മീററ്റ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ അവസാനമായി കുടുംബത്തിനയച്ച സന്ദേശം ചര്‍ച്ചയാകുന്നു. ‘ചിലപ്പോള്‍ ഇതെന്റെ അവസാന ചിത്രമായിരിക്കും’ എന്നെഴുതിയ സന്ദേശത്തിനൊപ്പം തന്റെ ഒരു ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് കേതന്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് കേതന്‍ കുടുംബാംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഈ സന്ദേശം അയച്ചത്. കേതനു പരിക്കേറ്റ വിവരം ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിരുന്നെങ്കിലും വൈകിയാണു മരണവാര്‍ത്ത അറിയിക്കുന്നത്.
തിങ്കളാഴ്ച പുല്‍വാമയിലെ അരിഹാലില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനു നേരെ ഭീകരര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. വാഹനത്തില്‍ ഐ.ഇ.ഡി ഘടിപ്പിച്ച് 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ചൊവ്വാഴ്ച അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ അഞ്ചു ദിവസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് 10 സൈനികരാണ്.
അതിനിടെ രണ്ടുവര്‍ഷം മുന്‍പ് കൊല്ലപ്പെട്ട വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരി ശശികലയുടെ വിവാഹം നടത്താന്‍ 50 ഗരുഡ് കമാന്‍ഡോകള്‍ എത്തിയത് നേരത്തേ വാര്‍ത്തയായിരുന്നു. ജ്യോതി പ്രകാശിന്റെ സ്വദേശമായ ബിഹാറിലെ പട്‌നയിലായിരുന്നു ചടങ്ങുകള്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കമാന്‍ഡോകള്‍ മുട്ടുകുത്തിനിന്ന് കൈകള്‍ നിലത്തുവെച്ച് അതില്‍ ശശികലയെ ചവിട്ടി നടത്തിച്ച് മണ്ഡപത്തിലേക്ക് ആനയിക്കുകയായിരുന്നു. നിരാല ചെയ്യേണ്ട ചടങ്ങുകളൊക്കെ ഇവരാണു ചെയ്തത്.
ശശികലയുടെ വിവാഹനിശ്ചയം അറിയിച്ച് ജ്യോതിയുടെ പിതാവ് എയര്‍ ചീഫ് മാര്‍ഷലിനും ഗരുഡ് കമാന്‍ഡോ യൂണിറ്റിനും ക്ഷണക്കത്ത് അയച്ചിരുന്നു. വിവാഹത്തിനു രണ്ടുദിവസം മുന്‍പേ 50 കമാന്‍ഡോകളും സ്ഥലത്തെത്തിയിരുന്നു.
2017 നവംബറിലാണ് നിരാല കൊല്ലപ്പെടുന്നത്. 2018-ല്‍ അദ്ദേഹത്തിനു രാജ്യം അശോകചക്രം നല്‍കി ആദരിച്ചിരുന്നു.