വിദ്യാര്‍ഥികളുടെ സുരക്ഷയുറപ്പാക്കാന്‍ പര്‍ദ്ദ നിരോധിച്ച്  സ്‌കൂള്‍ അധികൃതര്‍; പ്രതിഷേധവുമായി രക്ഷിതാക്കള്‍
Hijab ban
വിദ്യാര്‍ഥികളുടെ സുരക്ഷയുറപ്പാക്കാന്‍ പര്‍ദ്ദ നിരോധിച്ച്  സ്‌കൂള്‍ അധികൃതര്‍; പ്രതിഷേധവുമായി രക്ഷിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th December 2017, 12:14 pm

മുംബൈ: സുരക്ഷാപ്രശ്‌നങ്ങള്‍ ഉന്നയിച്ച് സ്‌കൂളില്‍ പര്‍ദ്ദ നിരോധിച്ച സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. മുമ്പ്രാ സ്‌കൂള്‍ അധികൃതരാണ് സ്‌കൂളില്‍ പര്‍ദ്ദ, ഹിജാബ് എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മുഖം പുറത്തുകാണുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ മാത്രമേ സ്‌കൂളില്‍ ധരിക്കാവു എന്നും, കുട്ടികളുടെ സുരക്ഷയ്ക്കായാണ് ഈ നടപടിയെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബൂര്‍ഖ ധരിച്ചെത്തുന്ന പല കുട്ടികളും ക്ലാസ്സില്‍ കയറുന്നില്ലെന്നും ഇതില്‍ പല രക്ഷിതാക്കളും പരാതി രേഖപ്പെടുത്തിയിരുന്നതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയതെന്നും സ്‌കൂള്‍ ട്രസ്റ്റിയായ കമല്‍രാജ് ഡിയോ അറിയിച്ചു.

മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളില്‍ പര്‍ദ്ദ ധരിച്ചെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ മത വിശ്വാസങ്ങള്‍ക്ക് നേരേയുള്ള കടന്നുകയറ്റമാണ് സ്‌കൂള്‍ അധികൃതരുടെ നടപടിയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. തങ്ങള്‍ മുഖം പുറമേ കാണുന്ന രീതിയിലാണ് ബൂര്‍ഖ ധരിക്കുന്നതെന്നും അതുകൊണ്ട തന്നെ പര്‍ദ്ദക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ പറഞ്ഞു.  അതേസമയം

സുരക്ഷപ്രശ്‌നങ്ങളുടെ പേരില്‍ മാത്രമാണ് നിരോധനമെന്നും ആരുടെയും മതവികാരത്തെ ഹനിക്കാന്‍ അല്ല ഈ തീരുമാനമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.