Entertainment
ആ ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നാലഞ്ചു പ്രാവശ്യം എ.ആര്‍ റഹ്മാന്‍ സാര്‍ പ്രാര്‍ത്ഥിക്കാന്‍ പോയി; അനുഭവം തുറന്നുപറഞ്ഞ് അല്‍ഫോണ്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 23, 07:51 am
Wednesday, 23rd December 2020, 1:21 pm

ജനപ്രിയമായ ഒരു പിടി ഗാനങ്ങള്‍ മലയാളിക്കു നല്‍കിയ സംഗീത സംവിധായകനാണ് അല്‍ഫോണ്‍സ് ജോര്‍ജ്. സംഗീത സംവിധായകനായി മാത്രമല്ല ഗായകനായും അദ്ദേഹം രംഗത്തു വന്നിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ചെറിയൊരു ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് മലയാളത്തില്‍ തിരിച്ചെത്തിയത്.

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനൊപ്പമുള്ള തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അല്‍ഫോണ്‍സ്. ഗൗതം മോനോന്റെ വിണ്ണൈ താണ്ടി വരുവായാ എന്ന് തമിഴ് ചിത്രത്തിലേക്ക് തന്നെ പാടാന്‍ വിളിച്ച അനുഭവമാണ് അല്‍ഫോണ്‍സ് പറയുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തേ തന്നെ എ.ആര്‍ റഹ്മാന്‍ കമ്പോസ് ചെയ്തു വെച്ചിരുന്നുവെന്നും എന്നിട്ടും തന്നെ വിളിച്ചത് എന്തിനാണെന്ന് ആദ്യം മനസ്സിലായെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിലെ ആരോമലെ എന്ന ഗാനം പാടാനാണ് എന്നെ വിളിച്ചതെന്ന് പിന്നീട് മനസ്സിലായി. റഹ്മാന്‍ സാറിന്റെ കമ്പോസിങ്ങ് രീതി അവിടെ നിന്നാണ് ഞാന്‍ കണ്ടറിയുന്നത്. റഹ്മാന്‍ സാറും ഞാനും കൈതപ്രവും ഒന്നിച്ചിരുന്നാണ് ആ ഗാനം കമ്പോസ് ചെയ്തത്. റഹ്മാന്‍ സാറിന്റെ ദൈവഭക്തിയും അന്ന് ഞാന്‍ കണ്ടു. ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നാലഞ്ചു പ്രാവശ്യം അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ പോവുകയായിരുന്നു, അല്‍ഫോണ്‍സ് പറയുന്നു.

ഗായകന്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പരമാവധി ഫ്രീഡം തരുന്നതാണ് റഹ്മാന്റെ കമ്പോസിങ് രീതിയെന്നും എല്ലാം കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു എന്‍ഞ്ചീയറാണ് റഹ്മാനെന്നും അല്‍ഫോണ്‍സ് പറയുന്നു.

ആരോമലേ എന്ന ഗാനത്തിന് ശേഷം വേള്‍ഡ് മ്യൂസിക് ടൂറിന് റഹ്മാന്‍ തന്നേയും കൂട്ടിയെന്നും അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നും അല്‍ഫോണ്‍സ് അഭിമുഖത്തില്‍ കൂട്ടിച്ചര്‍ത്തു. പാട്ടിനോടുള്ള തന്റെ പ്രണയത്തെക്കുറിച്ചും അല്‍ഫോണ്‍സ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Music director Alphons Joseph shares experience about A R Rahman