കൊലക്കത്തി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇനിയും ആ കുഞ്ഞിനെ അപമാനിക്കരുത്: കോടിയേരി ബാലകൃഷ്ണന്‍
Kerala News
കൊലക്കത്തി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇനിയും ആ കുഞ്ഞിനെ അപമാനിക്കരുത്: കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 10:02 pm

കണ്ണൂര്‍: ധീരജിന്റെ ജീവന്‍ അപഹരിച്ച കൊലക്കത്തി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇനിയും ആ കുഞ്ഞിനെ അപമാനിക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ധീരജിന്റെ കൊലപാതകം സി.പി.ഐ.എം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ധീരജിന്റെ വീട്ടിലെത്തിയ കോടിയേരി മാതാപിതാക്കളെയും സഹോദരനേയും ആശ്വസിപ്പിച്ചു.

‘ധീര രക്തസാക്ഷി സഖാവ് ധീരജിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനേയും ആശ്വസിപ്പിച്ചു. ഇവരുടെ തീരാവേദന പകുത്തെടുക്കാന്‍ ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനം എന്നുമുണ്ടാവും.

ധീരജിന്റെ ജീവന്‍ അപഹരിച്ച കൊലക്കത്തി രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇനിയും ആ കുഞ്ഞിനെ അപമാനിക്കരുത്,’ കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. സാധാരണ ഗതിയില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ കോണ്‍ഗ്രസിന്റെ പ്രാധിനിത്യം കുറവാണെന്നും എന്നാല്‍ ഇത്തവണ അതല്ല സ്ഥിതിയെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.

‘ധീരജിന്റെ കൊലപാതകം കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ലാദമാണ്,’ സുധാകരന്‍ പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സാധാരണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എഞ്ചിനീയറിംഗ് കോളേജുകളില്‍ അങ്ങനെയുണ്ടാവറില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. എന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. വളരെ നല്ല രീതിയിലുള്ള വിജയമാണ് കോളേജ് തെരഞ്ഞെടുപ്പുകളില്‍ നേടുന്നത്,’ സുധാകരന്‍ പറഞ്ഞു.

എന്നാല്‍ സുധാകരന്റെ വിവാദ പരാമര്‍ശം കണ്ണൂര്‍ ശൈലിയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

കണ്ണൂര്‍ രാഷ്ട്രീയത്തിലെ നേതാക്കന്മാര്‍ക്ക് ഒരു ശൈലിയുണ്ട്. കണ്ണൂര്‍കാര്‍ നടത്തുന്ന പോലെയുള്ള പ്രസ്താവനയല്ല കേരളത്തിലെ മറ്റ് നേതാക്കള്‍ നടത്താറുള്ളത്.

കണ്ണൂരിലെ ഏതെങ്കിലും കൊലപാതകത്തെ മാര്‍ക്കിസിസ്റ്റ് പാര്‍ട്ടി അപലപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം വ്യക്തിപരമായി അങ്ങനെയല്ല വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: murderous politics should not insult that child anymore: Kodiyeri Balakrishnan