Entertainment
ലൂസിഫര്‍ റിലീസായിക്കഴിഞ്ഞാല്‍ നിങ്ങള്‍ കേരളം മൊത്തം തരംഗമാകുമെന്ന് അദ്ദേഹം അന്ന് പറഞ്ഞു, ഞാനത് കാര്യമാക്കിയില്ല: മുരുകന്‍ മാര്‍ട്ടിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 07:07 am
Thursday, 13th February 2025, 12:37 pm

മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍, ഇപ്പോള്‍ എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.

മാര്‍ച്ച് 27ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെ വീതമാണ് പരിചയപ്പെടുത്തുന്നത്. ആദ്യഭാഗത്തില്‍ ഉണ്ടായിരുന്നവരും അല്ലാതെ പുതിയ കുറച്ചുതാരങ്ങളെയും ഇതിനോടകം പരിചയപ്പെടുത്തിക്കഴിഞ്ഞു. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെയാണ് അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുന്നത്.

എമ്പുരാനിലെ 28ാമത്തെ കഥാപാത്രമായി പരിചയപ്പെടുത്തിയത് മുരുകന്‍ മാര്‍ട്ടിനെയാണ്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ അടുത്ത സഹായിയായിട്ടാണ് മുരുകന്‍ വേഷമിട്ടത്. മുത്തു എന്ന കഥാപാത്രത്തെയാണ് മുരുകന്‍ അവതരിപ്പിച്ചത്. എമ്പുരാനിലും താന്‍ ഭാഗമാകുന്നുണ്ടെന്നാണ് മുരുകന്‍ പറയുന്നത്.

ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം മാസ് ആയിട്ടുള്ള സീനുകളില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുരുകന്‍ പറഞ്ഞു. തന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായിരുന്നു ലൂസിഫറെന്നും ആ സിനിമ തനിക്ക് ഒരുപാട് അവസരങ്ങള്‍ തന്നെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു. ലൂസിഫര്‍ ചെയ്യുന്ന സമയത്ത് തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് മുരുകന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഷൂട്ട് കഴിഞ്ഞ് യാത്ര പറയാന്‍ നേരം ഈ ചിത്രത്തിലൂടെ താന്‍ കേരളത്തില്‍ തരംഗമാകുമെന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞൈന്നും ആ സമയത്ത് താന്‍ അത് കാര്യമാക്കിയില്ലെന്നും മുരുകന്‍ പറയുന്നു. അതെല്ലാം താന്‍ ഒരുപാട് കേട്ടിട്ടുണ്ടായിരുന്നെന്നും എന്നാല്‍ സിനിമ റിലീസായ ശേഷം പൃഥ്വിരാജ് പറഞ്ഞതുപോലെ സംഭവിച്ചെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും മുരുകന്‍ മാര്‍ട്ടിന്‍ പറഞ്ഞു.

‘ലൂസിഫറില്‍ മുത്തു എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ സാറിനൊപ്പം മാസ് ആയിട്ടുള്ള സീനുകളില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായിരുന്നു ലൂസിഫര്‍. നെടുമ്പള്ളി എന്ന മലയോരഗ്രാമത്തിലെ ജനങ്ങളുടെ പ്രതിനിധിയായാണ് മുത്തു ലൂസിഫറില്‍ എത്തിയത്. ആ കഥാപാത്രം എമ്പുരാനിലുമുണ്ട്.

എനിക്ക് ഇപ്പോഴും ഓര്‍മയുള്ള കാര്യം എന്താണെന്ന് വെച്ചാല്‍, ലൂസിഫറിന്റെ ഷൂട്ട് കഴിഞ്ഞ് സംവിധായകനോട് നന്ദി പറയാന്‍ വേണ്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. ആ സമയത്ത് ‘മുരുകന്‍, ഈ സിനിമ റിലീസായിക്കഴിഞ്ഞാല്‍ നിങ്ങള്‍ കേരളം മൊത്തം തരംഗമാകുമല്ലോ’ എന്നായിരുന്നു പറഞ്ഞത്. ഇതൊക്ക ഞാന്‍ കുറേ കേട്ടിട്ടുള്ളതാ എന്ന മൈന്‍ഡായിരുന്നു എനിക്ക്. പക്ഷേ, പൃഥ്വിരാജ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ആ സിനിമ എനിക്ക് ഒരുപാട് റീച്ചുണ്ടാക്കിത്തന്നു,’ മുരുകന്‍ പറഞ്ഞു.

Content Highlight: Murugan Martin’s character poster in Empuraan out now