ഇതുപോലുള്ള മുതലുകള്‍ ഇന്ത്യയിലുമുണ്ട്, പക്ഷേ ആരും അറിയാതെ പോകുന്നു; ചെമ്പരുന്തിനെ പോലെ പന്ത് റാഞ്ചിയെടുത്ത് അശ്വിന്‍
Sports News
ഇതുപോലുള്ള മുതലുകള്‍ ഇന്ത്യയിലുമുണ്ട്, പക്ഷേ ആരും അറിയാതെ പോകുന്നു; ചെമ്പരുന്തിനെ പോലെ പന്ത് റാഞ്ചിയെടുത്ത് അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th June 2023, 2:54 pm

കഴിഞ്ഞ ദിവസം വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ബ്രാഡ്‌ലി കറിയെടുത്ത തകര്‍പ്പന്‍ ക്യാച്ച് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. നൂറ്റാണ്ടിന്റെ ക്യാച്ചാകാന്‍ പോലും കെല്‍പുള്ള പ്രകടനമെന്നായിരുന്നു പല ആരാധകരും കറിയുടെ ആ ക്യാച്ചിനെ വിശേഷിപ്പിച്ചത്. ആ ക്യാച്ചിനോട് കിടപിടിക്കാന്‍ പോന്ന മറ്റൊരു ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയിലേക്കുയരുന്നത്. നടന്നുകൊണ്ടിരിക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിലാണ് ആ തകര്‍പ്പന്‍ ക്യാച്ച് പിറന്നിരിക്കുന്നത്.

ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് – സെയ്ചം മധുരൈ പാന്തേഴ്‌സ് മത്സരത്തിലാണ് ഡ്രാഗണ്‍സ് താരം എസ്. അരുണിനെ പുറത്താക്കാന്‍ മുരുഗന്‍ അശ്വിന്‍ ഈ ക്യാച്ചെടുത്തത്. ഗുര്‍ജാപ്‌നീത് സിങ്ങിന്റെ പന്തില്‍ തകര്‍പ്പന്‍ ഷോട്ട് കളിച്ച അരുണിനെ അതിലും തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് അശ്വിന്‍ പുറത്താക്കിയത്.

നാലാം ഓവറിലെ നാലാം പന്തിലാണ് ഈ ക്യാച്ച് പിറന്നത്. സിങ് എറിഞ്ഞ പന്ത് അരുണ്‍ ഓഫ് സൈഡിലേക്ക് ഉയര്‍ത്തിയടിച്ചു. 30 യാര്‍ഡ് സര്‍ക്കിളിന് പുറത്തേക്ക് ഉയര്‍ന്നുപൊങ്ങിയ പന്തിനെ തകര്‍പ്പന്‍ ആക്രബാക്ടിക് ക്യാച്ചിലൂടെ അശ്വിന്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സുമായാണ് അരുണ്‍ പുറത്തായത്. ടീം സ്‌കോര്‍ 32ല്‍ നില്‍ക്കവെയായിരുന്നു അരുണ്‍ മടങ്ങിയത്.

എന്നാല്‍ ഈ ക്യാച്ചിനും പാന്തേഴ്‌സിനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയെത്തിയ ബാബ ഇന്ദ്രജിത് ഒറ്റയ്ക്ക് ഡ്രാഗണ്‍സിനെ തച്ചുതകര്‍ക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാന്തേഴ്‌സ് 19.3 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 34 പന്തില്‍ നിന്നും 45 റണ്‍സ് നേടിയ ജഗദീശന്‍ കൗശിക് മാത്രമാണ് പാന്തേഴ്‌സ് നിരയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചത്. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ജഗദീശന്റെ ഇന്നിങ്‌സ്.

ജഗദീശന് പുറമെ 26 പന്തില്‍ നിന്നും 24 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സി. ഹരി നിഷാന്തിന്റെ ഇന്നിങ്‌സ് കൂടിയാണ് പാന്തേഴ്‌സിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

ഡ്രാഗണ്‍സിനായി പി. ശരവണ കുമാറും സുഭോത് ഭാട്ടിയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍, എം. മതിവന്നന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

124 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡ്രാഗണ്‍സിന് തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാരായ ശിവം സിങ് ഒമ്പത് റണ്‍സിനും വിമല്‍ കുമാര്‍ ആറ് റണ്‍സിനും പുറത്തായപ്പോള്‍ വണ്‍ ഡൗണായിറങ്ങിയ എസ് അരുണ്‍ മൂന്ന് റണ്‍സ് നേടി മടങ്ങി.

പിന്നീടായിരുന്നു എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ ഇന്ദ്രജിത്തിന്റെ തനിസ്വരൂപം പാന്തേഴ്‌സ് കണ്ടത്. മുമ്പിലെത്തിയ എല്ലാ ബൗളര്‍മാരെയും താരം അടിച്ചുതകര്‍ത്തു. 48 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടെ 78 റണ്‍സാണ് ഇന്ദ്രജിത് അടിച്ചെടുത്തത്. 22 പന്തില്‍ നിന്നും 22 റണ്‍സുമായി ആദിത്യ ഗണേഷും പിന്തുണ നല്‍കിയതോടെ ഡ്രാഗണ്‍സ് 35 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കി.

 

ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ഡ്രാഗണ്‍സിനായി. കളിച്ച രണ്ട് മത്സരവും വിജയിച്ച് നാല് പോയിന്റോടെയാണ് അശ്വിനും സംഘവും ടേബിള്‍ ടോപ്പേഴ്‌സായി തുടരുന്നത്.

ജൂണ്‍ 21നാണ് ഡ്രാഗണ്‍സിന്റെ അടുത്ത മത്സരം. ഡിഫന്‍ഡിങ് ചാമ്പ്യന്‍സായ ചെപക് സൂപ്പര്‍ ഗില്ലീസാണ് എതിരാളികള്‍.

 

Content Highlight: Murugan Ashwin’s brilliant catch in TNPL