കോഴിക്കോട്: മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് സംസാരിച്ച പി.കെ. ബഷീര്‍ എം.എല്‍.എയെ താക്കീത് ചെയ്ത് മുസ്‌ലിം ലീഗ്. വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴിവാക്കണം. വിഷയത്തില്‍ ബഷീറിന് താക്കീതും മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പി.കെ. ബഷീര്‍ എം.എല്‍.എയുടെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ നടപടി.
ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ. ഖാദറിനെയും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു. എവിടേക്കും കയറിച്ചെല്ലേണ്ടതില്ലെന്ന് തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമര്‍ശം.
എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ. ബഷീര്‍, കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം. മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നുമാണ് അധിക്ഷേപിച്ചത്.
കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക്(മുഖ്യമന്ത്രി) പേടി, പര്‍ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവെച്ചാല്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,’ എന്നായിരുന്നു പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞത്.