national news
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌ക്കേസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 02, 02:37 am
Sunday, 2nd March 2025, 8:07 am

ചണ്ഡിഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയശേഷം സ്യൂട്ട്‌ക്കേസില്‍ ആക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാനി നാര്‍വലാണ് (22) കൊലപ്പെട്ടത്. ഹരിയാനയിലെ റോത്തഗ് ജില്ലയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപമാണ് സ്യൂട്ട്‌ക്കേസ് കണ്ടെത്തിയത്.

സാംപ്ല ബസ് സ്റ്റാന്‍ഡില്‍ നിന്ന് 200 മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട്‌കേസ് ആദ്യം കാണുന്നത് യാത്രക്കാരാണ്. ഇവരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി പെട്ടി തുറന്നപ്പോള്‍, കഴുത്തില്‍ ഷാള്‍കൊണ്ട് മുറുക്കിയ രീതിയില്‍ നര്‍വാളിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തെളിവുകള്‍ ശേഖരിക്കുന്നതിനായി ഫോറന്‍സിക് സംഘത്തെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചതായി സാംപ്ല പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജേന്ദര്‍ സിങ് അറിയിച്ചു. ‘ഹിമാനിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയെങ്കിലുംവെച്ച് കൊല്ലപ്പെടുത്തിയതാകാമെന്ന് ഞങ്ങള്‍ സംശയിക്കുന്നു. സ്യൂട്ട്‌കേസ് എപ്പോള്‍ ഇവിടെ ഉപേക്ഷിച്ചുവെന്ന് കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോനെപത്തിലെ കതുര ഗ്രാമത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഹിമാനി. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലടക്കം പങ്കെടുത്ത ഇവര്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ദീപേന്ദര്‍ ഹൂഡയുടെ രാഷ്ട്രീയ പരിപാടികളിലെ സ്ഥിരസാന്നിധ്യമായിരുന്നു.

നര്‍വാളിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന്മേലുള്ള കളങ്കമാണ് ഹിമാനിയുടെ മരണമെന്നാണ് ഭൂപീന്ദര്‍ ഹൂഡ കൊലപാതകത്തില്‍ പ്രതികരിച്ചത്‌. ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായി നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേഗത്തില്‍ നീതി ഉറപ്പാക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഭരത് ഭൂഷണ്‍ ബത്ര റോഹ്തക് പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Congress worker’s body in a suitcase in Haryana