കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങി; എന്‍. പ്രശാന്തിനെതിരെ തോമസ് ഐസക്കിന്റെ അഡീഷണല്‍ സെക്രട്ടറി
Kerala News
കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട് മാറ്റി കാര്‍ വാങ്ങി; എന്‍. പ്രശാന്തിനെതിരെ തോമസ് ഐസക്കിന്റെ അഡീഷണല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 2:47 pm

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍. മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഗോപകുമാര്‍ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോഴിക്കോട് കളക്ടറായിരിക്കെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഫണ്ട് വകമാറ്റ് കാര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്‍. പ്രശാന്ത് എന്ന നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറ് വാങ്ങിയിട്ടുണ്ടെന്നാണ് ഗോപകുമാര്‍ മുകുന്ദന്‍ പറയുന്നത്.

നോണ്‍ടെക്‌നിക്കല്‍ പരിശോധനാ വിഭാഗം ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരുന്നെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സെക്രട്ടറി തന്നെ വിളിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

അഡീഷണല്‍ സെക്രട്ടറിയെ കൈകാര്യം ചെയ്യുമെന്ന് എന്‍. പ്രശാന്ത് ഭീഷണിപ്പെടുത്തിയതായും ഗോപകുമാര്‍ മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

കൂടാതെ ആഴക്കടല്‍ യാനങ്ങളുടെ നിര്‍മാണത്തിനായി തെരഞ്ഞെടുപ്പിന്റെ തലേന്നോ മറ്റോ സര്‍ക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രത്തില്‍ ഒപ്പുവെച്ച ആളാണ് ഐ.എ.എസ് നന്മമരമായ എന്‍.പ്രശാന്തെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

ധാരണാ പത്രം രമേശ് ചെന്നിത്തലയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും പിന്നാലെ ബി.ജെ.പി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മേഴ്‌സിക്കുട്ടിയമ്മയക്കെതിരെ മത്സരിച്ച വിഷ്ണുനാഥിനെ ജയിപ്പിക്കുകയായിരുന്നുവെന്നും ഗോപകുമാര്‍ മുകുന്ദന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആഴക്കടല്‍ യാനങ്ങളുടെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുപ്പിന്റെ തലേന്നോ മറ്റോ സര്‍ക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐ.എ.എസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തന്റെ ബോസായ ചെന്നിത്തലയ്ക്ക് ചോര്‍ത്തി കൊടുത്തു.

ഓരോ സീനുകളായി നാടകം അരങ്ങേറി. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ബോള്‍ഡ് ആയ മന്ത്രിമാരില്‍ മുമ്പിലാണ് ശ്രീമതി മേഴ്‌സികുട്ടിയമ്മയുടെ സ്ഥാനം. 15 ശതമാനം വോട്ടുണ്ടായിരുന്ന ബി.ജെ.പി വോട്ട് 3 ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിന്റെ കാര്‍മികത്വത്തില്‍ കോണ്‍ഗ്രസ് – ബി. ജെ.പി സംയുക്ത സ്ഥാനാര്‍ത്ഥി വിഷ്ണുനാഥ് ജയിച്ചു. തീരദേശ മണ്ഡലങ്ങളില്‍ പൊതുവില്‍ ഈ കുതന്ത്രം പക്ഷെ ഏശിയില്ല.

ഈ നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോണ്‍ ടെക്‌നിക്കല്‍ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് എഴുതി. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഒരു അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് . അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാം. എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി.

അയാള്‍ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണല്‍ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി. ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തില്‍ ചെയ്ത ജോലിയുടെ പേരില്‍ ഞങ്ങളുള്ളപ്പോള്‍ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയര്‍ ഐ.എ.എസ് കാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റില്‍ ഇടണം എന്നു തന്നെ പറഞ്ഞതോര്‍മ്മയുണ്ട്.

ഉദ്യോഗസ്ഥ ബിംബങ്ങളെ ആരാധിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് ഒരു പാഠപുസ്തകമാണ് ഈ പ്രശാന്ത് എന്ന സിവില്‍ സര്‍വ്വീസ്‌കാരന്‍.

Content Highlight: N. Additional Secretary to Thomas Isaacs vs. Prasanth