മാപ്പിളക്കളത്തിലെ കാലാളുകള്‍...
Discourse
മാപ്പിളക്കളത്തിലെ കാലാളുകള്‍...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2013, 11:51 pm

lineനേരത്തെ വിവാഹിതരായതുകൊണ്ട് മാത്രം നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാതിരുന്നിട്ടില്ലെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു. പെണ്ണ് പുറം ലോകം കാണാന്‍ പാടില്ലെന്നും കുടുംബത്തിനകത്തേക്കു മാത്രം ചുരുങ്ങേണ്ടവള്‍ ആണെന്ന് പറഞ്ഞും പഠിപ്പിച്ചും അവള്‍ക്ക് തടവറയൊരുക്കിയവര്‍ ആ ബോധത്തില്‍ നിന്ന് പുറത്തുകടക്കാനാവാത്ത വിധം പുതിയ കാലത്തും അവളുടെ അവകാശ ചിന്തകള്‍ക്കും വ്യക്തിത്വത്തിനും മേല്‍ ചക്രവ്യൂഹം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.

line


എസ്സേയ്‌സ്‌/വി.പി. റജീന


vp-rajeena[]കുട്ടിക്കാലത്ത് ചെസ് കളിക്കുമ്പോള്‍ എതിര്‍വശത്തിരുന്ന മുതിര്‍ന്നവരോട് ഒത്തിരി തവണ തോറ്റിട്ടുണ്ട്. കളിയിലെ കാണാകളികളും നീക്കങ്ങളും ശരിക്ക് പഠിച്ച് വന്നപ്പോഴേക്കും വലുതായിപ്പോയി. പിന്നീട് ഈയടുത്തിടെയാണ് ആറു വയസ്സുകാരി മകള്‍ക്കൊപ്പം ഇരുന്ന് കമ്പ്യൂട്ടറില്‍ വീണ്ടും ചെസ് കളിച്ചത്. സ്ഥാനത്തും അസ്ഥാനത്തും കാലാളെ നീക്കി ഓരോ കരുക്കളെയും കുരുതി കൊടുത്തപ്പോള്‍ അവള്‍ ഒരു കാര്യം പറഞ്ഞു.

ഉമ്മീ, കാലാളെ വെറുതേ നീക്കേണ്ട, ആദ്യം കുതിരയെ വെക്ക് എന്ന്. അതുവരെ കമ്പ്യൂട്ടറിന്റെ തലച്ചോറിന് അനായാസേന വിട്ടുകൊടുത്തിരുന്ന ജയം, പക്ഷേ ഈ കളിയില്‍ രാജാവിനെ മൂന്നു തവണ ചെക്ക് വിളിച്ച് പ്രതിരോധത്തിലേക്ക് മാറ്റി കമ്പ്യൂട്ടറിനെ വെള്ളം കുടിപ്പിച്ചു. ഒടുക്കം തോല്‍വി സമ്മതിക്കേണ്ടി വന്നെങ്കിലും അവളുടെ കുഞ്ഞ് തലച്ചോറിന്റെ ആ കണ്ടത്തെല്‍ എനിക്കു പകര്‍ന്നുതന്ന ഊര്‍ജം അത്ര ചെറുതൊന്നുമായിരുന്നില്ല.[]

പിന്നെ ഈ ചെക്കുവിളി കേട്ടത് ഈ അടുത്ത ദിവസങ്ങളിലാണ്. ഒരര്‍ഥത്തില്‍ രസകരമായി തോന്നി  ആ ചേര്‍ത്തുവെപ്പ്. കാലാളുകളെ കാണുമ്പോള്‍ എനിക്ക് ഓര്‍മ വന്നത് പാവം മാപ്പിള പെണ്ണുങ്ങളെയാണ്. എതിരാളിയുടെ കുതിരകളെയും ആനയെയും വെട്ടാന്‍ ഇപ്പുറത്തിരുന്ന് കളിക്കുന്ന തലപ്പാവുകാര്‍ കാലാളുകളെ ഒന്നൊന്നായി കുരുതി കൊടുത്തുകൊണ്ടിരിക്കുന്നു.

