ന്യൂദൽഹി: ദൽഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളികൾക്ക് നേരെ വർഗീയ വിദ്വേഷവുമായി ഹിന്ദുത്വ വാദികൾ. തീവ്ര ഹിന്ദുത്വ വാദികൾ മസ്ജിദുകൾക്ക് നേരെ ഓം എന്ന് തെളിയുന്ന ലേസർ ലൈറ്റുകൾ പ്രകാശിപ്പിക്കുകയും കാവി പതാകകൾ ഉയർത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.
മുഗൾ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലുമാണ് സംഭവങ്ങൾ അരങ്ങേറിയത്. മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഫെബ്രുവരി 26 ന് വൈകുന്നേരം മഹാശിവരാത്രി സമയത്ത് നടത്തിയ ശോഭ യാത്ര മസ്ജിദുകളുടെ മുന്നിൽ മനഃപൂർവം നിർത്തുകയും പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യങ്ങൾ വിളിക്കുകയും ലേസർ ലൈറ്റുകളും ഉപയോഗിക്കുകയുമായിരുന്നു.
ഫർഹാൻ യാഹിയ എന്ന റിപ്പോർട്ടർ എക്‌സിൽ പങ്കിട്ട സംഭവത്തിന്റെ വീഡിയോയിൽ, പഴയ ദൽഹിയിലെ സാംസ്കാരിക പ്രാധാന്യമുള്ള രണ്ട് പള്ളികളായ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലും കാവി പതാകകൾ വഹിച്ചുകൊണ്ട് ഒരു വലിയ ജനക്കൂട്ടം ഡി.ജെ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയും ലേസർ ലൈറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നത് കാണാം.
വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ പൊലീസിനെ ടാഗ് ചെയ്യുകയും കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തിൽ സാമൂഹിക പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുകയും ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങൾ സമുദായങ്ങൾക്കിടയിൽ മതപരമായ സംഘർഷം സൃഷ്ടിക്കുകയും ഒടുവിൽ കലാപത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സംഭവത്തെക്കുറിച്ചോ നടപടിയെടുക്കണമെന്ന വർധിച്ചുവരുന്ന ആഹ്വാനങ്ങളെക്കുറിച്ചോ ദൽഹി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
Content Highlight: ‘Om’ laser projection on Delhi historic mosques sparks outrage