മലയാള സിനിമാ ലോകത്തിന് ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. കുട്ടിക്കാലം മുതലേ തനിക്ക് പാട്ടിനോട് വലിയ കമ്പമായിരുന്നുവെന്ന് പറയുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശരത്.
തന്റെ ചില അനുഭവങ്ങളെക്കുറിച്ചും ശരത് പറയുന്നുണ്ട്. പാട്ടു പഠിക്കാനായി ബാലമുരളീകൃഷ്ണ വിളിച്ചപ്പോള്‍ മദ്രാസിലേക്ക് പോയപ്പോഴുണ്ടായ ചില സംഭവങ്ങളാണ് ശരത് ഓര്‍ത്തെടുക്കുന്നത്.
‘ബാലമുരളി സാറിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അമേരിക്കന്‍ ടൂറിലായിരുന്നു. അപ്പോള്‍ കമ്പോസറായ ബി.എ ചിദംബരനാഥ് സാറിനെ പോയി കണ്ടു. അദ്ദേഹത്തിന്റെ അടുത്താണ് ഞാന്‍ പാട്ട് പഠിക്കാന്‍ തുടങ്ങുന്നത്. ചിദംബരം മാഷിന്റെ ക്ലാസില്‍ എപ്പോഴും തമാശ കേള്‍ക്കാം.
അതുകൊണ്ട് മാഷിന്റെ വീട്ടില്‍ പോവാന്‍ ഒരു മടിയും കാണില്ല. ആ കാലത്താണ് ഞങ്ങളുടെ അരങ്ങേറ്റം. അരങ്ങേറ്റത്തിന്റെ ദിവസമെത്തി. വൈകുന്നേരം ആറ് മണിക്കാണ് കച്ചേരി. പക്ഷേ നാലു മണിയായിട്ടും ഞാനും അനിയനും കൂടെ മാഷിന്റെ വീട്ടിലിരുന്ന് ഗോലി കളിച്ചു.
ഞാന്‍ അടിച്ച ഗോലി പെട്ടെന്ന് ഒരാളുടെ ഷൂവില്‍ തട്ടി നിന്നു. ഞാന്‍ ആ ഷൂ തൊട്ട് മേലോട്ട് നോക്കിയപ്പോള്‍ ദാ നില്‍ക്കുന്നു സാക്ഷാല്‍ പ്രേംനസീര്‍. ചിദംബരം മാഷ് വിളിച്ചിട്ട് ഞങ്ങളുടെ അരങ്ങേറ്റത്തിന് വന്നതാണദ്ദേഹം,’ ശരത് പറഞ്ഞു.