വന്‍ തലകള്‍ കൊയ്യാന്‍ സമര്‍ഥമായി കരുക്കള്‍ നീക്കുന്ന എതിര്‍ടീമിന്റെ കളിയുടെ ഗതിയറിയാതെയാണിത്. അവര്‍ക്കുവേണ്ടതും കാലാള്‍ പ്രതിരോധത്തെ തര്‍ക്കുക എന്നതാണ്. ഏതു നിമിഷവും ചെക്ക് വീഴാവുന്ന പരുവത്തില്‍ ഈ ടീമിന്റെ അവസ്ഥ ദയനീയമായി തുടരുന്നു. എന്നിട്ടും എതിര്‍ കരുക്കളുടെ നീക്കം മനസ്സിലാക്കാതെ പൊട്ടന്‍മാരായി കളി തുടരുകയാണിവര്‍.


സാധാരണ ഗതിയില്‍ മുസ്ലിം ജീവിതപരിസരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടാവുമ്പോള്‍ സമുദായ സംഘടനകളുടെ പ്രതികരണ കോലാഹലങ്ങള്‍ ഈ വിഷയത്തില്‍ കണ്ടില്ല.

Muslim marriage circular inkeralaഏറ്റവുമൊടുവില്‍, മുസ്ലിംകളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിഷയം തന്നെ ഇതിലേക്കു ചേര്‍ത്തുവെയ്ക്കാം. സംസ്ഥാന തദ്ദേശ വകുപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ രണ്ടു കൂട്ടരുടെ താല്‍പര്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഒരു ജനവിഭാഗത്തിനു നേര്‍ക്ക്  പ്രത്യേകിച്ച് അതിലെ സ്ത്രീ ജീവിതങ്ങള്‍ക്കുമേല്‍ വായും പിളര്‍ന്ന് നില്‍ക്കുന്നതു കാണാനാവും.

പെണ്ണിന് 16 ഉം ആണിന് 21 ഉം വയസ്സില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ നടക്കുന്ന വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്ന നിര്‍ദേശമടങ്ങിയ സര്‍ക്കുലര്‍ വിരല്‍ ചൂണ്ടുന്നത് ഒന്നിലേറെ സുപ്രധാന യാഥാര്‍ഥ്യങ്ങളിലേക്കാണ്.

സാധാരണ ഗതിയില്‍ മുസ്ലിം ജീവിതപരിസരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ ഉണ്ടാവുമ്പോള്‍ സമുദായ സംഘടനകളുടെ പ്രതികരണ കോലാഹലങ്ങള്‍ ഈ വിഷയത്തില്‍ കണ്ടില്ല. മാത്രമല്ല, ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്ത പോലും നല്‍കാതെ ഉടനടി അത് നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതിലെ ദുരൂഹതയും പല ചോദ്യങ്ങളുയര്‍ത്തുന്നു.


കൂടുതല്‍ വായനക്ക്‌

പര്‍ദ്ദയും ഇസ്‌ലാമിക വസ്ത്രധാരണവും ഡൂള്‍ ന്യൂസിലെ വ്യത്യസ്ത ലേഖനങ്ങളിലേക്ക്

“പെണ്‍കുട്ടികള്‍ ഇറച്ചിക്കോഴികളല്ല”: കോഴിക്കോട് മതനേതാക്കളുടെ കോലം കത്തിച്ചു (30/06/2013)


