മലയാളികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഹൃദയം തിയേറ്ററുകളിലേക്കെത്തിയിരിക്കുന്നത്.
മികച്ച പ്രതികരണമാണ് എല്ലാ കോണുകളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. വിനീതിന്റെ സംവിധാനമികവിനെ കുറിച്ചും പ്രണവിന്റെയും ദര്‍ശനയുടെയും കല്യാണി പ്രിയദര്‍ശന്റെയും അഭിനയത്തെ കുറിച്ചും ആളുകള്‍ വാതോരാതെയാണ് സംസാരിക്കുന്നത്.
സിനിമയിലെ പാട്ടുകളും ഏറെ ജനശ്രദ്ധ നേടിയിരുന്നു. 15 പാട്ടുകളുണ്ട് എന്ന തരത്തില്‍ റിലീസിന് മുന്‍പ് തന്നെ സിനിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെ കാലത്തിന് ശേഷം മലയാളി യൂത്തിന്റെ ഇടയില്‍ തരംഗം തന്നെയായിരുന്നു ദര്‍ശനാ എന്ന പാട്ട് ഉണ്ടാക്കിയത്.
ഇപ്പോഴിതാ, ഹൃദയത്തെ കുറിച്ചും ഒപ്പം വര്‍ക്ക് ചെയ്തവരെ കുറിച്ചും മനസുതുറക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ്. ബിഹൈന്‍ഡ് വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തിലാണ് ഹിഷാം ഇക്കാര്യം പറയുന്നത്.
വിനീതിനെ കുറിച്ച് ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പറയാന്‍ ആഗ്രഹിക്കുന്ന വസ്തുതയെന്താണെന്ന ചോദ്യത്തിന് ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു ഹിഷാമിന്റെ മറുപടി.
‘വിനീതേട്ടനെ കുറിച്ച പറയുകയാണെങ്കില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ പറയാനുണ്ട്. പെട്ടന്ന് എന്റെ മനസില്‍ വരുന്നത് ഹി ഈസ് ആന്‍ ആബ്‌സല്യൂട്ട് ഡിസിഷന്‍ മേക്കര്‍. ഒരു തീരുമാനമെടുത്താല്‍ അദ്ദേഹം അതില്‍ നിന്നും പിന്‍മാറില്ല,’ ഹിഷാം പറയുന്നു.
സിംപിള്‍ ആന്‍ഡ് സൈലന്റ് എന്നാണ് ഒറ്റവാക്കില്‍ ഹിഷാം പ്രണവിനെ കുറിച്ച് പറയുന്നത്. കല്യാണി ഹ്യൂമറസാണെന്നും, ദര്‍ശനയുടെ മികച്ച അഭിനയം തന്നെയാണ് തന്റെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നതെന്നും ഹിഷാം പറയുന്നു. താന്‍ ദര്‍ശനയുടെ അഭിനയത്തിന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കൊവിഡ് കാലത്തുപോലും ഇത്രയും റിസ്‌കെടുത്ത് ഒരു സിനിമ തിയേറ്ററിലേക്കെത്തിച്ച വിശാഖ് സുബ്രഹ്‌മണ്യം വണ്ടര്‍ഫുള്‍ പ്രൊഡ്യൂസറാണെന്നും ഹിഷാം പറയുന്നു.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി ചിത്രത്തിന്റെ അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ അജു വര്‍ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം.
Content highlight: Music director Hesham Abdul Wahab talks about Vineeth Sreenivasan and Pranav Mohanlal