Kerala News
'കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ല'; മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ വീണ്ടും മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 27, 03:52 pm
Tuesday, 27th August 2019, 9:22 pm

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരും മുരളീധരനും തമ്മിലുള്ള വാക് പോര് തുടരുന്നു. നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവനക്ക് വിമര്‍ശനവുമായി എത്തിയ മുരളീധരന്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി ശശി തരൂര്‍ വട്ടിയൂര്‍കാവിലേക്ക് വരണമെന്നില്ലെന്നും മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബി.ജെ.പിയിലേക്ക് പോകാമെന്നും പറഞ്ഞിരുന്നു.

പിന്നാലെ ‘മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുള്ളത് താനാണെന്നും മൂല്യങ്ങളിലും ഭരണഘടനയിലും വിശ്വസിക്കുന്നത് കൊണ്ടാണ് താന്‍ മൂന്ന് തവണ ജയിച്ചത്. തന്റെ അഭിപ്രായത്തോട് യോജിപ്പില്ലെങ്കിലും സമീപനത്തെ ബഹുമാനിക്കണമെന്നും’ തരൂര്‍ വ്യക്തമാക്കിയിരുന്നു.

മുരളീധരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ട് എട്ടുവര്‍ഷമേ ആയുള്ളുവെന്നും തരൂര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളീധരന്‍. ശശി തരൂര്‍ തെറ്റ് മനസ്സിലാക്കണമെന്നും കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘തരൂര്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചില്ലെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം. കോണ്‍ഗ്രസില്‍ ഇരുന്ന് മോദി സ്തുതി വേണ്ട. ഇനിയും മോദി സ്തുതി തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്നും’ മുരളീധരന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു തരൂര്‍ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമാവുകയായിരുന്നു.