Entertainment news
ഗോള്‍ഡ് ഒരു ബോംബ് കഥയല്ല, അതായിരുന്നു അല്‍ഫോണ്‍സ് മുമ്പോട്ട് വെച്ച ഒരു കണ്ടീഷന്‍: രാജേഷ് മുരുകേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 01, 01:21 pm
Thursday, 1st December 2022, 6:51 pm

പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ് ഗോള്‍ഡ്. പൃഥ്വിരാജ് നായകനായ സിനിമയില്‍ നയന്‍താരയാണ് നായിക. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകനായ രാജേഷ് മുരുകേശ്. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രാജേഷ് ഇക്കാര്യങ്ങല്‍ പറഞ്ഞത്.

‘മൂന്ന് പാട്ടിലാണ് ഞങ്ങള്‍ സിനിമ തുടങ്ങുന്നത്. എന്നാല്‍ ആല്‍ബം എന്ന രീതിയില്‍ ഏഴ് പാട്ടുകളാണ് സിനിമയിലുള്ളത്. പക്ഷെ വോക്കല്‍സുള്ള അഞ്ച് പാട്ടുകളാണ് ആക്കൂട്ടതിലുള്ളത്. പ്രേമം സിനിമയില്‍ മുരളി ഗോപി പാടിയത് പോലെ ഈ സിനിമയില്‍ സിജു വില്‍സണ്‍ പാടുന്നുണ്ട്.

ആ പാട്ട് ശബരിയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ഗോള്‍ഡില്‍ കൈതപ്രം സാറും പാട്ട് എഴുതിയിട്ടുണ്ട്. എന്നാല്‍ ഈ പാട്ട് കൃത്യമായി ശബരിക്ക് വേണ്ടി എഴുതിയതായിരുന്നു. ശബരിയെ വിളിച്ച് ഇക്കാര്യം ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ എനിക്ക് ഒരു ബീറ്റ് ഒക്കെ അയച്ച് തന്നു. ഇങ്ങനെ ചെയ്താല്‍ നന്നാകുമെന്നും പറഞ്ഞു.

ആ പാട്ട് സിനിമയില്‍ സിജു തന്നെയാണ് അഭിനയിച്ച് പാടിയിരിക്കുന്നത്. സിജു അത് നന്നായി ചെയ്തിട്ടുണ്ട്. ഞാന്‍ ഒരിക്കലും അങ്ങനെ വിചാരിച്ചിരുന്നില്ല. അത്യാവശ്യം നാക്ക് ഉളുക്കുന്ന പാട്ടാണ് അത്. ഞാന്‍ കരുതി അവന്‍ പാടുപെടുമെന്ന്. പക്ഷെ അവന്‍ നന്നായി തന്നെ അത് പാടിയിട്ടുണ്ട്.

ഒരാളുടെ ഹാര്‍ഡ് വര്‍ക്കിന് കിട്ടുന്ന റിസള്‍ട്ടാണ് ഈ സിനിമയുടെ കഥ. ആ ഹാര്‍ഡ് വര്‍ക്ക് ഞങ്ങളും എടുക്കണമെന്നത് അല്‍ഫോണ്‍സ് മുമ്പോട്ട് വെച്ച പ്രധാന കണ്ടീഷന്‍. രണ്ടാമത്ത കണ്ടീഷന്‍ ആ ത്രില്ല്് എപ്പോഴും നിലനിര്‍ത്തണമെന്നതാണ്. ത്രില്ല് എന്ന് പറയുമ്പോള്‍ ഇത് വലിയ ബോംബ് കഥയൊന്നുമല്ല. ഒരു ചെറിയ കഥയാണ്.

 

പ്രേമം കുറച്ചുകൂടി ഇമോഷന്‍സിനെ അടിസ്ഥാനമാക്കിയുള്ള കഥയാണ്, എന്നാല്‍ ഗോള്‍ഡില്‍ നമ്മള്‍ നായകനൊപ്പം സഞ്ചരിക്കുകയാണ്. കാരണം ഇത് ഒന്ന് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന കഥയാണ്. പ്രേമത്തില്‍ നിന്നും വളരെ വ്യത്യസ്തമായ സിനിമയാണിത്. സിനിമയില്‍ പല കഥാപാത്രങ്ങളും വന്നു പോവുകയുള്ളു, എന്നാലും അവര്‍ക്കൊക്കെ പ്രാധാന്യം കൊടുക്കുന്ന തരത്തില്‍ വര്‍ക്ക് ചെയ്യണമായിരുന്നു,’ രാജേഷ് മുരുകേശന്‍ പറഞ്ഞു.

മാജിക് ഫ്രയിംസിന്റെ ബാനറില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ഗോള്‍ഡ് ഡിസംബര്‍ 2നാണ് തിയേറ്ററുകളിലെത്തിയത്. സിനിമ ഇന്‍പെര്‍ഫെക്ടാണെന്നും അതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസബുക്ക് പോസ്റ്റിലൂടെ റിലീസിന് മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമക്ക് ഇപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

content highlight: music director rajesh murukeshan talks about gold movie