ലഖ്‌നൗ: ഉത്തർപ്രദേശിൽ ടോയ്‌ലറ്റുകളിൽ മുഗൾ ചക്രവർത്തിമാരായ ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങൾ ഒട്ടിച്ച് ഹിന്ദുത്വ സംഘം. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ പിൽഖുവ പട്ടണത്തിലാണ് സംഭവം.
ടോയ്‌ലറ്റുകളിലും മൂത്രപ്പുരകളിലും ഹിന്ദുത്വ സംഘടനകൾ പ്രമുഖ മുഗൾ ചക്രവർത്തിമാരായ ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങൾ പതിച്ചുപതിക്കുകയായിരുന്നു. കാവി സ്കാർഫ് ധരിച്ച ഒരു സംഘം മുഗൾ സാമ്രാജ്യ സ്ഥാപകൻ ബാബറിന്റെയും ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ചക്രവർത്തി ഔറംഗസേബിന്റെയും ചിത്രങ്ങൾ പൊതു ടോയ്‌ലറ്റുകളുടെയും മൂത്രപ്പുരകളുടെയും ചുവരുകളിൽ ഒട്ടിക്കുന്നത് കാണിക്കുന്ന ദൃശ്യങ്ങൾ തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ തന്നെ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
ഔറംഗസേബിന്റെയും ബാബറിന്റെയും ചിത്രങ്ങൾ ഒട്ടിച്ച ശേഷം അവർ ചിത്രങ്ങളിൽ ചെരുപ്പ് കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ ടോയ്‌ലറ്റുകളുടെ പേര് ഔറംഗസേബിന്റെയും ബാബറിന്റെയും പേരിലേക്ക് മാറ്റുന്നതായും അവർ പ്രസ്താവിച്ചു.
സമാനമായാ സംഭവം ഫെബ്രുവരി 23 ന് ഡൽഹിയിലെ അക്ബർ റോഡിലും ഉണ്ടായിട്ടുണ്ട്. അക്ബർ റോഡ് എന്നെഴുതിയ സൈൻബോർഡിൽ ഒരു കൂട്ടം ഹിന്ദുത്വ വാദികൾ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്തു. തുടർന്ന് സംഘം അതേ ബോർഡിൽ ഛത്രപതി ശിവജിയുടെ പോസ്റ്റർ പതിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നിരവധി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഇന്ത്യയിലുടനീളം ആക്രമണാത്മക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. നഗരങ്ങൾ, റോഡുകൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങളുടെയും പേരുകൾ മാറ്റാൻ അവർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുഗൾ രാജാക്കന്മാരെയും അവരുടെ ഭരണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന പാഠ പുസ്തക അധ്യായങ്ങളുടെയും പേര് മാറ്റണമെന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.
ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ പലപ്പോഴും മുസ്‌ലിം പേരുകളുള്ള നഗരങ്ങളുടെ പേര് ഹിന്ദു പേരുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചരിത്ര നഗരമായ അലഹബാദിനെ യോഗി ആദിത്യനാഥ് സർക്കാർ പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്തു. അതുപോലെ, മഹാരാഷ്ട്രയിൽ, ഔറംഗാബാദിനെ ഛത്രപതി സംഭാജി നഗർ എന്ന് മാറ്റി.
Content Highlight: UP Hindutva group paste Mughal emperors Aurangzeb, Babur photos in toilets