വിവാഹ രജിസ്‌ട്രേഷന്‍ ചട്ടം നിലവില്‍ വന്നപ്പോള്‍ മഹല്ലുകളുടെ അധികാരം കൈവിട്ടുപോവുമോ എന്ന ആശങ്കയില്‍ മതനേതാക്കള്‍ അതിനെതിരെ കാണിച്ച വെപ്രാളം മറക്കാന്‍ സമയമായിട്ടില്ല. 1957ലെ മുസ്ലിം വിവാഹ നിയമത്തെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു അന്ന് അവര്‍ ഉന്നയിച്ച ആക്ഷേപങ്ങളിലൊന്ന്. എന്നാല്‍, അതേ നിയമത്തിന്റെ സൂചിപ്പഴുതിലൂടെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയായി ഒരു സര്‍ക്കുലര്‍ അവതരിച്ചപ്പോള്‍ സസന്തോഷം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതില്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായില്ല.

അടുത്ത പേജില്‍ തുടരുന്നു

lineപക്വതയാര്‍ന്ന പ്രായത്തില്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു കടക്കുന്ന ഒരു സമൂഹത്തിനേ ആരോഗ്യമുണ്ടാവൂ. ഇത് അട്ടിറിക്കുകയെന്ന അതീവ അപകടകരമായ ഒരു നീക്കമാണ്  സര്‍ക്കുലര്‍ അംഗീകരിക്കുക വഴി ഭരണകൂടവും അതിന് മൗന സമ്മതം നല്‍കിയവരും നടത്തിയിരിക്കുന്നത്. ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഷയം പെണ്ണിന്റെ വിവാഹപ്രായം മാത്രമല്ല ആണിന്‍േറതു കൂടി കുറച്ചിരിക്കുന്നു എന്നതാണ്.

line

muslim-womens-issue.1[]വ്യക്തി നിയമത്തില്‍ പുരുഷന് 21 ഉം സ്ത്രീക്ക് 18 ഉം എന്ന വിവാഹ പ്രായം നിഷ്‌കര്‍ച്ചിട്ടില്ലെന്ന കാരണം  ചുണ്ടിക്കാട്ടിയാണ് ഈ നീക്കം. എല്ലാവര്‍ക്കും ബാധകമായ 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ പഴുത് വരെ പുതിയ ഉത്തരവിനുവേണ്ടി കൂട്ടുപിടിച്ചിരിക്കുന്നു. ശൈശവ വിവാഹനിയമമനുസരിച്ച് പെണ്ണിന് 18 ഉം ആണിന് 21 ഉം ആവാതെ വിവാഹം ചെയ്താല്‍ കേസ് എടുക്കാം. എന്നാല്‍, ഈ വിവാഹം അസാധുവാണെന്ന് നിയമം പറയുന്നില്ല എന്നതാണ് പുതിയ സര്‍ക്കുലറിനെ പൊക്കിപ്പിടിക്കുന്നവര്‍ എടുത്തുദ്ധരിക്കുന്നത്.

18 വയസ്സിനു താഴെ വിവാഹം ചെയ്തയച്ചവരെ അറസ്റ്റു ചെയ്ത് നിയമം പരിപാലിക്കുന്നതിനു പകരം എളുപ്പത്തില്‍ പുതിയൊരു ഉത്തരവ് ! മുസ്ലിം വിഷയത്തില്‍ ഇത്രവേഗത്തില്‍ തീരുമാനം എടുക്കുന്നത് ഒരു പക്ഷെ സംസ്ഥാനം ഭരിച്ച സര്‍ക്കാറുകളില്‍ ഇതാദ്യ സംഭവമാവാം. ഇതിന് രണ്ടാമതൊന്ന് ആലോചിക്കാന്‍ അവസരം നല്‍കാതിരുന്നതിന് അവര്‍ മുസ്ലിം വ്യക്തി നിയമത്തിന് ഉള്ളാലെ നന്ദി പറയുന്നുണ്ടാവണം. കാരണം ആ നിയമത്തിന്റെ ദൗര്‍ബല്യം മുതലെടുത്തു കൊണ്ടാണല്ലോ പുതിയ സര്‍ക്കുലറിന്റെ വരവ്.[]

വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നത് കര്‍ശനമായതോടെ മത മേലാളന്‍മാരുടെ സാക്ഷ്യപത്രമുണ്ടെങ്കിലും മുസ്ലിംകളുടെ ഇടയിലെ നല്ലൊളരവ് വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലെന്ന അവസ്ഥ വന്നു. ഇത് രാഷ്ട്രീയ രംഗത്തും അല്ലാതെയുമുള്ള സമുദായവാദികള്‍ക്ക് പൊല്ലാപ്പായി.

