ഏറെ കാലമായി ഇന്ത്യന്‍ ടീമിന് പുറത്ത് നില്‍ക്കുന്ന താരമാണ് മുരളി വിജയ്. ഒരു കാലത്ത് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുരളി വിജയ് ഇന്ത്യന്‍ നിരയിലെ മികച്ച ബാറ്റര്‍ കൂടിയായിരുന്നു. ഹോം മത്സരങ്ങളിലും ഓവര്‍സീസ് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച വിജയ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മിന്നും താരവുമായിരുന്നു.
എന്നാല്‍ പിന്നീട് വിജയ്‌യുടെ പ്രകടനം മോശമാവുകയും ഒടുവില്‍ ടീമില്‍ നിന്ന് തന്നെ പുറത്താവുകയുമായിരുന്നു.
കാലങ്ങളായി ടീമിന് പുറത്ത് നില്‍ക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും ശേഷം ഇനിയെന്ത് എന്ന കാര്യത്തിലും പ്രതികരിക്കുകയാണ് മുരളി വിജയ്. ഡബ്ല്യൂ.വി രാമന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ഇക്കാര്യം പറഞ്ഞത്.
‘ബി.സി.സി.യുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്. ഇന്ത്യക്ക് പുറത്ത് കളിക്കാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. എനിക്ക് കോമ്പിറ്റിറ്റീവ് ക്രിക്കറ്റ് കളിക്കണം,’ വിജയ് പറഞ്ഞു.
ഇന്ത്യക്ക് പുറത്ത്, ഇംഗ്ലണ്ടില്‍, കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. കൗണ്ടിയില്‍ എസെക്‌സിന്റെ താരമായിരുന്നു മുരളി വിജയ്.
ഇന്ത്യക്കൊപ്പം 61 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച വിജയ് 3928 റണ്‍സ് നേടിയിട്ടുണ്ട്. 17 ഏകദിനത്തില്‍ നിന്നും 339 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
താരങ്ങളോടുള്ള ആളുകളുടെയും മീഡിയകളുടെയും ചിന്താഗതി മാറണമെന്നും 30 വയസ് കഴിഞ്ഞ താരങ്ങളെ 80 കഴിഞ്ഞവരാക്കിയാണ് ഇവര്‍ ചിത്രീകരിക്കുന്നതെന്നും വിജയ് പറഞ്ഞു.
‘പല താരങ്ങളും 30 വയസ് പിന്നിട്ടാല്‍ 80 വയസ് കഴിഞ്ഞവരെ പോലെയാണ് നിങ്ങള്‍ കാണുന്നത്. മാധ്യമങ്ങളും ഇക്കാര്യം മറ്റൊരു രീതിയില്‍ വേണം പരിഗണിക്കാന്‍. എനിക്ക് മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
എന്നാല്‍ എനിക്ക് വളരെ കുറവ് അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അവരെ എനിക്ക് പുറത്ത് നിന്നും നോക്കി നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്.
എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ മാത്രമേ എനിക്ക് ഇനി ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിയന്ത്രിക്കാന്‍ സാധിക്കാത്തിനെ എനിക്ക് ഒരിക്കലും നിയന്ത്രിച്ച് നിര്‍ത്താന്‍ പറ്റില്ല. സംഭവിച്ചതെന്തോ അത് സംഭവിച്ചു,’ വിജയ് പറഞ്ഞു.