നാദിര്‍ഷ സംവിധാനം 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഫൈസി എന്ന കഥാപാത്രമായി ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ആദ്യം പ്ലാന്‍ ചെയ്തപ്പോള്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊരാള്‍ ആസിഫായിരുന്നുവെന്ന് സംവിധായകന്‍ നാദിര്‍ഷാ വെളിപ്പെടുത്തി.
എന്നാല്‍ പൃഥ്വി ഈ പ്രോജക്ടിലേക്ക് വന്നപ്പോള്‍ പൃഥ്വിയാണ് ക്ലാസ്‌മേറ്റ്‌സിലെ ടീമിനെ കിട്ടിയാല്‍ കൂടുതല്‍ കംഫര്‍ട്ടാകുമെന്ന് നിര്‍ദേശിച്ചതെന്നും നാദിര്‍ഷ പറഞ്ഞു. ആ കാരണം കൊണ്ട് ആസിഫിനെ ഗസ്റ്റ് റോളില്‍ മാറ്റേണ്ടി വന്നുവെന്നും ആ കാരണം കൊണ്ട് ആസിഫിനോട് തനിക്ക് വലിയ കടപ്പാടുണ്ടെന്നും നാദിര്‍ഷ പറഞ്ഞു.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.
‘അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ട്. ഞാനിത് രാജുവിനോട് പറഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയാല്‍ നമുക്ക് അത് ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ എല്ലാം കഴിഞ്ഞ് അവര്‍ക്ക് സമയമില്ല എന്ന് പറഞ്ഞ് ഒഴിവാക്കുമോ എന്ന് പേടിയുണ്ട്. അവരെയും കൂടെ ഓക്കെയാക്കുന്ന കഥ കിട്ടിയാല്‍ എന്തായാലും എഴുതി തുടങ്ങും. ആദ്യ ഭാഗത്തിലെ എല്ലാവരും ഇതിലും ഉണ്ടാകും. ആസിഫിന്റെ ഫൈസിക്ക് കുറച്ചു കൂടി പ്രാധാന്യം ഉണ്ടാകും. കാരണം, എനിക്ക് ആസിഫിനോട് വലിയൊരു കടപ്പാടുണ്ട്.
അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതി കഴിഞ്ഞപ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു. പിന്നീടാണ് പൃഥ്വി ഈ പ്രൊജക്ടിലേക്ക്
എത്തുന്നത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത്, ‘ആസിഫിനോട് എടാ പോടാ എന്നൊക്കെ വിളിക്കുമ്പോള്‍ ഒരു ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യും, ക്ലാസ്‌മേറ്റ്‌സിലെ ടീമിനെ കിട്ടിയാല്‍ കുറച്ചുകൂടെ കംഫര്‍ട്ട് ആകും’ എന്നാണ്. ആസിഫിനോട് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു മടിയുമില്ലാതെ അവന്‍ പിന്മാറി. ഫൈസിയുടെ റോള്‍ മതിയെന്ന് അവന്‍ പറഞ്ഞു. ഒരു പരാതിയുമില്ലാതെയാണ് അവന്‍ ആ സിനിമ ചെയ്തത്,’ നാദിര്‍ഷ പറഞ്ഞു.
Content Highlight: Nadirsha reveald that he changed Asif Ali from Amar Akbar Anthony because of Prithvi’s suggestion