16 വയസ്സിലും മറ്റും നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന കാരണത്താല്‍ സമുദായ സ്‌നേഹികളായ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കണ്ടെത്തിയ ഈ കുറുക്കു വഴി യഥാര്‍ഥത്തില്‍ സമുദായത്തിന്റെ നെഞ്ചെത്തേറ്റ അടിയാണ്. അതു മനസ്സിലാവണമെങ്കില്‍ ഇതിന്റെ മറുപുറം തിരിയണം.

നേരത്തെയുള്ള വിവാഹ നിയമത്തിന്റെ സാങ്കേതികമായ സങ്കീര്‍ണതകള്‍ ചുണ്ടിക്കാട്ടി സര്‍ക്കുലറിനെ വകുപ്പ് മന്ത്രി ന്യായീകരിക്കുന്നുണ്ട്. എന്നാല്‍, ഒരു ജനവിഭാഗത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമാണ്.


അവകാശങ്ങളെ കുറിച്ചുള്ള പെണ്ണിന്റെ തിരിച്ചറിവിനെ എക്കാലത്തും എല്ലാ മതവാദികളും അല്ലാത്തവരും ഭയപ്പെടുന്നുണ്ട്. മാപ്പിളപെണ്ണ് വിവരമുള്ളവളും കാര്യം തിരിയുന്നവളും ആവുന്നത് ഇരുകൂട്ടര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.
muslim-womens-right

ഒരു വിഷയത്തിന്റെ ഏതെങ്കിലുമൊരറ്റത്ത് “മുസ്ലിം” എന്ന വാക്ക് കണ്ടുപോയെങ്കില്‍ താലിബാനികള്‍ എന്നും പഴഞ്ചന്‍മാര്‍ എന്നും തലങ്ങും വിലങ്ങും കടിച്ചുകുടയുന്ന ഭരണരാഷ്ട്രീയസാംസ്‌കാരിക മതനേതൃത്വം എന്തിനാണ് മാപ്പിളമാരുടെ ഇങ്ങനെയൊരു “പിന്തിരിപ്പന്‍ നയ”ത്തിന് ഉടനടി പച്ചക്കൊടി കാണിച്ചത്? പൊടുന്നനെയൊരു സുപ്രഭാതത്തില്‍ അവര്‍ക്ക് ഈ ജനവിഭാഗത്തെ അങ്ങ് സമുദ്ധരിച്ചു കളയാമെന്ന് തോന്നിയോ?

പക്വതയാര്‍ന്ന പ്രായത്തില്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു കടക്കുന്ന ഒരു സമൂഹത്തിനേ ആരോഗ്യമുണ്ടാവൂ. ഇത് അട്ടിറിക്കുകയെന്ന അതീവ അപകടകരമായ ഒരു നീക്കമാണ്  സര്‍ക്കുലര്‍ അംഗീകരിക്കുക വഴി ഭരണകൂടവും അതിന് മൗന സമ്മതം നല്‍കിയവരും നടത്തിയിരിക്കുന്നത്. ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഷയം പെണ്ണിന്റെ വിവാഹപ്രായം മാത്രമല്ല ആണിന്‍േറതു കൂടി കുറച്ചിരിക്കുന്നു എന്നതാണ്.

