രാവിലെ എണീക്കുമ്പോഴേക്കും ഒരു നൂറ് മെസേജ് വരും; നമ്മുടെ പാട്ട് ഷെയര്‍ ചെയ്യുന്നതിനേക്കാളധികം ഇത്തരം മോശം കമന്റുകള്‍ ആളുകള്‍ അയച്ചുതരും; ബോഡിഷെയിമിങ്ങ് നേരിട്ടതിനെക്കുറിച്ച് ജാസി ഗിഫ്റ്റ്
2004ല്‍ പുറത്തിറങ്ങിയ ‘ഫോര്‍ ദി പീപ്പിള്‍’ എന്ന സിനിമയിലൂടെ തെന്നിന്ത്യയാകെത്തന്നെ പ്രശസ്തിയാര്‍ജിച്ച ഗായകനും സംഗീത സംവിധായകനുമാണ് ജാസി ഗിഫ്റ്റ്. സിനിമയിലെ ‘ലജ്ജാവതിയേ’, ‘അന്നക്കിളി നീയെന്തിന്’ തുടങ്ങിയ പാട്ടുകള്‍ ജാസി ഗിഫ്റ്റിന്റെ ശബ്ദത്തില്‍ വമ്പന്‍ ഹിറ്റുകളായി മാറിയിരുന്നു.
മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലും ജാസി ഗിഫ്റ്റ് പാടുകയും പാട്ടുകളൊരുക്കുകയും ചെയ്യുന്നുണ്ട്.
സിനിമയില്‍ വന്ന സമയത്ത് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെപ്പറ്റി തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ താരം. ബിഹൈന്‍ഡ് വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ജാസി ഗിഫ്റ്റ് പറഞ്ഞത്.
ബോഡിഷെയിമിങ്ങിന് വിധേയമായിട്ടുണ്ടെന്നും മലയാളികളില്‍ നിന്നും വേദനിപ്പിക്കുന്ന പല പരാമര്‍ശങ്ങളും കേട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു താരം.
”എല്ലാവരും നമ്മുടെ പാട്ടോ മ്യൂസിക്കോ ഇഷ്ടപ്പെടണമെന്നില്ല. ആ വിശ്വാസത്തില്‍ മുന്നോട്ട് പോയിട്ടും കാര്യമില്ല.
ഒന്നുകില്‍ നമ്മള്‍ ഈ മോശം കാര്യങ്ങള്‍ വായിക്കാതിരിക്കുക, നമ്മുടെ കാര്യങ്ങള്‍ മാത്രം നോക്കി പോവുക.
ഒരു പാട്ട് ഇറങ്ങുമ്പോള്‍ അത് ഷെയര്‍ ചെയ്യുന്നതിനേക്കാളും ഇത്തരം മോശം കമന്റുകള്‍ ഒരുപാട് പേര് നമുക്ക് അയച്ച് തരും. ഇത് അയച്ചു തരുന്നവര്‍ റിയാക്ട് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍, ഒന്നും ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ഞാന്‍ പറയാറ്.
ബോഡി ഷെയിമിങ്ങിനെപ്പറ്റി ഞാന്‍ പ്രത്യക്ഷത്തില്‍ പ്രതികരിച്ചിട്ടില്ല. ഇത് നമുക്ക് മാത്രമുള്ള പ്രശ്‌നമല്ലല്ലോ, ലോകമെമ്പാടുമുള്ളതല്ലേ. അതിനെതിരെ പ്രതികരിക്കുകയോ അതിനെക്കുറിച്ച് പാട്ട് തയാറാക്കുകയോ ചെയ്ത് ബോഡിഷെയിമിങ് എന്ന കാര്യത്തിനെ കൂടുതല്‍ പബ്ലിസൈസ് ചെയ്യേണ്ട എന്നാണ് ഞാന്‍ ചിന്തിക്കുന്നത്,” ജാസി ഗിഫ്റ്റ് പറഞ്ഞു.