Advertisement
national news
യു.പിയ്ക്ക് പിന്നാലെ മധ്യപ്രദേശിലും മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 30, 04:35 pm
Monday, 30th November 2020, 10:05 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവാവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുകയാണെന്നും ഇസ്‌ലാം സംസ്‌കാരം തന്നില്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്ന യുവതിയുടെ പരാതിയിന്‍ മേലാണ് അറസ്റ്റ്.

ഹിന്ദുമതവിശ്വാസിയായ യുവതി 2018ലാണ് ഇര്‍ഷാദ് ഖാന്‍ എന്ന യുവാവിനെ വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹം ബലപ്രയോഗത്തിലൂടെയായിരുന്നുവെന്നും തന്നെ ഇര്‍ഷാദ് പീഡിപ്പിക്കുന്നുവെന്നുമാരോപിച്ച് യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച യുവതി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകുകയായിരുന്നു

അദ്ദേഹത്തിന്റെ മത സംസ്‌കാരം പഠിക്കാനും, അറബി ഭാഷ പഠിക്കാനും എന്നെ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി ഇര്‍ഷാദ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. പീഡനം സഹിക്കാനാവാതെയാണ് മാതാപിതാക്കളുടെ അടുത്തേക്ക് പോയത്, യുവതി പറഞ്ഞു.

അതേസമയം യുവതിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഭരത് ദുബൈ പറഞ്ഞു. സംസ്ഥാനത്തെ നിലവിലുള്ള മത സ്വാതന്ത്ര്യ നിയമമായ മധ്യപ്രദേശ് സ്വാതന്ത്ര്യ ബില്‍ 2020 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിവാദ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഡിയോറാനിയ പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം ആദ്യം കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് യു.പി സര്‍ക്കാരിന്റെ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

മുസ്‌ലിം മതത്തിലേക്ക് പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്തുവെന്ന കേസില്‍ പുതിയ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒവൈസി നിര്‍ബന്ധിതമായി മകളെ മതപരിവര്‍ത്തനം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയാണ് ‘ലവ് ജിഹാദ്’ തടയാന്‍ എന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഓഡിനന്‍സിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓഡിനന്‍സ് നാലു ദിവസം മുന്‍പാണ് ആദിത്യനാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Muslim Man Arrested Under Religious Freedom Law Under Madyapradesh