അപക്വമായ പ്രായത്തില്‍ കുട്ടിക്കളിയായി ദാമ്പത്യത്തെ സമീപിക്കുന്നതിന്റെ അപകടം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലത്താണ് ഇതെന്നത് ഭരണകൂടത്തിന്റെ ദുരൂഹമായ താല്‍പര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു ജനസമൂഹത്തെ അവരറിയാതെ തകര്‍ക്കാന്‍ കഴിയുന്ന നല്ലൊരു വഴിയാണ് തുറന്നു കിട്ടിയിരിക്കുന്നത്.

പിഞ്ഞാണത്തില്‍ മഷികൊണ്ടെഴുതി കുടിച്ച്, നഫീസത്തുമാലയും പാടി നടന്നിരുന്ന കാലത്തു നിന്ന് മാപ്പിളപ്പെണ്ണ് ഒട്ടേറെ മാറിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യം തന്നെ. പക്ഷേ, ആ മാറ്റം പൊതു സമൂഹത്തിന്റെ മാറ്റത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ഈ മാറ്റത്തില്‍ അസ്വസ്ഥപ്പെടുന്ന രണ്ട് കൂട്ടരെ കാണാം. ഒന്ന്, സമുദായത്തിനകത്തുള്ളവര്‍. രണ്ട്, മുസ്ലിംപെണ്ണിന്റെ “വിമോചന”ത്തിനെന്ന വ്യാജേന വായിട്ടലയ്ക്കുന്ന അപരര്‍.

അവകാശങ്ങളെ കുറിച്ചുള്ള പെണ്ണിന്റെ തിരിച്ചറിവിനെ എക്കാലത്തും  എല്ലാ മതവാദികളും അല്ലാത്തവരും ഭയപ്പെടുന്നുണ്ട്. മാപ്പിളപെണ്ണ് വിവരമുള്ളവളും കാര്യം തിരിയുന്നവളും ആവുന്നത് ഇരുകൂട്ടര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. 16 വയസ്സിനപ്പുറത്തേക്ക് വിദ്യാലയത്തിന്റെയും കലാലയങ്ങളുടെയും പടികള്‍ കടന്ന് വിവരം ആര്‍ജിക്കാനും തനതു സ്വത്വത്തെ കണ്ടത്തൊനും  സ്വന്തം നിലയില്‍ തയാറാവുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം ഏറിക്കൊണ്ടിരിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

lineമുസ്ലിംകളെ നോക്കി കളിയാക്കി ചിരിക്കുന്നവര്‍ക്ക് പരിഹാസത്തിന്റെ കൂരമ്പ് എയ്യാന്‍ വീണ്ടും വീണ്ടും പ്ലാറ്റ്‌ഫോമുകള്‍ പണിയുകയാണ് സമുദായത്തിന്റെ  മുഴു സംരക്ഷണവും ഉന്നമനവും ഏറ്റെടുത്ത രാഷ്ട്രീയ പാര്‍ട്ടിയും മറ്റുള്ളവരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നും മുസ്ലിം ജീവിത പരിസരത്തെ  മുടിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്തുപോന്നിട്ടുള്ള പൗരോഹിത്യം അതിന്റെ ഭീകരരൂപം പൂണ്ട് മാപ്പിളപ്പെണ്ണിനുമേല്‍ നഖങ്ങള്‍ ആഴ്ത്തുകയാണ്.line

muslim-womens-issue.2

[]വിദ്യാഭ്യാസത്തിലും തൊഴിലിലും ഇതര മേഖലകളിലും മറ്റു പെണ്‍കുട്ടികളോട് കിടപിടിക്കുന്ന തരത്തില്‍ അവരിലെ ഒരു ന്യൂനപക്ഷമെങ്കിലും മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ആരോഗ്യകരമായ ഈ മാറ്റത്തെ തച്ചുടക്കുന്ന വഴികള്‍ നോക്കൂ. സമുദായ നേതാക്കള്‍ എന്നു പറയുന്നവര്‍ നടത്തുന്ന വനിതാ കലാലയങ്ങളിലെ സിലബസുകളില്‍ പ്രമുഖം ഹോം സയന്‍സ് ആണ്. അഥവാ ഗൃഹപരിപാലന ശാസ്ത്രം!

