national news
ഗ്രാപ് നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന നിർമാണ തൊഴിലാളികൾക്ക് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 02, 02:02 am
Sunday, 2nd March 2025, 7:32 am

ന്യൂദൽഹി: കോടതി ഉത്തരവുകൾ ഇല്ലാതെ തന്നെ ഗ്രാപ് നിയന്ത്രണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന നിർമാണ തൊഴിലാളികൾക്ക് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ച് സുപ്രീം കോടതി.

ദൽഹി-എൻ.സി.ആറിലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്പ്) നടപടികൾ കാരണം ജോലി നിർത്തിവച്ചതിനെത്തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർമാണ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളോട് സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.

ദൽഹി-എൻ‌.സി‌.ആർ മേഖലയിലെ വായു നിലവാരം ഒരു നിശ്ചിത പരിധിയിലെത്തിയതിനുശേഷം കൂടുതൽ വഷളാകുന്നത് തടയാൻ സ്വീകരിക്കുന്ന അടിയന്തര നടപടികളാണ് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ.

ലേബർ സെസ് വഴി സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖെ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

‘2024, 2025 വർഷങ്ങളിൽ ഗ്രാപ് നിയന്ത്രണങ്ങൾ മൂലം ജോലി ഇല്ലാതായ നിർമാണ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ ഞങ്ങൾ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയാണ്. ഇനി മുതൽ, ഗ്രാപ് നടപ്പാക്കൽ കാരണം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമ്പോഴെല്ലാം അത് മൂലം ബാധിതരായ തൊഴിലാളികൾക്ക് സുപ്രീം കോടതിയുടെ 2021 നവംബർ 24 ലെ നിർദേശം അനുസരിച്ച് നഷ്ടപരിഹാരം നൽകണം.
നഷ്ടപരിഹാരം നൽകാൻ കോടതിയുടെ പ്രത്യേക നിർദേശമില്ലെങ്കിൽ പോലും, എൻ.സി.ആർ സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകണം,’ സുപ്രീം കോടതി പറഞ്ഞു.

വെള്ളിയാഴ്ച നടന്ന വാദത്തിനിടെ, GRAP-4 ന്റെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും യഥാക്രമം 2,68,759 പേർക്കും 2,24,881 പേർക്കും നഷ്ടപരിഹാരം നൽകിയതായി ഹരിയാന കോടതിയെ അറിയിച്ചു. കൂടാതെ, 2025 ജനുവരിയിലെ GRAP-4 കാലയളവിലെ ഏകദേശം 95,000 തൊഴിലാളികൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഹരിയാന അറിയിച്ചു.

93,272 തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭിച്ചതായും ബാക്കിയുള്ള രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ പരിശോധനാ പ്രക്രിയ പുരോഗമിക്കുകയാണെന്നും ദൽഹി സർക്കാരിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചിട്ടുണ്ട്.

മലിനീകരണവുമായി ബന്ധപ്പെട്ട ജോലി തടസങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന നിർമാണ തൊഴിലാളികൾക്ക് ഉപജീവന അലവൻസുകൾ പൂർണമായി നൽകുന്നതിൽ ദൽഹി സർക്കാർ പരാജയപ്പെട്ടെന്ന് കോടതി മുമ്പ് വിമർശിച്ചിരുന്നു. ശരിയായ രജിസ്ട്രേഷൻ ഉറപ്പാക്കാൻ തൊഴിലാളി യൂണിയനുകളുമായി ഉടൻ ഒരു യോഗം വിളിക്കാൻ ദൽഹി സർക്കാരിനോട് കോടതി നിർദേശിച്ചു.

നിയന്ത്രണങ്ങൾ കാരണം ജോലി നഷ്ടപ്പെട്ട നിർമാണ തൊഴിലാളികൾക്ക് ഉപജീവന അലവൻസ് നൽകിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കാൻ എൻ.സി.ആർ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതി ബന്ധപ്പെട്ടിരുന്നു.

 

Content Highlight: States must compensate construction workers affected by GRAP even without court orders: SC