കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെ വോട്ട് ആര്‍ക്കായിരിക്കും എന്ന ചര്‍ച്ച ഉയരുന്നതിനിടെ ആംആദ്മിക്കും,ട്വന്റി ട്വന്റിക്കുമെതിരെ വിമര്‍ശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.
ബൂര്‍ഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോണ്‍ഗ്രസാണെന്നും രണ്ടാം മുഖം എ.എ.പി യും ട്വന്റി ട്വന്റിയുമാണെന്നും അദ്ദേഹം തുറന്നടിച്ചു. എ.എ.പി മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകള്‍ പൂര്‍ണമായി എല്‍.ഡി.എഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നഷ്ടമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടാണോ ട്വന്റി ട്വന്റിക്ക് പോയത് അവിടേക്ക് തന്നെ ആ വോട്ട് തിരികെ പോകും. ഉപതെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി ഭരണത്തെ ബാധിക്കില്ലെന്നും അതിന് രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബിനോട് മാപ്പ് പറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.