ദല്‍ഹി പ്രശ്‌നത്തിലും മറ്റും സമുദായക്കാര്‍ വെച്ചുനീട്ടിയ, സ്ത്രീകള്‍  വീടിനു പുറത്തിറങ്ങാതിരുന്നാല്‍ മതിയെന്ന പരിഹാര ഫോര്‍മുല ഇതിനോട് ചേര്‍ത്തു വായിക്കുക. ബലാത്സംഗം ചെയ്യപ്പെടുന്നതുപോലും ഇവരുടെ കണ്ണില്‍  പെണ്ണിന്റെ മാത്രം കുറ്റമാവുന്നത് അപ്പോഴാണ്.[]

പെണ്ണ് വെറും  ശരീരം മാത്രമാണെന്ന് വീണ്ടും അടിവരയിടുകയാണ് ഇവിടെ. 16 വയസ്സിനപ്പുറത്തേക്ക് മുസ്ലിം സ്ത്രീക്ക് അവളുടെ വികാരത്തെ അടക്കിനിര്‍ത്താനാവില്ലെന്നും കെട്ടിച്ചുവിട്ടില്ലെങ്കില്‍ അവള്‍ സ്വയം കെട്ടഴിച്ച് വിട്ട് “പെഴച്ചു” പോവുമെന്നുമാണ്  സമുദായക്കാര്‍ ഇതിലൂടെ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ആരുടെ വികാരമാണ് ഇവിടെ അണപൊട്ടിയൊഴുകുന്നത്.

പ്രായമല്ല, ശരീരത്തിന്റെ വളര്‍ച്ചയാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന് ചില വിചിത്രമായ വാദങ്ങളും ഇവരുടേതായുണ്ട്. അഥവാ ബ്രോയിലര്‍ ചിക്കന്‍!  ഏതാനും മാസം കൊണ്ട് തന്നെ കൊഴുപ്പടിഞ്ഞ് നെയ്യൂറുന്ന ഇറച്ചിക്കോഴി കഴിക്കുമ്പോള്‍ സുഖം കൂടുമെങ്കിലും വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ ബുദ്ധി വളര്‍ച്ചയെത്തില്ല. ഇങ്ങനെയുള്ള മന്ദബുദ്ധികളെ മെരുക്കാനും ഒതുക്കാനും എളുപ്പമാണ്.

നേരത്തെ വിവാഹിതരായതുകൊണ്ട് മാത്രം നമ്മുടെ നാട്ടില്‍ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാതിരുന്നിട്ടില്ലെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു. പെണ്ണ് പുറം ലോകം കാണാന്‍ പാടില്ലെന്നും കുടുംബത്തിനകത്തേക്കു മാത്രം ചുരുങ്ങേണ്ടവള്‍ ആണെന്ന് പറഞ്ഞും  പഠിപ്പിച്ചും  അവള്‍ക്ക് തടവറയൊരുക്കിയവര്‍ ആ ബോധത്തില്‍ നിന്ന് പുറത്തുകടക്കാനാവാത്ത വിധം പുതിയ കാലത്തും അവളുടെ അവകാശ ചിന്തകള്‍ക്കും വ്യക്തിത്വത്തിനും മേല്‍ ചക്രവ്യൂഹം തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.


ഇതിന് ഞങ്ങള്‍ അത്രയെളുപ്പം വഴങ്ങിക്കൊടുക്കില്ലെന്ന് പെണ്‍കുട്ടികള്‍ അടക്കം പറയാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനി നാളെയവര്‍ ഇതിന്റെ പേരില്‍ തെരുവിലിറങ്ങും. പുതിയ ചത്വരങ്ങള്‍ പെണ്ണിന്റെ സമര ബോധത്താല്‍ പ്രകമ്പനമാകുന്ന കാലം അത്രയൊന്നും വിദൂരത്തല്ലെന്നുകൂടി ഓര്‍ക്കുക.

