ലാഹോര്‍: ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തെ പിന്തുണക്കുന്ന മുന്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനൊപ്പം ചേര്‍ന്ന് മ്യൂസിക് ഷോ നിര്‍മിച്ച നൊബേല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്‌സായ്‌ക്കെതിരെ വിമര്‍ശനം. 20ാം നൂറ്റാണ്ടിലെ അമേരിക്കന്‍ സ്ത്രീകളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട ‘സഫ്‌സ്’ എന്ന് പേരിട്ട് മ്യൂസിക് ഷോയുടെ നിര്‍മാണത്തിലാണ് ഇരുവരും പങ്കാളികളായത്. ഏപ്രില്‍ 20 മുതല്‍ ന്യൂയോര്‍ക്കിലെ വിവിധയിടങ്ങളില്‍ ഈ പ്രോഗ്രാം നടക്കുന്നുണ്ട്.
നിരവധി പേരാണ് മലാലയുടെ ഈ നടപടിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനിലുള്‍പ്പടെ മലാലക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും മലാലയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലാലയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തക സന സഈദ് രംഗത്തെത്തി. ‘വടക്കന്‍ പാക്കിസ്ഥാനില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്‍പ്പടെ നിരവധി പേരെ കൊലപ്പെടുത്തുകയും അംഗവൈകല്യം വരുത്തുകയും ചെയ്ത സി.ഐ.എയുടെ ഡ്രോണ്‍ ആക്രമണങ്ങളെ അനുകൂലിച്ച വ്യക്തിയാണ് ഹിലരി. അവര്‍ക്കൊപ്പം മലാല വര്‍ക്ക് ചെയ്തത് രസകരമാണ്. ഇപ്പോള്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട് ഹിലരി’ സന സഈദ് പറഞ്ഞു.
Very cool that Malala is working alongside the former Secretary of State who supported the CIA drone wars that killed & maimed countless in Northern Pakistan, destroying access to education; a former SoS who is actively supporting the genocide in Gaza right now.
ഫലസ്തീനിലെ വംശഹത്യയില്‍ ഇസ്രഈലിനെ പിന്തുണക്കുന്ന ഹിലരിക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ഒരു മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയിലുള്ള മലാലയുടെ വിശ്വാസ്യതക്ക് തിരിച്ചടിയാണെന്ന് പാകിസ്ഥാന്‍ കോളമിസ്റ്റായ മെഹര്‍ തരാര്‍ പറഞ്ഞു. മലാലയുടെ ഈ നടപടി ദുരന്തപൂര്‍ണമാണെന്നും മെഹര്‍ തരാര്‍ പറഞ്ഞു.
എന്നാല്‍ പ്രസ്തുത മ്യൂസിക് പരിപാടിയുടെ പ്രീമിയര്‍ ഷോക്ക് ചുവപ്പും കറുപ്പും കലര്‍ന്ന ബാഡ്ജ് ധരിച്ച് മലാലയെത്തിയത് ഗസ്സയിലെ വെടിനിര്‍ത്തലിനെ അനുകൂലിക്കുന്ന അവരുടെ നിലപാട് അറിയിക്കുന്നതായിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഹിലരിക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ചര്‍ച്ചയായതോടെ വിശദീകരണവുമായി മലാലയും രംഗത്തെത്തിയിട്ടുണ്ട്. ‘ഗസയിലെ ജനങ്ങള്‍ക്കുള്ള എന്റെ പിന്തുണയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട സ്‌കൂളുകളും പട്ടിണി കിടക്കുന്ന കുട്ടികളെയും നേരിട്ട് കാണണമെന്നില്ല. അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തില്‍ ഇസ്രഈല്‍ സര്‍ക്കാറിനെ അപലപിക്കുന്നു,’ മലാല എക്‌സില്‍ കുറിച്ചു.