്ടോ എന്നറിയാന്‍ അവനെ വിളിച്ച് ചോദിച്ചു. അവന് പകരം ഞാനാണ് പാടുന്നതെന്നറിഞ്ഞപ്പോള്‍ സ്‌നേഹത്തോടെ അവന്‍ പിന്മാറുകയായിരുന്നു. ഇന്നും ആ പാട്ട് ഓര്‍ക്കുമ്പോള്‍ മണിയുടെ മുഖമാണ് എന്റെ മനസില്‍ വരുന്നത്,’ നാദിര്‍ഷ പറയുന്നു.

Content Highlight: Nadirsha shares the memories of a song in Vettam movie