muslim-womens-sportsആരോഗ്യമുള്ള സമൂഹത്തിന് ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുക എന്ന എളുപ്പം സാധിക്കുന്ന മുന്‍കരുതലിനു പകരം നിയമത്തിന്റെ സാങ്കേതിക കുരുക്ക് പറഞ്ഞ് സാമൂഹ്യക്ഷേമവകുപ്പ് എന്തിനാണ് ഇത്തരമൊരു ചെപ്പടിവിദ്യക്ക് മുന്നിട്ടിറങ്ങിയത് എന്നതിലെ യുക്തിയില്‍ മറ്റു ചിലതുകൂടി തെളിയുന്നുണ്ട്.  മുസ്ലിം സ്ത്രീകള്‍ മറ്റു സ്ത്രീകളുടെ ഇടയിലേക്ക് കടന്നുചെന്ന് ഒരു പൊതു ഇടത്തില്‍ ഐക്യപ്പെടുന്നതിന്റെ സാധ്യതയെയാണ് ഈ സര്‍ക്കുലര്‍ വഴി സമര്‍ഥമായി  അട്ടിമറിക്കുന്നത്.

മതത്തിന്റെ പരിലാളനയേറ്റ് വളര്‍ന്നുവന്ന എത്ര സ്ത്രീ ആക്ടിവിസ്റ്റുകളെ സംഭാവന ചെയ്യാന്‍ കേരളത്തിലെ മത സംഘടനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് ..? സ്വന്തം ചുറ്റുവട്ടത്ത് ഒരു വനിതാ ആക്ടിവിസ്റ്റിനെ തിരഞ്ഞ് കിട്ടാതെ വരുമ്പോഴൊക്കെ ഇറക്കുമതി ചെയ്ത വനിതകളെ അവതരിപ്പിച്ച് ആ ഇടം നികത്തുകയാണ് ഈ സംഘടനകള്‍ ചെയ്തുപോരുന്നത്. പക്ഷേ, ആ ഇറക്കുമതികള്‍ രൂപപ്പെട്ട സാഹചര്യങ്ങളെ സൗകര്യപൂര്‍വം വിസ്മരിക്കുകയും അത്തരം സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഇക്കൂട്ടര്‍.

മുസ്ലിംകളെ നോക്കി കളിയാക്കി ചിരിക്കുന്നവര്‍ക്ക് പരിഹാസത്തിന്റെ കൂരമ്പ് എയ്യാന്‍ വീണ്ടും വീണ്ടും പ്ലാറ്റ്‌ഫോമുകള്‍ പണിയുകയാണ് സമുദായത്തിന്റെ  മുഴു സംരക്ഷണവും ഉന്നമനവും ഏറ്റെടുത്ത രാഷ്ട്രീയ പാര്‍ട്ടിയും മറ്റുള്ളവരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നും മുസ്ലിം ജീവിത പരിസരത്തെ  മുടിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്തുപോന്നിട്ടുള്ള പൗരോഹിത്യം അതിന്റെ ഭീകരരൂപം പൂണ്ട് മാപ്പിളപ്പെണ്ണിനുമേല്‍ നഖങ്ങള്‍ ആഴ്ത്തുകയാണ്.

എന്നാല്‍, ഇതിന് ഞങ്ങള്‍ അത്രയെളുപ്പം വഴങ്ങിക്കൊടുക്കില്ലെന്ന് പെണ്‍കുട്ടികള്‍ അടക്കം പറയാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനി നാളെയവര്‍ ഇതിന്റെ പേരില്‍ തെരുവിലിറങ്ങും. പുതിയ ചത്വരങ്ങള്‍ പെണ്ണിന്റെ സമര ബോധത്താല്‍ പ്രകമ്പനമാകുന്ന കാലം അത്രയൊന്നും വിദൂരത്തല്ലെന്നുകൂടി ഓര്‍ക്കുക.