മുസ്‌ലിം പിന്തുടര്‍ച്ചാവകാശം: ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് സാദിഖലി തങ്ങള്‍
Kerala News
മുസ്‌ലിം പിന്തുടര്‍ച്ചാവകാശം: ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് സാദിഖലി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th March 2023, 4:13 pm

തിരുവനന്തപുരം: മുസ്‌ലിം പിന്തുടര്‍ച്ചാവകാശത്തില്‍ ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍. പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച് പറയേണ്ടത് പണ്ഡിത സമൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറയാന്‍ പറ്റില്ല. വലിയ നിയമത്തിന്റേതായിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്. ലീഗല്ല പണ്ഡിത സമൂഹമാണ് അത് പറയേണ്ടത്,’ അദ്ദേഹം പറഞ്ഞു.

സമസ്ത പ്രശ്‌നമുണ്ടാക്കുന്ന സംഘടനയല്ലെന്നും ഉത്തരവാദിത്തപ്പെട്ട പണ്ഡിത സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

‘സമസ്ത എവിടെയും പ്രശ്‌നക്കാരല്ല, എല്ലാവരും ബഹുമാനിക്കുന്ന സംഘടനയാണ്,’ സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം പിന്തുടര്‍ച്ചാവകാശത്തെ കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. മുസ്‌ലിം വ്യക്തി നിയമത്തിലെ സ്വത്തവകാശത്തെ അനുകൂലിച്ചും പ്രതിക്കൂലിച്ചുമുള്ള നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം സ്വത്തവകാശത്തിലെ ലിംഗ വിവേചനം ചൂണ്ടിക്കാട്ടി ഷുക്കൂര്‍ വക്കീലും പങ്കാളിയും വീണ്ടും വിവാഹം ചെയ്തിരുന്നു. അതില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.

ആ വിവാഹം നാടകമാണെന്ന് ആരോപിച്ച് സമസ്തയുടെ കീഴിലുള്ള ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിയുടെ ഫത്‌വ കൗണ്‍സില്‍ പ്രസ്താവനയിറക്കിയിരുന്നു.

ഇസ്ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണെന്നും ഷുക്കൂര്‍ വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നുമാണ് പ്രസ്താവന.

content highlight: Muslim Succession: Sadiqali Thangal says League should not comment